കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്. ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു.ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്.
കാസർകോഡ് ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു
കാസർകോഡ്:കാസർകോഡ് വിദ്യാനഗറില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു.കൊല്ലം സ്വദേശി പ്രമീളയുടെ മൃതദേഹത്തിനായാണ് ചന്ദ്രഗിരി പുഴയിൽ തെരച്ചില്‍ നടത്തുന്നത്. പ്രമീളയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി ഭര്‍ത്താവ് സെല്‍ജോ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലായിരുന്ന സെല്‍ജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ മാസം 19ന് ഭാര്യയെ കാണാനില്ലെന്ന് സെല്‍ജോ പൊലീസിന് പരാതി നല്‍കിയിരുന്നു. സെല്‍ജോയുടെ മൊഴിയിലെ വൈരുദ്ധ്യത്തിൽ നിന്നാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസെത്തിയത്.
മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം:തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് യുവതിക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൂടത്തായി കൊലപാതക പരമ്പര;ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദർശിച്ചു;പ്രതികളെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളി ജോസഫ് അടക്കം കസ്റ്റഡിയിലുള്ള മൂന്നു പ്രതികളേയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തേക്കും. കൊലപാതക കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തി. മൂന്നു കൊലപാതകങ്ങള്‍ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് ബെഹ്റ സന്ദര്‍ശിച്ചു.ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുന്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമേ കൂടത്തായിയിലേക്കു പോകുകയുള്ളുവെന്നാണു നേരത്തെ ഡിജിപി അറിയിച്ചിരുന്നത്.ശാസ്ത്രീയമായ അന്വേഷണത്തിനാകും മുന്‍ഗണന നല്‍കുക. ശാസ്ത്രീയമായ എല്ലാ അന്വേഷണ മാര്‍ഗങ്ങളും ഇതില്‍ സ്വീകരിക്കും. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. വിശദമായ ഫോറന്‍സിക് പരിശോധനകള്‍ അടക്കം വേണ്ടി വരുമെന്നും ഡിജിപി പറഞ്ഞു. കേസില്‍ വിദഗ്ധ സഹായത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു. അതേസമയം മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍.ഐ.ടി പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്നമ്മയും ടോം തോമസും റോയി തോമസും മരിച്ച കൂടത്തായിലെ പൊന്നാമറ്റം വീടിലെത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്.
സിലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് മൂന്നുതവണ; ഷാജുവിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും ജോളി
കോഴിക്കോട്: ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി. ഇതേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണ്. രണ്ടു തവണ കൊലപാതക ശ്രമം പരാജയപ്പെട്ടുവെന്നും ജോളി പറയുന്നു.ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. 2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഷാജു ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ പുറത്തിരിക്കുകയായിരുന്ന സിലി ജോളി കൊടുത്ത വെള്ളം കുടിച്ചതോടെ കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ജോളി വിളിച്ചത് അനുസരിച്ച് ആശുപത്രിയില്‍ എത്തിയ സിലിയുടെ സഹോദരന്‍ കാണുന്നത് കാറില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന സിലിയെ ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിലിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഷാജുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ, കൂടത്തായി മരണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അന്നമ്മ, ടോം തോമസ്, മഞ്ചാടി മാത്യൂ, റോയ് തോമസ് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശേരി സ്‌റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാത്യുവിന് സയനൈഡ് നൽകിയത് മദ്യത്തിൽ കലർത്തി;ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി
കോഴിക്കോട്:തന്റെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അമ്മാവന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തൽ.മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തെപ്പോഴാണ് ജോളി ഇക്കാര്യം പോലീസിനോടു പറഞ്ഞത്. മാത്യുവും താനും ഒരുമിച്ചിരുന്ന് മദ്യം കഴിച്ച മുറി ജോളി പോലീസിന് കാണിച്ചുകൊടുത്തു. അവിടെവെച്ചാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി അന്വേഷണസംഘത്തോടു പറഞ്ഞു.മുൻപും മാത്യുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചും പൊന്നാമറ്റത്തെ വീട്ടില്‍ വെച്ചും മദ്യപിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊലപാതക പാരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്കൊപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവാണ് സയനൈഡ് എത്തിച്ചു കൊടുത്തത്. ഈ സയനൈഡ് റോയ് തോമസിന്റെ അമ്മാവനായ മാത്യുവിന് മദ്യത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.നേരത്തെ റോയ് തോമസിന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു.
കൂടത്തായി കൊലപാതക പരമ്പര;തെളിവെടുപ്പ് തുടരുന്നു;ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുവാനായി അന്വേഷണ സംഘം ഇന്ന് പ്രതികളുമായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ നിര്‍ണായക തെളിവുകളായ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന കുപ്പി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് പോലീസ്.ഇതിനായി ജോളി അത് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം പൊലീസ് പരിശോധിക്കുകയാണ്.ഇതിനിടെ പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ് വിവരം. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ജോളിയുടെ മക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ ഇവര്‍ അന്വേഷണസംഘത്തിനു കൈമാറി.റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേലേക്ക് ബസ് പാഞ്ഞുകയറി ഏഴുപേർ മരിച്ചു
ബുലന്ദ്ശഹര്‍:ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേലേക്ക് ബസ് പാഞ്ഞുകയറി ഏഴുപേർ മരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഗംഗാഘട്ടിന് സമീപത്താണ് സംഭവം നടന്നത് . ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.നരൗര ഘട്ടില്‍ ഗംഗാ സ്നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ ഏഴംഗ സംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിലിനിടയില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൂടത്തായി കൊലപാതക പരമ്പര; ജോളിയെ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു;മൂന്നു പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു.ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് കീടനാശിനിയാണ് ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്.
അതേസമയം ജോളി ഉൾപ്പെടെയുള്ള പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് പൊന്നാമാറ്റം വീട്ടിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജോളി മൊഴി നൽകിയിരുന്നു.ഇത് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്.ജോളി ജോലി ചെയ്തിരുന്നെന്ന് അവകാശപ്പെടുന്ന കോഴിക്കോട് എൻഐടി ക്യാമ്പസിനു സമീപത്തുള്ള ഫ്ലാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തും.കേസിൽ ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു,പ്രജുകുമാർ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുൻപോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം.
ബില്ലടച്ചില്ല;കാസർകോഡ് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി
കാസര്‍കോട്: അധികൃതര്‍ ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് കാസർകോഡ് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി.ഇതോടെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി പേര്‍ ബുദ്ധിമുട്ടി.സാധാരണ അതത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ലാ കളക്ടര്‍ സമ്മതിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. സെപ്റ്റംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തീയതിയും വന്നതോടെ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു.ഇതോടെയാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.