കണ്ണൂർ:ഇരിട്ടി ഉളിക്കല്ലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരംവീണ് യുവാവ് മരിച്ചു.വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു (29) ആണ് മരിച്ചത്.ഇരിട്ടി ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍ പീടികയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡരികിലുണ്ടായിരുന്ന മരം ബൈക്കില്‍ പോവുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.മരത്തിനടിയില്‍പ്പെട്ട യുവാവ് തല്‍ക്ഷണം മരണത്തിന് കീഴടങ്ങി.എടൂർ സെന്റ്മേരീസ് എല്‍പി സ്‌കൂള്‍ അധ്യാപികയായ സൗമ്യയാണ് ഭാര്യ. മക്കള്‍ റിയ, ക്രിസ്റ്റി. ശവസംസ്‌കാരം മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തൽ തകർന്നു വീണു;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാസര്‍കോട്: ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കൊളത്തൂരില്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന്റെ പന്തലാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ പ്രധാനസ്റ്റേജിന് മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ പന്തൽ തകർന്നുവീഴുകയായിരുന്നു. അതോടൊപ്പം സ്റ്റേജും നിലംപതിച്ചു. അപകടത്തില്‍ ഒരു അദ്ധ്യാപകന് പരിക്കേറ്റിട്ടുണ്ട്.പന്തലില്‍ ഉണ്ടായവര്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കലോത്സവ പന്തല്‍ തകര്‍ന്നിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായതിനാല്‍ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടു കൂടിയാണ് സ്റ്റേജിതര പരിപാടികള്‍ ആരംഭിച്ചത്.
കോട്ടയം മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം:ദേശീയപാതയിൽ മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികര്‍ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശ്ശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.
അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.വെള്ളിയാഴ്ച പകല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല.എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മരട് ഫ്ലാറ്റ് വിവാദം;ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകണം,നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി.എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു.ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്‌ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി.സംസ്ഥാന സര്‍ക്കാര്‍ പണം ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെആവശ്യം കോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.
മലപ്പുറത്ത് മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം:മലപ്പുറത്ത് മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ വ്യാഴാഴ്ച്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്.വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.അതേസമയം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുൻപ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊലപാതകം നടന്നതെന്നാണ് ഫിറോസ് ആരോപിക്കുന്നത്. ഒരാഴ്ച മുൻപാണ് പി.ജയരാജന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്‌അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മൺസൂൺ ബംപര്‍ ലോട്ടറി;അഞ്ചുകോടി രൂപ സമ്മാനമടിച്ച ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി
കണ്ണൂര്‍:മണ്‍സൂണ്‍ ബംപര്‍ 5 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി.കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റ് മറ്റൊരാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു.ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്റെ പരാതി. വന്‍തുകയുടെ ടിക്കറ്റ് ആയതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ലോട്ടറി വിറ്റ ഏജന്റില്‍ നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 20നാണ് മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് നടന്നത്. ME 174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.പോലീസ് കേസെടുത്ത സ്ഥിതിക്ക് അജിതന് ഒന്നാം സമ്മാനം കൈമാറുന്നത് മരവിപ്പിക്കാനാണു സാധ്യത.
കനത്ത മഴ;കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.മധ്യകിഴക്കന്‍ അറബിക്കടലിനുമുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി രൂപംപ്രാപിച്ച് കര്‍ണാടകതീരത്തേക്കടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരമേഖലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗോവ മേഖലകളില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ മംഗളൂരുവില്‍ ശക്തമായ കാറ്റും മഴയുമുണ്ടായതിനാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പി.യു.സി. (പ്ലസ് ടു) വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതി;കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലന്‍സ്.ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോര്‍ട്ട്. എട്ടേകാല്‍ കോടി മുന്‍കൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം. കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയുടെ എംഡി സുമിത്‌ഗോയല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഇവരുടെ ജാമ്യം എതിര്‍ത്ത് കൊണ്ടു നല്‍കിയ കത്തിലാണ് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മിക്കാനുള്ള കമ്പനിക്ക് മുന്‍കൂറായി 8.4 കോടി നല്‍കിയത് മന്ത്രിയുടെ അനുമതിയോടെയാണെന്നാണ് നേരത്തേ ടി ഒ സൂരജ് ആരോപിച്ചത്.
കൂടത്തായി കൊലപാതകം;ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിതീകരണം
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സയനൈഡ് കണ്ടെത്തിയത്.സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്.ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് കാറിനുള്ളില്‍ വെച്ചാണ് നടത്തിയത് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.
അതേസമയം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.രാവിലെ വടകരയില്‍ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭര്‍തൃവീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.ഇവിടെ ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം നേരെ പൊന്നാമറ്റത്തെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു.തുടര്‍ന്ന് പൊന്നാമറ്റത്തുനിന്നും താമരശേരിയിലെ ദന്താശുപത്രിയിലേക്ക്. താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പുറത്തേക്ക്.സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.