കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു.എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.ഇവരുടെ യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് കനത്ത മഴ;താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്;ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനത്തു.പുലര്‍ച്ചെ മുതല്‍ ചെയ്യുന്ന മഴയില്‍ മിക്കയിടത്തും വെള്ളം കയറി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂര്‍,കൊല്ലം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പ്രതിസന്ധിയിലായി. പല ബൂത്തുകളിലും വെള്ളം കയറി വോട്ടെടുപ്പ് വൈകുകയാണ്.
നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.ഒക്ടോബര്‍ 21 നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മാസമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് അവസാനമാകുന്നത്.രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തും.വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോടു കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്‍എസ്‌എസ്-സിപിഎം നേര്‍ക്കുനേര്‍ നില്‍ക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി എന്‍എസ്‌എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോന്നിയില്‍ യുഡിഎഫില്‍ നിന്ന് കെ മോഹന്‍രാജന്‍, എല്‍ഡിഎഫില്‍ നിന്ന് കെ യു ജനീഷ് കുമാര്‍, എന്‍ഡിഎയില്‍ നിന്ന് കെ സുരേന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.ശബരിമല തന്നെയാണ് കോന്നിയില്‍ പ്രധാന ചര്‍ച്ചാവിഷയം.അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.ബഹുഭാഷ മണ്ഡലമായ മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളവര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 86 വോട്ടുകളുടെ നഷ്ടത്തിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിജെപി.
തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിയുടെ വക്കീലായ ആളൂരിനെ വേണ്ട;ആളൂരിനെ ഏർപ്പാടാക്കിയത് ആരാണെന്ന് അറിയില്ലെന്നും ജോളി
കോഴിക്കോട്:തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ബിഎ ആളൂരിനെ വേണ്ടെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി.സഹോദരനാണ് വക്കീലിനെ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളി ഇക്കാര്യം പറഞ്ഞത്.സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ ജോളി തന്നെ തള്ളിപ്പറയുന്നതെന്നാണ് ആളൂര്‍ പറയുന്നത്.എന്തുകൊണ്ട് ജോളി ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല എന്നും ആളൂര്‍ ചോദിച്ചു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ അഭിഭാഷകര്‍ ജോളിയെ കണ്ട് സംസാരിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്നായിരുന്നു ആളൂര്‍ മുൻപ് പറഞ്ഞിരുന്നത്.
സംസ്ഥാനത്ത് തുലാവർഷം കനത്തു;അമ്പൂരിയിൽ ഉരുൾപൊട്ടൽ
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചു.വരും നാളുകളിലും കനത്ത മഴ തുടരും.മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ ജില്ലക്കിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കുന്നത്തുമല ഓറഞ്ചുകാടില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായമൊന്നുമില്ലെങ്കിലും കനത്ത കൃഷി നാശവും ഒരേക്കര്‍ കൃഷിഭൂമി ഒലിച്ച് പോയെന്നാണ് വിവരം.ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇന്നലെ വൈകിട്ടോടെയാണ് അപ്രതീക്ഷതമായി ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. കോട്ടൂരിലെ അഗസ്ത്യവന മേഖലയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുകി പോയി. ശക്തമായ വെള്ളപാച്ചിലിലൂടെ കാറില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ വെള്ളത്തിലായത്. തുടര്‍ന്ന് അതിസാഹസികമായി നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്ത് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കൂടത്തായി കൊലക്കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തത്.കേസിലെ മുഖ്യ പ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കോടതി ഒരു ദിവസത്തേയ്ക്ക് ഇവരെ റിമാന്‍ഡില്‍ വിട്ടത്.
കൊല്ലത്ത് സ്കൂളിലെ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് കുഴിയിൽ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
അഞ്ചല്‍: കൊല്ലം ഏരൂരില്‍ സ്കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ആരുടെയും പരിക്ക് ഗുരുതരമല്ല.ഉച്ചയ്ക്ക് ശേഷമാണ് സംഭവം.സ്കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നാണ് മാലിന്യ ടാങ്കുള്ളത്. ഈ ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടായില്ല. സംഭവമുണ്ടായതിന് പിന്നാലെ സ്കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്തു. പോലീസും സ്ഥലത്തെത്തി. തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടത്തായി കൊലപാതക കേസ്;മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി
കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി.വടകര റൂറല്‍ എസ്പി ഓഫിസിലാണ് ഹാജരായത്.തലശ്ശേരിയില്‍ നിന്നും രണ്ടു പേരോടൊപ്പം ഓട്ടോറിക്ഷയിലാണ് അതീവരഹസ്യമായി റാണി റൂറല്‍ എസ്പി ഓഫീസില്‍ എത്തിയത്. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാല്‍ തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു റാണി ഇത്രയും ദിവസമെന്നാണ് സൂചന. അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.ജോളിയുടെ എന്‍ഐടി ജീവിതത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്കു കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ പൊലിസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ഇവരിലേക്കും കൂടി വ്യാപിപ്പിച്ചത്.എന്നാൽ ഒളിവിൽ പോയ യുവതിക്കായി പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് യുവതി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരിക്കുന്നത്.എന്‍ഐടി പരിസരത്ത് യുവതി തയ്യല്‍ക്കട നടത്തിയിരുന്നു.ഈ തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും;വ്യാപക നാശനഷ്ടം
കോഴിക്കോട്:ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും.പലയിടത്തും വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂര്‍ പാത്തിപ്പാറ മലയില്‍ ഉരുള്‍പൊട്ടി റോഡ് ഉള്‍പ്പെടെ തകര്‍ന്നു. ബാലുശേരി കണ്ണാടിപാറയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.മലവെള്ള പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.കൊയിലാണ്ടി പാവുകണ്ടി ഭാഗത്ത് 14 കുടുംബങ്ങളെ തൃക്കുറ്റിശേരി യുപി സ്കൂളിലേക്ക് മാറ്റി. പനങ്ങാട്, പാത്തിപ്പാറമല എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി. പാത്തിപ്പാറമലക്ക് സമീപം വ്യാപമായ കൃഷിനാശമുണ്ടായി. പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
കൂടത്തായി കൊലപാതക പരമ്പര;സിലിയുടെ കൊലപാതകത്തിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം.ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.നിലവില്‍ റോയി തോമസിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകുന്നേരം നാലുമണിക്ക് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.ജോളിയുടെ എന്‍ഐടി ബന്ധത്തെ സംബന്ധിച്ച ദൃശ്യങ്ങളും മറ്റും ലഭിച്ചതിനാല്‍ ഇതിനെ കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണംപുരോഗമിക്കുന്നത്.ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ യുവതി നിലവില്‍ ചെന്നൈയിലെന്നാണ് സൂചന.