തൃശൂർ:തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം.ആക്രമണത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഘം യൂബര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി തിരിച്ചു ചോദിച്ചപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് സംഘം പിന്തുടര്‍ന്നെങ്കിലും കാലടിയില്‍വെച്ച് ഇവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കൂടത്തായി കൊലപാതകക്കേസ്;പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു
കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു.വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയാണ് റോജോ തോമസ് മൊഴി നൽകുന്നത്.കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ.തിങ്കളാഴ്ച രാവിലെയാണ് അമേരിക്കയില്‍ നിന്ന് റോജോ നാട്ടിലെത്തിയത്.അന്വേഷണ സംഘം ആവശ്യപ്പെട്ടതിനനുസരിച്ചാണ് മൊഴി നല്‍കാന്‍ റോജോ എത്തിയത്.എസ്പി ഓഫീസില്‍ റോജോയുടെയും റോയിയുടെയും സഹോദരി രെഞ്ചിയുടെയും റോയിയുടെ മകന്‍ റോണോയുടെയും ഒപ്പമാണ് റോജോ എത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്.മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാമെന്ന് റോജോ പ്രതികരിച്ചു.കുടുംബത്തിലെ കൊലപാതകങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയം തുടങ്ങിയത് തുടങ്ങിയ ഒരുപാട് ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്താന്‍ റോജോയുടെ മൊഴി പോലീസിനെ സഹായിക്കും.
പീഡന പരാതി;ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് 2021ലേക്ക് മാറ്റി

കാശ്മീരില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി സൈനികന് വീരമൃത്യു.അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് ബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്ളാദിന്റേയും ശ്രീകലയുടെയും മകനാണ് അഭിജിത്ത്.കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് വീരമൃത്യു വരിച്ചത്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.
കൂടത്തായി കൊലപാതക പരമ്പര;മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടില്‍ രാത്രി വൈകിയും തെളിവെടുപ്പ് നടത്തി;വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടില്‍ രാത്രി വൈകിയും തെളിവെടുപ്പ് നടത്തി.ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്.കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തിയത്.രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നൽകുയായിരുന്നു. സ്വയം ജീവനൊടുക്കാനായാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത്.അതേസമയം തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണിവരെ പോലീസ് ജോളിയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ എന്നിവരെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. പത്ത് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടുക്കിയിലെത്തി ജോളിയുടെ കുടുംബാംഗങ്ങളില്‍ നിന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാറില്‍ നിന്നു മൊഴിയെടുത്തിട്ടുണ്ട്. മറ്റന്നാള്‍ ജോളിയുടെ കസറ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ദിലീപിന് ദൃശ്യങ്ങള്‍ കാണാം,പകര്‍പ്പ് കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടി;പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കു എന്ന് ദിലീപ്
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പരാതിക്കാരിയായ നടി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കര്‍ശന ഉപാധികളോടെയാണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.ദിലീപിനെ ദൃശ്യങ്ങളെ കാണിക്കാമെന്ന് വ്യക്തമാക്കിയ നടി അവയുടെ പകര്‍പ്പ് നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ സ്വകര്യതയെ മാനിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം.മെമ്മറി കാര്‍ഡിന്‍റ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.ദൃശ്യങ്ങള്‍ തന്‍റെ കയ്യില്‍ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് നല്‍കണം. വാട്ടര്‍ മാര്‍ക്കിട്ടാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങള്‍ തന്‍റെ പക്കലും തന്‍റെ അഭിഭാഷകന്‍റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങള്‍ നല്‍കരുത് എന്ന മുന്‍ നിലപട് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു. എല്ലാവരുടെയും വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യത്തില്‍ ഉടന്‍ സുപ്രീംകോടതി ഒരു തീരുമാനം എടുത്തേക്കും.നിലവില്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍
സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര്‍ ദുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍കൈ എടുത്തത്. ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്‌തെന്ന് സമിതി വിലയിരുത്തി.കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്.ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1988ല്‍ പി എച്ച് ഡി കരസ്ഥമാക്കി. അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹ സ്ഥാപകനാണ്.നൊബേല്‍ സമ്മാനം പങ്കിട്ട എസ്തര്‍ ദുഫ്‌ലോയാണ് അഭിജിത്തിന്റെ ഭാര്യ.നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ എസ്തര്‍.
റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി:റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി.എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ മറുപടി നല്‍കിയത്.2017-18 സാമ്പത്തിക വര്‍ഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥികൾ മരിച്ചു
കാസർകോഡ്:മംഗളൂരുവിലെ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥികൾ മരിച്ചു.കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയുമാണ് എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിയും കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണന്‍ – ജ്യോതി ദമ്പതികളുടെ മകനുമായ വിഷ്ണു (21), മംഗളൂരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയും നെല്ലിക്കുന്ന് ചേരങ്കൈയിലെ സുബാഷ് – ജിഷ ദമ്പതികളുടെ മകളുമായ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഞായറാഴ്ച പുലര്‍ച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയ നൈരാശ്യമായിരിക്കാം മരണകാരണമെന്നാണ് മംഗളൂരു പോലീസ് പറയുന്നത്.
കൂടത്തായി കൂട്ടക്കൊലപാതക കേസ്;ജോളിയുടെ ഭര്‍ത്താവ് ഷാജു,ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയുടെ ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.ഇവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.അന്വേഷണ സംഘം നേരത്തെയും ഷാജുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ ഭാര്യ സിലിയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുപേരോടും ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം മുതലുള്ള എല്ലാകാര്യവും ഷാജുവിന് അറിയാമെന്നാണ് ജോളി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. അതിനെക്കുറിച്ചും ഷാജുവിനോട് ഇന്ന് പൊലീസ് ചോദിക്കും. ഒരേ വിഷയത്തില്‍ ജോളിയും, ഷാജുവും, സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമാണ്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ സംശയമുന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ തോമസ് നാട്ടിലെത്തി.ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു.റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്. വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്.