News Desk

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു

keralanews four year old girl died mother accused of beating in kollam parippally

കൊല്ലം:പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു.പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുംവഴി നില വഷളായി. ഇതെത്തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ടപിടിച്ച പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഒരുദിവസം മുൻപ് അടികൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനു ശേഷമായിരിക്കും തുടര്‍നടപടിയെന്നും പോലിസ് അറിയിച്ചു.

അതേസമയം കുട്ടിയെ വടി വെച്ച്‌ ഇന്നാണ് അടിച്ചതെന്നാണ് അമ്മ പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് നേരത്തേ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ശരീരത്തിലെ പാടുകള്‍ക്ക് ഒരു ദിവസത്തെ പഴക്കമുണ്ടെന്നുമാണ്.കുട്ടിയെ യുവതി നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും നഴ്‌സ് ആയിരുന്നതുകൊണ്ട് തന്നെ ഈ രീതിയില്‍ മര്‍ദ്ദിക്കും എന്ന വിവരം അറിയില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു.അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു.രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

കൂടത്തായി ദുരൂഹമരണകേസ്;രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍

keralanews koodathayi mysterious death two more in custody

കോഴിക്കോട് :കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകവുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോളി,ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജുവലറി ജീവനക്കാരന്‍ മാത്യു എന്നിവർക്കുപുറമെ  ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു,ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.ഷാജുവും മാത്യുവും രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്നു രാവിലെയാണ് ജോളിയെ കസ്റ്റഡിയില്‍ എടുത്തത്.മാത്യു ജോളിയുടെ ബന്ധു ആണെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് പോലീസ് വീട്ടിലെത്തി ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതിനാല്‍ ഇന്ന് വൈകിട്ടു തന്നെ അറസ്റ്റുണ്ടായേക്കും. ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ്, ഇവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച്‌ ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്

കൂടത്തായിയിലെ ദുരൂഹമരണങ്ങൾ;മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ

keralanews mysterious deaths in koodathayi jolly thomas wife of roy in police custody

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നത് വ്യക്തമാകൂ. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നു൦ അത് നല്‍കിയത് ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.വടകര എസ്പി ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുന്ന ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ റോയിയുടെ ഭാര്യ ജോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.ഇവരെ സഹായിച്ച ഒരാള്‍ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അഞ്ച് തവണയാണ് ജോളിയുടെ മൊഴി രേഖപ്പെടുത്തിയത്.സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക കാരണമാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.16 വര്‍ഷം മുൻപാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ്‌ ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്‌. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം നടക്കുന്നത്‌.

രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ‘തേജസ് എക്സ്പ്രസ്’ സര്‍വീസ് ആരംഭിച്ചു

keralanews indias first private train tejas express launched

ലഖ്‌നൗ: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ‘തേജസ് എക്‌സ്പ്രസ്’ സര്‍വീസ് നടത്തുന്നത്. ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) മേല്‍നോട്ടത്തിലാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസ്.മറ്റു നഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്ന സംരംഭങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗി പറഞ്ഞു. തേജസ് എക്‌സ്പ്രസിലെ ആദ്യ യാത്രക്കാര്‍ക്ക് യോഗി ആശംസകള്‍ നേര്‍ന്നു. രാവിലെ 6.10ന് ലഖ്‌നൗവില്‍ നിന്നും പുറപ്പെട്ട് 12.25ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തും. 6 മണിക്കൂറും 15 മിനിറ്റുമെടുത്താണ് ഈ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെസമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്.

മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസിടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാം. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. എസി ചെയറിന് 1125 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല. വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുൻപുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ സംഖ്യയും തിരികെ ലഭിക്കും. ആര്‍എസി. ടിക്കറ്റ് ആണെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും.

കുറ്റിപ്പുറം റെയിൽവേ പാലത്തിന് മുകളില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

keralanews many injured when bus overturns in railway overbridge in kuttippuram

കുറ്റിപ്പുറം:റെയില്‍വേപാലത്തിന് മുകളില്‍ സ്വകാര്യ മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.15 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍നാലുപേരുടെ പരിക്ക് ഗുരുതരമാണ്. രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് അപകടത്തില്‍പെട്ടത്.യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയില്‍വേ ട്രാക്കിലേക്ക് വീണു.ബസ് ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.നാട്ടുകാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്റെ കൊല; പ്രതി സ്വവര്‍ഗ പങ്കാളി;കൊലപ്പെടുത്തിയത് കഴുത്തറുത്ത്

keralanews the murder of scientist in isro police arrested gay sex partner

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ്‌കുമാറിന്റെ (56)കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യനായ ജനഗമ ശ്രീനിവാസനാണ് (39) അറസ്റ്റിലായത്. മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ശ്രീനിവാസിനെ പോലീസ് കുരുക്കിയത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിറ്റി പൊലിസ് പറഞ്ഞു.സ്വവര്‍ഗരതിക്കുശേഷം ആവശ്യപ്പെട്ട പണം സുരേഷ്‌കുമാര്‍ നല്‍കാത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി ശ്രീനിവാസന്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു താമസം. ഇതു മനസിലാക്കിയാണ് ശ്രീനിവാസ് അദ്ദേഹത്തെ സമീപ്പിക്കുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ഈ ബന്ധം സ്ഥാപിച്ചത്.ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററില്‍ സാങ്കേതിക വിദഗ്ധനായ സുരേഷ്‌കുമാര്‍ ഹൈദരാബാദില്‍ തനിച്ചാണ് താമസം.കുടുംബം ചെന്നെയിലാണ്. സെപ്റ്റംബര്‍ 30ന് രാത്രി 9.30ന് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ കത്തി ഉപയോഗിച്ച്‌ സുരേഷ്‌കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.സുരേഷ് കുമാറിന്റെ രണ്ട് സ്വര്‍ണ മോതിരങ്ങളും സെല്‍ഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്ന് കണ്ടെടുത്തു.ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്.2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച്‌ പോയത്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്.

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ച സംഭവം;കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന;സംശയം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്

keralanews six members of a family died in koodathayi received evidence confirming the murder

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച്‌ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത് നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.എന്നാൽ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.  ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകള്‍ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഏറ്റവുമൊടുവില്‍ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറല്‍ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് കൂടത്തായിയില്‍ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചു.

ഹാമര്‍ ത്രോ മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു;ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് മാറ്റിവെച്ചു

keralanews student was seriously injured during the hammer throw match and the junior athletic meet was postponed

കോട്ടയം:പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയർ അത്ലറ്റിക്ക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്.പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ആസില്‍ ജോൺസനാണ് പരിക്കേറ്റത്. തലയിൽ ഹാമര്‍ കൊണ്ട് പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അപകടത്തെ തുടർന്ന് ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിവെച്ചു.മീറ്റിനിടെ ഒരു മത്സരാര്‍ഥി എറിഞ്ഞ ജാവലിന്‍ മാറ്റുന്നതിനിടെ മത്സരത്തിന്റെ വളണ്ടിയറായ അഫീലിന്റെ തലയില്‍ മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ഹാമര്‍ പതിച്ചായിരുന്നു അപകടം.ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും ഒരേ സമയം മത്സരം സംഘടിപ്പിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.എന്നാല്‍ സംസ്ഥാന അത് ലറ്റിക് അസോസിയേഷന്‍ ട്രഷറര്‍ ആര്‍ രാമചന്ദ്രന്‍ ഇക്കാര്യം നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ പാനൂരിൽ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിലായി

keralanews three arrested in kannur panoor with black money and drugs

കണ്ണൂർ:പാനൂരിൽ ഒരുകോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിലായി.വാഹന പരിശോധനക്കിടെ പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തില്‍ നിന്നാണ് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍,കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട്‌കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ട്‌കെട്ടുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരില്‍ നിന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ഗുളികകളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

കോ​ട​ഞ്ചേ​രി​ പ​ള്ളി​യി​ലെ ക​ല്ല​റ​ക​ള്‍ തു​റ​ന്നു;ആദ്യം തുറന്നത് സി​ലി​യു​ടെ​യും പ​ത്തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ട​ക്കി​യ ക​ല്ല​റ

keralanews crime branch opened the graves in kodencheri church first opened the graves of sily and her ten months old baby

കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്ന നടപടി തുടങ്ങി.പള്ളിയിലെത്തിയ പോലീസും ഫോറൻസിക് വിദഗ്ദ്ധരും അടങ്ങിയ സംഘം സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണു ആദ്യം തുറന്നത്.ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്കരിച്ചത്.കൂടത്തായിയില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുറത്തെടുത്തത്.റൂറല്‍ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷമാണു കല്ലറകള്‍ തുറന്നത്. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.2002-ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണു മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകന്‍ അമേരിക്കയില്‍ ജോലിയുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകള്‍ക്കു പുറമേ ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നത്.മരിച്ചവരുടെ സ്വത്തുകള്‍ തട്ടിയെടുക്കാന്‍ യുവതി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.പല ബിസിനസുകാരുമായും ഇവർ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായും സൂചനയുണ്ട്.

വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്‍റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍ എന്നിവരാണു ദുരൂഹ സാഹചര്യത്തില്‍ പലപ്പോഴായി മരിച്ചത്. അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുടെ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആണെന്ന നിഗമനത്തില്‍ ഇതില്‍ അന്വേഷണമൊന്നും നടന്നില്ല. ടോം തോമസ് 2008 ഓഗസ്റ്റിലാണ് മരിച്ചത്, റോയ് തോമസ് 2011 സെപ്റ്റംബറിലും. ഇതിനു പിന്നാലെ മാത്യുവും മരിച്ചു. സിലിയും കുഞ്ഞും 2014ല്‍ ആണ് മരിച്ചത്. എല്ലാവരുടെയും മരണം കുഴഞ്ഞുവീണായിരുന്നു. ഹൃദയ സ്തംഭനം എന്ന നിഗമനത്തിതല്‍ അന്വേഷണമോ മറ്റു പരിശോധനകളോ നടന്നിരുന്നില്ല.റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്നു സൂചനകളുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്.ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച്‌ ഏതാനും ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു. സ്വത്തു തട്ടിയെടുക്കാന്‍ നടന്ന കൊലപാതകങ്ങളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.