ന്യൂഡൽഹി:അയോധ്യയെ ലക്ഷ്യം വച്ച് പാക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ട്.നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയതായാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.അതിനു മുൻപായി അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകും.
മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമിപിച്ചിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞമാസം 28നാണ് അട്ടപ്പാടി അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
നവജാത ശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ
കോഴിക്കോട്: പന്നിയങ്കരയില്‍ കത്തെഴുതി വെച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റിൽ.കരിപ്പൂര്‍ വിമാന്താവളത്തിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിനിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ പിതാവും അമ്മയുടെ കാമുകനുമായ മലപ്പുറം ജില്ലയിലെ കാവന്നൂര്‍ സ്വദേശിയായ 21കാരൻ ഗള്‍ഫിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. യുവതിയും കാമുകനും കരിപ്പൂര്‍ വിമാനത്താവളത്തിനെ കെഎഫ്‌സി ജീവനക്കാരാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഗര്‍ഭിണിയായ യുവതി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. കരിപ്പൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയുടെ ചെലവുകളൊക്കെ കാമുകനാണ് നോക്കിയിരുന്നത്.ഇതിനിടെ കാമുകന്‍ ഗള്‍ഫില്‍ ജോലി കിട്ടി പോയി. എന്നാല്‍ മൂന്നുമാസം മുമ്ബ് കെഎഫ്‌സി പൂട്ടിയതോടെ യുവതി തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തനിക്ക് വയര്‍വീക്ക രോഗമാണെന്നും കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് യുവതി വീട്ടികാരെ അറിയിച്ചത്. കോഴിക്കോടും തൃശൂരുമായാണ് യുവതി പിന്നീട് താമസിച്ചിരുന്നത്. പ്രസവ തീയതിക്ക് രണ്ട് ദിവസം മുൻപ് കാമുകന്‍ ഗള്‍ഫില്‍ നിന്ന് എത്തി യുവതിയെ ബംഗളൂരിവിലേക്ക് കൊണ്ട് പോയി.അവിടെത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞുമായി ഇരുവരും ബുള്ളറ്റ് ബൈക്കില്‍ കോഴിക്കോട് എത്തിയ ശേഷം പള്ളി വളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.കുഞ്ഞിനൊപ്പം ഒരു കത്തും ഏഴുതിവെച്ചാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പോലീസ് അന്വേഷണത്തിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുര്‍ന്ന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ യുവതിയും യുവാവും ബുള്ളറ്റില്‍ പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുൻപ് യുവാവ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.യുവാവിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബര്‍ 28ന് രാവിലെയാണ് പള്ളിവളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.
യുഎപിഎ പിൻവലിക്കില്ല;അലൻ ശുഹൈബിന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കേസിന്റെ വാദത്തിനിടെ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡി അപേക്ഷ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.യുഎപിഎയില്‍ പുനരാലോചന നടത്താന്‍ രണ്ടു ദിവസം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.യുഎപിഎ നിലനിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതിനെ റിപ്പോര്‍ട്ടില്‍ ഇന്നലെ എതിര്‍ത്തിരുന്നു.അതിനിടെ ത്വാഹ ഫസലിന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. ‘മാവോയിസ്റ്റ് മാര്‍ഗരേഖ’ എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്. പൊതു വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു. ‘പരസ്പരം മൊബൈലില്‍ വിളിക്കരുത് ‘, ‘ടെലിഫോണ്‍ ബൂത്തുകള്‍ ഒഴിവാക്കുക’, ‘സഖാക്കളുടെ പേരോ ‘ടെക്’ പേരോ ഫോണില്‍ പറയരുത് ‘, ‘ബൂത്തില്‍ നിന്ന് വിളിക്കുന്നതിന് പിന്നാലെ എന്തെങ്കിലും നമ്പര്‍ ഡയല്‍ ചെയ്യുക’, ‘ഫോണ്‍ നമ്പര്‍ ശത്രുവിന് ലഭിച്ചാല്‍ ‘സിം’ മാത്രമല്ല മൊബൈല്‍ ഫോണും മാറ്റുക’ എന്നീ നിര്‍ദ്ദേശങ്ങളാണ് ലഘുലേഖയിലുള്ളത്.
സ്കൂൾ കായികമേളയ്‌ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം;മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കോട്ടയം:കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്.മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍, ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ മൂന്ന് പേരെയും വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.നേരത്തെ അറസ്റ്റ് വൈകുന്നതിനെതിരെ അഫീലിന്റെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും പരാതി നല്കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന ഇതേ സര്‍ക്കുലറില്‍ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു.എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന് നിരോധിത സംഘടനകളുമായി ബന്ധം;കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന് നിരോധിത സംഘടനകളുമായി ബന്ധം.ഇത് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.സംഘടനകളില്‍പ്പെട്ടവര്‍ക്കൊപ്പം അലന്‍ ഷുഹൈബ് നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്.അലന്‍ ഷുഹൈബിന്റെ നാലുവര്‍ഷം മുമ്ബ് വരെയുള്ള ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ അലന്‍ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്‌കൂള്‍ അധികൃതരും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിയെന്നുള്ള പരിഗണന നല്‍കിയാണ് പോലീസ് അന്ന് നടപടികളിലേക്ക് കടക്കാതിരുന്നത്. പക്ഷേ, അന്നുമുതല്‍ തന്നെ അലന്‍ ഷുഹൈബ് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലായിരുന്നു.നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരുമായി അലന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.
യുവാക്കൾക്കെതിരെ യുഎപിഎ നിലനിൽക്കും; ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ യുവാക്കൾക്കെതിരെ യുഎപിഎ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്) നിലനിൽക്കുമെന്ന് പോലീസ്.ഇതിനാവശ്യമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പോലീസ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ക്കും. സര്‍ക്കാര്‍ പ്ലീഡര്‍ ഇത്തരത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കുമെന്നുമാണു സൂചന.യുഎപി കേസുകളില്‍ സെഷന്‍സ് കോടതികള്‍ സാധാരണ ജാമ്യം നല്‍കാറില്ല. കുറ്റപത്രം തയാറായി കഴിയുമ്പോഴോ 90 ദിവസ കാലാവധിക്കു ശേഷമോ ആണ് ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത. സംഭവത്തില്‍ കേസ് വിവരങ്ങള്‍ വേഗത്തില്‍ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ യുഎപിഎ പരിശോധനാ സമിതിക്കു കൈമാറാന്‍ പോലീസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം മാത്രമേ ഇനി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പോലീസിനു സ്വീകരിക്കാനാകൂ.അതേസമയം, സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതു മേലുദ്യോഗസ്ഥരുടെ അറിവോടെയെന്നാണു സൂചന. യുഎപിഎ ചുമത്തുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു.യുഎപിഎ ചുമത്തുന്നതിനു മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണു ഡിജിപിയുടെ നിര്‍ദേശം. ഇതു പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്‍റെ അനുമതി പന്തീരാങ്കാവ് പോലീസ് വാങ്ങിയിരുന്നു. എഫ്‌ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയെയും ഐജി എഡിജിപിയെയും ഡിജിപിയെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്കു പോലീസ് നീങ്ങിയത്.
ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തിയ സുപ്രീംകോടതി വായുമലിനീകരണം കുറയ്ക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്നും കോടതി നിരീക്ഷിച്ചു.ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. വായുമലിനീകരണ വിഷയത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.
അട്ടപ്പാടിയിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി ഉൾവനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി.പാലക്കാട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ആരും ഏറ്റെടുക്കാനില്ലാത്ത വിഭാഗത്തില്‍പ്പെടുത്തി സംസ്കരിക്കാനാണ് പൊലീസിന്‍റെ ഉദ്ദേശ്യമെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപിച്ചു.എന്നാല്‍ സംസ്കാരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നത്തെ കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് അഭിഭാഷക പറഞ്ഞു.