News Desk

കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് അഡ്വ.ആളൂർ

keralanews all-the-deaths-in-koodathayi-were-suicides-said-advocate-aloor

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.എന്നാൽ സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ വ്യക്തമാക്കി.

‘ശ്രീറാമിന്റെ വാക്കുകൾ പച്ചക്കള്ളം;നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല’;ശ്രീറാമിനെതിരെ വഫ ഫിറോസ് രംഗത്ത്

keralanews sreeram is lying vafa firoz is against sriram venkitaraman
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ക്കെതിരെ വഫ ഫിറോസ് രംഗത്ത്.ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. എന്തൊക്കെയാണോ താന്‍ പറഞ്ഞത് അതെല്ലാം സത്യമാണെന്നും വഫ പറഞ്ഞു.’ശ്രീറാമിന്റെ സ്റ്റേറ്റ്മെന്റില്‍ വഫയാണ് ഡ്രൈവ് ചെയ്തതെന്നാണ് പറയുന്നത്. എന്തു കാരണത്താലാണ് അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുന്നത് എന്നറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു.അവരുടെയൊക്കെ മൊഴി. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതൊക്കെ എവിടെ..?ഞാനൊരു സാധാരണക്കാരിയാണ് എനിക്ക് പവറില്ല. എനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല. അദ്ദേഹത്തിന്റെ പവര്‍ ഉപയോഗിച്ച്‌ എന്തുവേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാം. ഞാനെന്താണോ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നു’,വഫ പറയുന്നു.
അപകടം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ചീഫ് സെക്രെട്ടറിക്ക് നൽകിയ വിശദീകരണ കുറിപ്പിൽ ശ്രീറാം വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് വഫ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.അതേസമയം, കേസില്‍ ശ്രീറാമിന്റെ സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ബോധപൂര്‍വ്വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്.

കൂടത്തായി കൂട്ടക്കൊല; പ്രതികളെ 6 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

keralanews koodathyi murder accused in police custody for six days

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊല കേസ് പ്രതികളായ ജോളിയേയും മറ്റ്‌ രണ്ടുപേരേയും 6 ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയാണ്‌ കസ്‌റ്റഡിയില്‍ വിട്ടത്.താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.ഇവരെ ഇന്ന്‌ രാവിലെ കനത്ത സുരക്ഷയിലാണ്‌ കോടതിയില്‍ എത്തിച്ചത്‌.മാധ്യമങ്ങളോട്‌ ജോളി പ്രതികരിച്ചില്ല.കേസ് ഇനി പതിനാറാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.പോലീസിന്റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല.15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക.അതേസമയം ജോളിക്കായി അഭിഭാഷകന്‍ ബിഎ ആളൂര്‍ ഹാജരായേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജൂനിയറാണ് വക്കാലത്ത് ഒപ്പിടാന്‍ എത്തിയത്. മൂന്ന് പ്രതികളെയും ഇന്ന് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

കൊച്ചിയില്‍ പെണ്‍കുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാന്‍ പദ്ധതിയിട്ടു;പിന്നിൽ കേസ് കൊടുത്തതിന്റെ പക

keralanews oung man who set fire to a girl was planning to kill everyone reason behind attack is filing case against him

കൊച്ചി: തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ് വണ്‍കാരിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുന്‍ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തിയത്.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന്‌ തീവച്ച്‌ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.അർധരാത്രി വീട്ടിലെ കതകിൽ മുട്ടിയ മിഥുന് ദേവികയുടെ അച്ഛൻ ഷാലനാണ് മുന്‍വശത്തെ വാതില്‍ തുറന്നുകൊടുത്തത്.തുടര്‍ന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്ന് വീടിന്റെ മുന്‍വശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാള്‍ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേര്‍ക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടന്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.നിമിഷനേരം കൊണ്ട് മിഥുന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ദേഹത്തേക്കും തീ പടര്‍ന്നു.മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദേവികയുടെ അച്ഛനും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്.

എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ പ്രേമാഭ്യര്‍ത്ഥനയുമായി ദേവികയെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ മിഥുനും ദേവികയുടെ അമ്മ മോളിയും തമ്മിൽ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മോളി രണ്ടു ദിവസം മുന്‍പ് കാക്കനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന്‌ തീവച്ച്‌ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയല്‍വാസിയും പറയുന്നു. ഇതിന് മുന്‍പും മിഥുന്‍ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവര്‍ രണ്ടുപേരും തമ്മില്‍ ബുധനാഴ്ച വൈകുന്നേരം വാക്കുതര്‍ക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.

എലിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് തന്റെ പക്കൽ നിന്നും സയനൈഡ് വാങ്ങിക്കൊണ്ടുപോയതെന്ന് കൂടത്തായി കൊലപാതക്കേസിൽ അറസ്റ്റിലായ പ്രജികുമാർ

keralanews prajikumar who arrested in koodathayi murder case said mathew purchased cyanide for killing rats

കോഴിക്കോട്:എലിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് തന്റെ പക്കൽ നിന്നും മാത്യു സയനൈഡ് വാങ്ങിക്കൊണ്ടുപോയതെന്ന് കൂടത്തായി കൊലപാതക്കേസിൽ അറസ്റ്റിലായ പ്രജികുമാർ. കേസിൽ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്.അതേസമയം പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ നിരവധി പേര്‍ക്ക് അനധികൃതമായി സയനൈഡ് നല്‍കിയതായി പോലീസ് കണ്ടെത്തിയിരുന്നു. നേരത്തേ തനിക്ക് മാത്യുവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് മുൻപ് ഇയാൾ ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിയുടെ ഗൂഢാലോചനയെപ്പറ്റി തനിക്ക് യാതൊന്നും അറിയില്ലെന്നും പ്രജികുമാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു. അതേസമയം പ്രജികുമാറിന്റെ പക്കൽ നിന്നും ജോളിക്ക് സയനൈഡ് നല്‍കിയ എംഎസ് മാത്യുവും അറസ്റ്റിലാണ്. മൂന്ന് പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

കൂടത്തായി കൊലപാതകങ്ങളില്‍ വീണ്ടും ജോളിക്കെതിരെ വെളിപ്പെടുത്തല്‍; അയൽവാസിയുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന സംശയവുമായി സഹോദരി

keralanews new disclosure against jolly in koodathayi murder suspected that jolly has involved in the death of her neighbor

കോഴിക്കോട്:കൂടത്തായിയിലെ കൊലപാതകങ്ങളില്‍ വീണ്ടും ജോളിക്കെതിരെ വെളിപ്പെടുത്തല്‍.അയൽവാസിയായ ബിച്ചുണ്ണിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയവുമായി അദ്ദേഹത്തിന്റെ സഹോദരി.ബിച്ചുണ്ണിയുടെ മരണം സമാന രീതിയിലെന്നാണ് ഇവർ പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ പേര്‍ ഇനിയും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയല്‍വാസിയും പ്ലംബറുമായ ബിച്ചുണ്ണിയുടെ മരണം സമാന രീതിയില്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തല്‍ എത്തിയത്. മരണത്തില്‍ സംശയമുണ്ടെന്ന് ബിച്ചുണ്ണിയുടെ സഹോദരി ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.ജോളിയുടെ ആദ്യഭര്‍ത്താവ് റോയി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആളുകൂടിയാണ് ബിച്ചുണ്ണി. ഇതിന് ശേഷമാണ് മറ്റ് മരണങ്ങള്‍ പോലെ ബിച്ചുണ്ണിയും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് മരിച്ചത്. സഹോദരി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടത്തായി കൊലപാതക പരമ്പര;മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

keralanews koodathayi murder case three accused produced in the court today

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരകേസിൽ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.. താമരശ്ശേരി ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ എത്തിക്കുക.സുരക്ഷ ഒരുക്കണമെന്ന് ജയില്‍ സൂപ്രണ്ട് പോലീസിനെ അറിയിച്ചു.പ്രതികളെ ഇന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയേക്കും.കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യ ജോളിയമ്മ ജോസഫ് (ജോളി), കുടുംബസുഹൃത്ത് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (ഷാജി), സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയില്‍ മുള്ളമ്പലത്തിൽ വീട്ടില്‍ പൊയിലിങ്ങല്‍ പ്രജികുമാര്‍ എന്നിവരെയാണു കുടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നത്.റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ ഇന്നലെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(2)യില്‍ അപേക്ഷ സമര്‍പ്പിച്ചു.രണ്ടാംപ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നത്തേക്കു മാറ്റി.

കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അനുമതി

keralanews reserve bank approval for formation of kerala bank

തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി.13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് യാഥാർത്ഥ്യമാകുക.കേരള ബാങ്കിന്‍റെ ഭാഗമാകാൻ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ഇനിയും അവസരമുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള കേസുകളുടെ തീർപ്പിന് വിധേയമായാകും ലയനം നടത്തുക. കേരള പിറവി ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.നേരത്തെ തത്വത്തിൽ അംഗീകാരം നൽകിയ റിസർവ് ബാങ്ക് 19 ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പൂർത്തീകരിച്ച് പുതിയ അപേക്ഷ സമർപ്പിച്ചതോടെയാണ് ബാങ്ക് യാഥാർഥ്യമാക്കുന്നതിന് ആർ.ബി.ഐ പച്ചക്കൊടി കാണിച്ചത്. ബാങ്ക് രൂപീകരണത്തിന് മുന്നോട്ട് പോയപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ എതിർപ്പാണ് കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്.

വിശദീകരണം തൃപ്തികരമല്ല;മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 60 ദിവസത്തേക്ക് കൂടി നീട്ടി

keralanews the explanation is not satisfactory the suspension period of sriram venkitaraman extended to 60days

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്.എന്നാല്‍ വിശദീകണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്.ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തില്‍ ശ്രീറാം നിഷേധിക്കുകയാണ്. മദ്യപിക്കാത്ത ആളാണ് താനെന്നും അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ ശ്രീറാം ആവര്‍ത്തിക്കുന്നത്. മദ്യപിച്ച്‌ വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു;പൊള്ളലേറ്റ യുവാവും മരിച്ചു

keralanews plus one student dies as youth set her on fire in kochi kakkanad

കൊച്ചി:കൊച്ചി കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  യുവാവ് തീകൊളുത്തി കൊന്നു. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക(പാറു,17 വയസ്സ്) ആണ് മരിച്ചത്.പൊള്ളലേറ്റ യുവാവും മരിച്ചു.പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.സുഹൃത്തിന്റെ ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മുഥുന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ ദേവിക സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍വച്ചാണ് മിഥുൻ മരിച്ചത്.മിഥുന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിഥുന്‍ പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.