തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാലിന് പണിമുടക്കും.ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പുനഃസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരം.കെഎസ്‌ആര്‍ടിസി ഡ്രൈവേഴ്സ് യൂണിയനും വര്‍ക്കേഴ്സ് യൂണിയനും ഉള്‍പ്പെട്ട ടിഡിഎഫാണ് നവംബര്‍ നാലിന് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ നാലിന് അര്‍ദ്ധരാത്രി വരെയാണ് സമരമെന്ന് ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പന്‍ അറിയിച്ചു.
വാളയാര്‍ കേസ്;അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം, പ്രോസിക്യൂട്ടറെ മാറ്റും
തിരുവനന്തപുരം:വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂട്ടറെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായി. തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട്:അട്ടപ്പാടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രണ്ട് മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചത്. തുടർന്ന് ശേഷിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പുറത്തെത്തിച്ച് ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്.AK 47 നുൾപ്പടെ ആറ് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മാവോയിസ്റ്റുകൾ ഇപ്പോഴും പരിസരത്ത് ഉണ്ടെന്നതിനാൽ പ്രദേശത്ത് നിന്ന് തണ്ടർബോൾട്ട് പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല. കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉന്നതതല കൂടിയാലോചനക്ക് ശേഷം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് പൊലീസ് തീരുമാനമെടുക്കും. ഏറ്റുമുട്ടൽ സംബന്ധിച്ച് മജിസ്ട്രീരിയൽ അന്വേഷണവും പ്രഖ്യാപിച്ചേക്കും.
വാളയാറിലെ സഹോദരിമാരുടെ മരണം;സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ
വാളയാർ:വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു.കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ഇവർ പറഞ്ഞു. ഇളയമകള്‍ നല്‍കിയ മൊഴി എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടാഞ്ഞതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസും വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ ഉത്തരത്തിൽ ലുങ്കി മുറുകിയിരുന്നില്ല. കുട്ടിക്ക് സ്വന്തമായി മുകളിൽ കയറി തുങ്ങി മരിക്കാൻ കഴിയില്ല. കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചു; നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി മരിച്ചു.നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം.കുട്ടിയുടെ മരണത്തില്‍ ഹോസ്റ്റൽ വാര്‍ഡനെതിരെ പോലീസ് സെടുത്തു.രണ്ടാഴ്ച മുൻപാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിയെ തല്ലിയത്. മര്‍ദ്ദനത്തിനിടെ പരിക്കേറ്റ കുട്ടിയെ വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിനിടെ കുട്ടിയുടെ വയറ്റില്‍ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഹോസ്റ്റല്‍ അധികൃതര്‍ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണപ്പെട്ടു.
പോലീസ് കുറ്റപത്രം വൈകിച്ചു;യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി.രണ്ടു കേസിലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കുത്തുകേസിലാണ് പ്രതികള്‍ക്കെതിരെ ആദ്യം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. അതിനുശേഷം പി.എസ്.സി തട്ടിപ്പുകേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. കുത്തുകേസ് അന്വേഷിച്ചിരുന്നത് ലോക്കല്‍ പോലീസും പി.എസ്.സി അന്വേഷിച്ചിരുന്നത് ക്രൈം ബ്രാഞ്ചുമാണ്. കുത്തുകേസില്‍ കഴിഞ്ഞമാസം തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചുരുന്നു. പി.എസ്.സി തട്ടിപ്പിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയില്‍ മോചിതരാവുന്നത്. അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഇവര്‍ക്കും കുറ്റപത്രം വൈകുന്നതിനാല്‍ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.
അട്ടപ്പാടി ഉള്‍വനത്തില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു
പാലക്കാട്:അട്ടപ്പാടി ഉള്‍വനത്തില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് വെടിവെയ്പ്പ്.ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.ഒരു മാവോയിസ്റ്റ് നേതാവ് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മണിവാസകം ആണ് ഇന്നു മരിച്ചത്.അതേസമയം, ഇന്ന് രാവിലെയും അട്ടപ്പാടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍നിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികള്‍ പറഞ്ഞു.കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ വനത്തിനുള്ളിലേക്ക് ചിതറിയോടിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. മാവോയിസ്റ്റുകളുടെ പക്കല്‍ കൂടുതല്‍ ആയുധങ്ങള്‍ ഉള്ളതായുമാണ് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ ദിവസത്തെ വെടിവയ്പില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ഡല്‍ഹിയിലെ സർക്കാർ ബസ്സുകളില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര
ന്യൂഡൽഹി:ഡല്‍ഹിയിലെ സർക്കാർ ബസ്സുകളില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് പദ്ധതി. ഇത് പ്രകാരം 10 രൂപയുടെ പിങ്ക് ടിക്കറ്റ് വനിത യാത്രക്കാര്‍ക്ക് കണ്ടക്ടര്‍മാര്‍ നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. ഡല്‍ഹി സര്‍ക്കാര്‍ സര്‍വ്വീസിലെയോ ലോക്കല്‍ സര്‍വ്വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സര്‍വീസ് ഉപയോഗിച്ചാല്‍ അവര്‍ക്ക് യാത്രാ അലവന്‍സ് ലഭിക്കില്ല.സ്ത്രീ സുരക്ഷക്കായി 13,000 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.ഇതില്‍ 6,000 പേര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, എക്‌സ് സര്‍വീസ്‌മെന്‍, ഹോംഗാര്‍ഡ് വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ത്യാഗ്രാജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രോഗികളെ സഹായിക്കുന്നതിനും യാത്രയ്ക്കിടെ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.വീടുകളില്‍ എങ്ങനെയാണോ അതുപോലെ സര്‍ക്കാര്‍ ബസ്സുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ജൂണിലാണ് ബസ്സുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാങ്കേതികപ്രശ്‌നമുള്ളതിനാല്‍ മെട്രോയിലെ സൗജന്യയാത്രാ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കും.സൗജന്യയാത്രാ പദ്ധതിക്കായി 290 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയത്. ഇതില്‍ ഡിടിസി ബസ്സുകള്‍ക്ക് 90 കോടിയും ക്ലസ്റ്റര്‍ ബസ്സുകള്‍ക്ക് 50 കോടിയും മെട്രോ ട്രെയിനുകള്‍ക്ക് 150 കോടിയുമാണ് നീക്കിവച്ചിരുന്നത്.
സംസ്ഥാനത്ത് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപാരികള്‍ ഇന്ന് കടകളടച്ച് പണിമുടക്കുന്നു.പഴയ വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം.പണിമുടക്കുന്ന വ്യാപാരികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ട്രേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുന്‍ നിലപാടുമായി മുന്നോട്ട് പോയാല്‍ പലരും കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്.2011 മുതൽ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുകയടയ്ക്കാൻ വ്യപാരികൾക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്.പല തവണ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.കടയടപ്പ് സമരം കൊണ്ട് ഫലമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദീൻ അറിയിച്ചു.28 ലക്ഷം രൂപ ജിഎസ്‍ടി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിൽപ്പന നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇന്നലെ റബ്ബര്‍ വ്യാപാരി തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്തിരുന്നു.സാമ്പത്തികമായി തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും തുക മത്തായി ഡാനിയേലിന് അടയ്ക്കാൻ കഴിയില്ലായിരുന്നുവെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് എ ജെ ഷാജഹാൻ ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യചെയ്യതെന്നും വ്യാപാരി വ്യവസായിഏകോപനസമിതി ജില്ലാനേതൃത്വം ആരോപിച്ചിരുന്നു.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് സമരം.
ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു;സുഹൃത്തുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ടിക് ടോക് സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുണ്‍( 20), മട്ടന്നൂര്‍ ശിവപുരം സ്വദേശി എം. ലിജില്‍ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്.ടിക് ടോകിലൂടെ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനാണ് അരുണ്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിവരം.സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.ഈ മാസം പതിനേഴിന് വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.സ്കൂളിൽ അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്ക് പോയിട്ടില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തി.തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. കേസില്‍ പ്രതിയായ അരുണ്‍ പെണ്‍കുട്ടിയെ മൂന്നാര്‍, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിവരം ലഭിച്ചു. കോവളത്ത് ഹോട്ടല്‍ ജീവനക്കാരനാണിയാള്‍.