News Desk

വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലും

keralanews presence of pesticides in spices more found in cumin seed and fennel

തിരുവനന്തപുരം:സംസ്ഥാനത്ത് വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടടനാശിനിയുടെ സാന്നിധ്യം.ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇവയെന്നാണ് കണ്ടെത്തല്‍.കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്.ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്ബ് എന്നിവയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി.ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്‍, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല .വെള്ളായണി കാര്‍ഷിക കോളേജിലെ എന്‍എ.ബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

വാളയാർ കേസിൽ സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

keralanews high court said cbi probe cannot be considered now in walayar case

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്.പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്.കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോള്‍ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ പുകമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍;പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിട്ടു

keralanews severe air pollution in delhi declared public health emergency schools closed until tuesday

ന്യൂഡല്‍ഹി:ഡൽഹിയിൽ പുക മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍.ഇതോടെ  ഡല്‍ഹി- എന്‍.സി.ആര്‍ മേഖലയില്‍ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സുപ്രിംകോടതി സമിതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.നവംബര്‍ അഞ്ചു വരെ മേഖലയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ട്.ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ പരിസ്ഥിതി മലിനീകരണ (നിയന്ത്രണ) അതോറിറ്റി നിരോധന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുക മലനീകരണം അതീവ ഗുരുതരാവസ്ഥയിലാണെന്നും ആളുകളെ, പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ക്കറിയിച്ച കത്തില്‍ പറയുന്നു.സ്‌കൂള്‍ കുട്ടികള്‍ക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 50 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. മറ്റുള്ളവരോടു മാസ്‌ക് ധരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.വായു നിലവാര സൂചിക ക്യൂബിക് 426 ആണ്. മനുഷ്യന് സ്ഥാപിക്കാവുന്ന നിലവാരം 200 ആണ്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.

ഒ​​​റ്റ ക്ലി​​​ക്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​വി​​​ടെ​​​യും ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ള്‍​​ക്ക് ടാ​​​ക്സി ലഭ്യമാകുന്ന ‘കേര ക്യാബ്‌സ്’ സംരംഭത്തിന് ഇന്ന് തുടക്കം

keralanews taxi in one click keracab online taxi service project starts from today

കണ്ണൂര്‍: സര്‍ക്കാര്‍ അംഗീകരിച്ച വാടകയ്ക്ക് ഒറ്റ ക്ലിക്കില്‍ കേരളത്തിലെവിടെയും ഉപയോക്താക്കള്‍ക്ക് ടാക്സി ലഭ്യമാക്കുന്ന ‘കേര ക്യാബ്‌സ്’ എന്ന ഓണ്‍ലൈന്‍ ടാക്സി സംരംഭത്തിന് ഇന്ന് തുടക്കം.നൂറ് ശതമാനം തൃപ്തികരമായ സേവനങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കേര കാബ്സ്’ എന്ന സംരംഭത്തിലൂടെ മറ്റു കമ്പനികൾ കൈയടക്കിയ ടാക്സി മേഖലയില്‍ തൊഴിലാളികള്‍ കേരളപ്പിറവി ദിനത്തില്‍ മാറ്റത്തിന് ഒരുങ്ങുകയാണ്.’സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ചുരുങ്ങിയ വാടകയില്‍ സുരക്ഷിതമായ യാത്ര ചെയ്യാമെന്നതാണ് കേരകാബ്സിന്‍റെ പ്രത്യേകത. യാത്രയ്ക്കിടയില്‍ ഏതെങ്കിലും വിധത്തില്‍ തടസമുണ്ടായാല്‍ കേരകാബ്സിന്‍റെ മറ്റൊരു ടാക്സി വന്ന് തുടര്‍ യാത്രയ്ക്കുള്ള സൗകര്യം ലഭ്യമാക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരകാബ്സിന്‍റെ കീഴില്‍വരുന്ന ഐ.ഡി കാര്‍ഡോടു കൂടിയ ടാക്സി ഡ്രൈവര്‍മാര്‍ക്ക് റെസ്റ്റ് ഹൗസ് സൗകര്യം ഏര്‍പ്പെടുത്തും.കണ്ണൂരില്‍ റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.’- പദ്ധതിയുടെ ചെയർമാൻ ഹസന്‍ അയൂബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഉടന്‍ തന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തും. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരകാബ്സില്‍ 4,000 പേര്‍ക്ക് വരെ ഓഹരി ഉടമകളാവാം. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ കേരകാബ്സ് സംരംഭത്തിന് കീഴില്‍ 600 ടാക്സി തൊഴിലാളികളാണുള്ളത്. പത്രസമ്മേളനത്തില്‍ വിനീത് തലശേരി, പി.വി. ഷാജി, പി.വി. സജീര്‍ തളിപ്പറമ്ബ് എന്നിവര്‍ പങ്കെടുത്തു.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കേരകാബ്സ് (keracabs) ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ടാക്സികളുടെ ലഭ്യത, വാടക തുടങ്ങിയവയും ഉപയോക്താക്കള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കും. വാടക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം. നിലവില്‍ ആയിരത്തിനടുത്ത് ഷെയര്‍ ഹോള്‍ഡര്‍മാരുണ്ട്. ഷെയര്‍ എടുക്കാത്തവര്‍ക്കും ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപ്‌ലോഡ് ചെയ്ത് സംരംഭത്തിന്‍റ ഭാഗമാകാം.

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ആരോപണങ്ങള്‍ നിഷേധിച്ച്‌ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

keralanews incident of bineesh basttin insulted anil radhakrishna menon refuses the allegations

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന യൂണിയന്‍ പരിപാടിക്കിടെ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച്‌ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രംഗത്ത്. താന്‍ മൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.സാധാരണ കോളജ് പരിപാടികള്‍ക്ക് പങ്കെടുക്കാറില്ല. എന്നാല്‍ അവര്‍ നിര്‍ബന്ധിച്ചതിനാലാണ് പങ്കെടുത്തത്. ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി.
അനില്‍ രാധാകൃഷ്ണ മേനോന്‍റെ വിശദീകരണം:
പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ യൂണിയന്‍ ദിനാഘോഷത്തില്‍ മാഗസിന്‍ റിലീസിനു വേണ്ടിയാണ് എന്നെ ക്ഷണിക്കുന്നത്. സാധാരണ കോളജ് പരിപാടികള്‍ക്കു പങ്കെടുക്കാത്ത ആളാണ് ഞാന്‍. ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു. അവര്‍ വീണ്ടും നിര്‍ബന്ധിച്ചു. ചടങ്ങിന് മറ്റാരെങ്കിലും ഉണ്ടോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞു. ഇങ്ങനെയുള്ള പരിപാടികള്‍ക്കു വേണ്ടി ഞാന്‍ പ്രതിഫലം മേടിക്കാറില്ല. മറ്റ് ആരെയെങ്കിലും ഇവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പ്രതിഫലം മുടക്കണ്ടല്ലോ എന്നു ആഗ്രഹിച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. പക്ഷേ ആരും ഇല്ലെന്ന് ഉറപ്പുപറഞ്ഞു. പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന്. അപ്പോള്‍ എന്നെ ഒഴിവാക്കണെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച്‌ ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്‍റെ സാമീപ്യം എനിക്ക് പ്രശ്‌നമാണെന്ന് പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്‍റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

keralanews the relatives of maoist manivasakam who killed in attappadi forest identifies his deadbody

തൃശൂർ:പാലക്കാട് അട്ടപ്പാടി ഉൾവനത്തിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണിവാസകത്തിന്റെ സഹോദരങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് സഹോദരങ്ങള്‍ ആരോപിച്ചു.മൃതദേഹത്തില്‍ തൊടാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാനായില്ലെന്ന് സഹോദരന്‍ പറഞ്ഞു.രാത്രി 9 മണിയോടെയായിരുന്നു കാര്‍ത്തിയുടെയും മണിവാസകന്റെയും ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിയത്. എന്നാല്‍ ഇവരോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.പിന്നീട് പൊലീസ് മോര്‍ച്ചറി പരിസരത്തെത്തി സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ മൃതദേഹം കാണാന്‍ അനുവദിച്ചു. കാര്‍ത്തിയുടെ സഹോദരന്‍ മുരുകേഷ്, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഇവരുടെ ഭര്‍ത്താവ്, മണിവാസ കത്തിന്റെ സഹോദരന്റെ മകന്‍ എന്നിവരാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇന്‍ക്വസ്റ്റ് സമയത്തെ കാര്‍ത്തിയുടെ ചിത്രങ്ങള്‍ കാണണമെന്ന് സഹോദരന്‍ പറഞ്ഞു.തിരിച്ചറിഞ്ഞ മാണിവാസകത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.അതേസമയം ഇവര്‍ക്കൊപ്പം തന്നെ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അരവിന്ദന്റേയും രമയുടേയും മൃതദേഹങ്ങള്‍ കാണാന്‍ അനുമതി തേടി ഇതുവരെയും ബന്ധുക്കള്‍ എത്തിയിട്ടില്ല.

നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍;വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ നടന്‍ ബിനീഷ് ബാസ്റ്റിന്‍

keralanews director anil radhakrishna menon refuses to share the stage with actor bineesh basttin

പാലക്കാട്: കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന് ആരോപണം. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ അനില്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ തന്നെ ഒഴിവാക്കുവാന്‍ ശ്രമിച്ചെന്ന് ബിനീഷ് ബാസ്റ്റിൻ ആരോപിച്ചു.വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങില്‍ അനിലിനെ മാഗസിന്‍ പ്രസിദ്ധീരിക്കുവാനും ബിനീഷിനെ മുഖ്യാതിഥിയുമായാമാണ് സംഘാടകര്‍ ക്ഷണിച്ചത്. ചടങ്ങിന് ഒരുമണിക്കൂര്‍ മുൻപ് ബിനീഷ് താമസിച്ച ഹോട്ടലിലെത്തിയ യൂണിയന്‍ ചെയര്‍മാനും പ്രിന്‍സിപ്പലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം കോളജില്‍ എത്തിയാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.കാരണം അന്വേഷിച്ചപ്പോൾ ബിനീഷിനൊപ്പം വേദി പങ്കിടുവാന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വിസമ്മതിച്ചുവെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെ വേദിയിലെത്തിയ ബിനീഷ് വേദിയുടെ നിലത്തിരുന്ന് പ്രതിഷേധിച്ചു.സീറ്റില്‍ ഇരിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ബിനീഷ് വിസമ്മതിച്ചു. തനിക്ക് ഈ ദിവസം ഒരിക്കലും മറക്കുവാന്‍ സാധിക്കില്ലെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിനമാണിതെന്നും ബിനീഷ് നിറകണ്ണുകളോടെ സദസിനോട് പറഞ്ഞു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

ബിനീഷിന്‍റെ വാക്കുകളിലേക്ക്….
‘എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമാണ് ഇന്ന്. 35 വയസ്സായി, എന്നെ ഗസ്റ്റായി വിളിച്ചിട്ട് വന്നതാണ്. ചെയര്‍മാന്‍ എന്നെ വിളിച്ചിട്ട് വന്നതാണ്. സ്വന്തം വണ്ടിയില്‍ വന്നതാണ്. ശരിക്കും ഒരു മണിക്കൂര്‍ മുന്നേ നിങ്ങളുടെ ചെയര്‍മാന്‍ റൂമില്‍ വന്ന് പറഞ്ഞ്. വേറെ ഗസ്റ്റായിട്ടുള്ളത് അനില്‍ രാധാകൃഷ്ണമേനോനാണ്. അനിലേട്ടന് സാധാരണക്കാരനായ എന്നെ ഗസ്റ്റായി വിളിച്ചത് ഇഷ്ടായിട്ടില്ല. അവന്‍ ഇങ്ങോട്ട് വരരുത്, അവനുണ്ടെങ്കില്‍ താന്‍ സ്റ്റേജിലേക്ക് കയറില്ല. എന്‍റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയിട്ടില്ല, ഇങ്ങനൊന്നും ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല. ഒരു കൂലിപ്പണിക്കാരനാ. ടൈല്‍സ് പണിക്കാരനാണ്, അമ്ബത് പടങ്ങളോളം ചെയ്തു. വിജയിയുടെ തെറിയിലൂടെ ഇത്തിരി സ്ഥാനകയറ്റം കിട്ടിയ ആളാണ്. ആദ്യായിട്ടല്ല കോളജ് ഡേക്ക് പോകുന്നത്. 220 ഓളം കോളജുകളില്‍ ഗസ്റ്റായി പോയിട്ടുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.ഞാന്‍ വിദ്യാഭ്യാസമില്ലാത്തവനായത് കൊണ്ട് എഴുതി കൊണ്ടുവന്നത് വായിക്കാം.
‘മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ഏത് മതക്കാരനാണെന്നല്ല പ്രശ്നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും മനുഷ്യനാണ്’.

മഹ കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; കേരള തീരത്ത് ആശങ്ക ഒഴിയുന്നു;ജാഗ്രത തുടരാൻ നിർദേശം

keralanews maha cyclone moving to oman coast with more power rainfall is decreasing in kerala instruction to remain vigilant

കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു.ഇതോടെ കേരള തീരത്ത് ആശങ്ക ഒഴിയുകയാണ്എങ്കിലും ഇന്നും നാളെയും സംസ്ഥാനത്തുടനീളം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.’മഹ’ കേരള തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്‌ ഇത് ഒമാന്‍ തീരത്തേക്ക് പോകും.മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്‍റെ വേഗം. കേരളത്തിലെ തീരദേശ മേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തെ തുടര്‍ന്ന് ഉണ്ടായ മഴയും കാറ്റും ഇന്ന് മുതല്‍ കുറഞ്ഞ് തുടങ്ങും. വിവിധ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.കേരള തീരത്ത് ശനിയാഴ്ച്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്.നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

keralanews heavy rain tomorrow leave for educational institutions in kannur district (3)

കണ്ണൂര്‍:മഴ ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.സിബിഎസ്‌ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.നേരത്തെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എം ജി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്

keralanews court order not to bury the deadbodies of maoists killed in attappadi forest

പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയു ബന്ധുക്കള്‍ നല്‍കിയ ഹർജിയിൽ പാലക്കാട് ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നവംബര്‍ രണ്ടിന് കോടതി പരാതി വീണ്ടും പരിഗണിക്കും.ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടതി നടപടി. റീപോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബന്ധുക്കള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.അതേസമയം അട്ടപ്പാടി മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവര്‍ത്തിച്ച്‌ കൊല്ലപ്പെട്ട മാവോവാദികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് നീതി വേണമെന്ന് കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെ സഹോദരന്‍ മുരുകേഷ് ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് മാവോയിസ്റ്റുകളാണ് പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.