കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ വ്യക്തമാക്കി.
കൂടത്തായി ദുരൂഹ മരണ പരമ്പര;റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം
കോഴിക്കോട്:കൂടത്തായി ദുരൂഹ മരണ പരമ്പരയിൽ റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ധരിച്ചിരുന്ന തകിട് നൽകിയ മന്ത്രവാദിയെ തേടി അന്വേഷണ സംഘം.അതേസമയം വാര്‍ത്ത പുറത്ത് വന്നതോടെ റോയിക്ക് ഏലസ് നൽകിയെന്ന് കരുതുന്ന കട്ടപ്പനയിലെ മന്ത്രവാദി മുങ്ങി.ഇയാളുടെ ജീവിതരീതി തികച്ചും ദുരൂഹമാണെന്നാണ് നാട്ടുകാര്‍തന്നെ പറയുന്നത്. ഏലസ്സും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. റോയ് തോമസുമായും ജോളിയുമായും ഇയാള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ജോളി കട്ടപ്പന സ്വദേശിയാണ്. മാത്രമല്ല പോന്നമറ്റം വീടിന് ദോഷമുണ്ടെന്നും അതാണ് തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നതെന്ന് ജോത്സ്യന്‍ പറഞ്ഞതായും ജോളി അയല്‍ക്കാരോട് നേരത്തെ പറഞ്ഞിരുന്നു.റോയി മരിക്കുമ്പോള്‍ കയ്യില്‍ തകിടും പാന്റിന്റെ പോക്കറ്റില്‍ ഒരു പൊതിയില്‍ എന്തോ പൊടിയും ഉണ്ടായിരുന്നു. തകിട് നല്‍കിയ മന്ത്രവാദിയുടെ വിലാസവും പോക്കറ്റിലുണ്ടായിരുന്നു. അന്ന് ഇതെല്ലാം കോടഞ്ചേരി പൊലീസിന്റെ പക്കലെത്തിയതാണ്. കേസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ജോളി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വിട്ടുനല്‍കി. ഈ പൊടി സിലിക്ക് നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്.മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ലെങ്കിലും മന്ത്രവാദിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ മന്ത്രവാദി അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടില്ല.അതേസമയം റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്ത് ചെല്ലുമോയെന്നും പരിശോധിക്കും.
മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ഗുരുതരപരിക്ക്
മലപ്പുറം: വണ്ടൂരില്‍ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.വണ്ടൂര്‍ ടൗണ്‍ പരിസരത്തെ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുവെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നായ ആക്രമണം തുടര്‍ന്നു.തലയിലും മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശരീരമാസകലം പരിക്കുകളുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി.
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ
കോഴിക്കോട്:ദേശീയതലത്തില്‍ ശ്രദ്ധ നേടി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു.ചിത്രത്തില്‍ നായകനായി എത്തുന്നത് നടനവിസ്മയം മോഹന്‍ലാല്‍ ആണ് എന്ന് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. സമകാലികമായി കൂടത്തായി കൊലപാതകം വാര്‍ത്തയായതോടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യകഥ ഉപേക്ഷിക്കുകയും.കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൂടത്തായി കൊലപാതക സംഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആണ് വിവരം പുറത്തുവിട്ടത്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാവും ഈ സിനിമ തയ്യാറാക്കുക. എന്നാല്‍ ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കാള്‍ പ്രാധാന്യമുള്ളത് കൂട്ടക്കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോളി എന്ന കഥാപാത്രമാണ്. ആ വേഷം ചെയ്യാന്‍ ഏതു നടിയാണ് തയ്യാറാവുന്നത് എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കുകയാണ് ഇപ്പോള്‍. ഊഹാപോഹങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അപ്പുറം ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.
കൂടത്തായി കൊലപാതക പരമ്പര;ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം
കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്.അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യും.
പാലാരിവട്ടം പാലം അഴിമതി;ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്‍റഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോർപറേഷൻ അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്.ജാമ്യാപേക്ഷ സമര്‍പ്പിച്ച നാലു പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി കിറ്റ്‌കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍;തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചു
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍.തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായുള്ള പുതിയ വിവരം പോലീസിന് ലഭിച്ചു.ജയശ്രീ തന്നെയാണ് ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മകളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുവെന്നു തന്നെ വിളിച്ചറിയിച്ചതു ജോളിയാണ്. രണ്ടു വട്ടം ഇങ്ങനെയുണ്ടായി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ജയശ്രീ പോലീസിന് മൊഴി നല്‍കി.വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീയാണെന്ന രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു.ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയ ജയശ്രീ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.ജയശ്രീയുടെ മകളടക്കം അഞ്ചു പെണ്‍കുട്ടികളെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പോലീസ് അറിഞ്ഞിരുന്നു.വീട്ടുകാരുടെ വിശദമൊഴിയും രേഖപ്പെടുത്തി.ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.
മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ നിന്നും വിജയിച്ച എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.കെ.എം മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ മാണി.സി.കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്.
നാദാപുരം വളയത്ത് ശക്തമായ ഇടിമിന്നൽ; കയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു;വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു;മൂന്നുപേർക്ക് പരിക്ക്
നാദാപുരം:നാദാപുരം വളയം മേഖലയിൽ ഇടിമിന്നലില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.വളയം അച്ചം വീട്ടിലെ തോട്ടത്തില്‍ സുനില്‍(42), ഭാര്യ ഭീഷ്മ(38) അയല്‍വാസി കല്ലുള്ള പറമ്പത്ത് സുധ(44) എന്നിവര്‍ക്ക് പരിക്കേൽക്കുകയും വീടിന് നാശനഷ്ടങ്ങളും ഉണ്ടായി.കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് ശക്തമായ മഴയോടൊപ്പമാണ് മിന്നല്‍ അനുഭവപ്പെട്ടത്.മിന്നലില്‍ വീടിനകത്തായിരുന്ന സുനിലിന്റെ കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. മിന്നലിന്റെ ആഘാതത്തില്‍ സുനിയും ഭാര്യയും തെറിച്ചു വീണു. വീട്ടിലെ വയറിങ്ങും വൈദ്യുത ഉപകരണങ്ങളും നശിച്ചു.വീട്ടുമുറ്റത്ത് രണ്ട് സ്ഥലങ്ങളിലായി കുഴി രൂപപ്പെട്ടു. മിന്നലില്‍ പരിക്കേറ്റവരെ വളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മറ്റു വീടുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഉള്ളില്‍ പറമ്പത്ത് അശോകന്‍, വളയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിസി ലക്ഷ്മി എന്നിവരുടെയും വീടുകളില്‍ നാശനഷ്ടമുണ്ടായി.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്.അതിനായി ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.റൂറല്‍ എസ്പി കെ.ജി. സൈമണായിരിക്കും ഇതിന്‍റെ ഏകോപന ചുമതല.അന്വേഷണ സംഘത്തിന്‍റെ വിപുലീകരണത്തെക്കുറിച്ച് നേരത്തെ ഡിജിപി സൂചന നല്‍കിയിരുന്നു.11 പേരാണ് അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളത്. ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് കേസിലെ നിര്‍ണായക വഴിത്തിരിവുകള്‍ കണ്ടെത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ്ജിന്‍റെ റിപ്പോര്‍ട്ടാണ്.പുതിയ ആറു സംഘങ്ങളെ രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്‍ധര്‍, അന്വേഷണ വിദഗ്‍ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും കഴിവു തെളിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്ബതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് വർഷങ്ങളുടെ ഇടവേളകളിൽ ഒരേ സാഹചര്യത്തിൽ മരണപ്പെട്ടത്.