News Desk

മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാമെന്ന് കോടതി

keralanews high court give permission to bury the dead bodies of maoists killed in attappadi

കൊച്ചി:അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാമെന്ന് ഹൈക്കോടതി. മാവോയിസ്‌റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്നും സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാവോയിസ്‌റ്റുകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പൊലീസുകാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.തുപരിശോധിച്ച ശേഷമാണ് പൊലീസുകാര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം; ഇരുവരെയും പാര്‍ട്ടിയിൽ നിന്നും പുറത്താക്കി

keralanews cpm confirmed that alan and thaha have maoist link both were expelled from the party

കോഴിക്കോട്:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം.ഇവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ ഇരുവരെയും സിപിഎം പാര്‍ട്ടിയിൽ നിന്നും പുറത്താക്കി.ഇരുവരും നിരപരാധികള്‍ അല്ലെന്ന് പാര്‍ട്ടി കണ്ടെത്തി. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്.അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി. എന്നാല്‍, പിന്നാലെ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്.ഇരുവരും എസ്‌എഫ്‌ഐയിലും സജീവമായിരുന്നു.അതിനിടെ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഇരുവര്‍ക്കുമെതിരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കും.

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ;പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി

keralanews manjakkandi encounter high court ordered to enquire the role of police in the incident

കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ ഏറ്റുമുട്ടലിൽ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരുടെ പങ്കും ഏറ്റുമുട്ടലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അതുവരെ മൃതദേഹം സംസ്കരിക്കരുതെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി, മണിവാസകം എന്നിവരുടെ സഹോദരങ്ങള്‍ കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ദിവസങ്ങളായി മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലം പാരിപ്പള്ളിയില്‍ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ച്‌ യുവ ദമ്പതികൾ മരിച്ചു

keralanews young couples died in an accident in kollam parippalli

കൊല്ലം: പാരിപ്പള്ളിയില്‍ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ച്‌ യുവ ദമ്പതികൾ മരിച്ചു.തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറുമായ ജെ.രാഹുല്‍ (28), ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.ദേശീയപാതയില്‍ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം.ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് മയ്യനാട്ടേക്ക് കാറില്‍ പോകുന്നതിനിടെയാണ് ഈ അപകടം.രണ്ടു വയസ്സുള്ള മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര. അപകടത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

keralanews s d p i workers arrested for conducting protest rally against supreme court verdict on ayodhya case

കണ്ണൂർ:അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ നഗരത്തിലാണ് പ്രവർത്തകർ   പ്രതിഷേധപ്രകടനം നടത്തിയത്. ഇരുന്നൂറോളം പ്രവർത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിധി പ്രസ്താവനയോട് അനുബന്ധിച്ച്‌ രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയതാണ്.അതേസമയം വയനാട് മാനന്തവാടിയിലും വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റിലായിട്ടുണ്ട്. അയോധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച്ച പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.ആലപ്പുഴയില്‍ പ്രതിഷേധത്തിന് ഒത്തു ചേര്‍ന്ന 77 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നടപടികള്‍ അതിനിടെ കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട മൂന്ന് പ്രവാസികള്‍ക്കെതിരേയും പോലീസ് കേസെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ്, മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രകോപനപരമായി പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;കനത്ത ജാഗ്രതാ നിര്‍ദേശം

keralanews intelligence report that terrorists including maoist may enter to sabarimala high alert issued

തിരുവനന്തപുരം:നവംബർ 15 ന് നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടിലാണ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 15ന് തുറക്കുന്ന നട ‌ജനുവരി 20നാണ് അടയ്ക്കുന്നത്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ് സുരക്ഷാ ചുമതല. സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനും, പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കാനും, സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശം നല്‍കി.ഡോളിയില്‍ വരുന്നവരേയും കാക്കി പാന്‍റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും നിർദേശമുണ്ട്.കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് ചീഫ്- കോഡിനേറ്റര്‍.ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിക്കും;സുരക്ഷ മുൻനിർത്തി പ്രദേശവാസികളെ ഒഴിപ്പിക്കും;ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും

keralanews flats in marad will be demolished on january 11th and 12th residents will be evacuated and traffic restrictions imposed for safety

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ വിധിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയതി തീരുമാനിച്ചു.ജനുവരി 11,12 തീയതികളില്‍ ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ജനുവരി 11ന് ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട കെട്ടിടങ്ങളും ഹോളി ഫെയ്ത്തിന്റെ കെട്ടിടവും പൊളിക്കും.12ന് ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നിവ പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാവും കെട്ടിടങ്ങള്‍ തകര്‍ക്കുക. മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിശദീകരണം. സുരക്ഷ മുന്‍നിര്‍ത്തി ഫ്‌ളാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.അതേസമയം സ്‌ഫോടനത്തിനായി എത്രമാത്രം സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കണം എന്നതില്‍ തീരുമാനമായിട്ടില്ല. 19 നിലകളുള്ള ഹോളിഫെയ്ത്താണ് പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ ഏറ്റവും ഉയരമുളളത്. ഇരട്ട കെട്ടിടങ്ങളായ ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റുകള്‍ക്ക് 16 നിലകള്‍ വീതമാണ്. ആദ്യദിനത്തില്‍ ഈ മൂന്നു കെട്ടിടങ്ങളാണ് പൊളിക്കുന്നത്.

കെട്ടിടം പൊളിക്കുന്നതിനു മുന്‍പ് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ സബ് കലക്ടര്‍ യോഗം വിളിക്കും. ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ സിറ്റി പോലീസ് കമ്മീഷര്‍ തയ്യാറാക്കും. കെട്ടിടം പൊളിക്കുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടാനുള്ള സാധ്യത പരിഗണിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജനുവരി ഒൻപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്നു ദിവസം കൂടി സാവകാശം എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. സമയം നീണ്ടുപോയതിന്റെ കാരണം അധികൃതര്‍ കോടതിയില്‍ ബോധിപ്പിക്കും.

കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ;ഒരാൾ മരിച്ചു;മൂന്നുപേർ ഗുരുതരാവസ്ഥയിൽ

keralanews food poisoning for fishermen who went for fishing one died and three in critical stage

കാസര്‍കോട്:കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു മല്‍സ്യതൊഴിലാളി മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബോട്ടുടമയും മത്സ്യത്തൊഴിലാളിയുമായ സൂസദാസന്‍ ആന്റണിയുടെ മകന്‍ തദയ്യൂസ് (52), ജെറോണ്‍സിന്റെ മകന്‍ അരോഖ് (60), സില്‍വയുടെ മകന്‍ കില്‍ബെര്‍ട്ട് (40) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയില്‍ എത്തിച്ചപ്പോഴേക്കും ചാര്‍ലി മരിച്ചിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്.ആഴ്ചകള്‍ക്ക് മുൻപാണ് ഇവര്‍ മത്സ്യബന്ധനത്തിനായി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. മംഗളൂരുവില്‍ ഫിഷിംഗ് അവസാനിപ്പിച്ച്‌ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നതിനിടെ നടുക്കടലില്‍ വെച്ചാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് കോസ്റ്റല്‍ സി ഐ സിബി തോമസ്, എസ് ഐമാരായ സുഭാഷ്, ദാമു, സ്രാങ്ക് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന.ടാങ്കില്‍ സംഭരിച്ചിരുന്ന വെള്ളം കുടിച്ചതുമൂലമാണ് അസ്വസ്ഥതയുണ്ടായതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഘത്തിലെ മനു എന്ന മത്സ്യത്തൊഴിലാളിയെ ഞായറാഴ്ച വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് ഹാര്‍ബെ എന്ന സ്ഥലത്ത് ഇറക്കി ചികിത്സ തേടാന്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.

അയോധ്യ വിധി;കാസര്‍കോട് ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews prohibitory order issued in nine police station limit in kasarkode district

കാസര്‍കോട്: അയോധ്യ വിധിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബർ  വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള,കാസര്‍കോട്, വിദ്യാനഗര്‍,മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പോലീസ് ആക്‌ട് 78,79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ പതിനാലാം തീയതി രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.അയോധ്യ വിധിക്ക് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കഴിഞ്ഞദിവസം രാത്രിയോടെ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി പോലീസ് ആക്‌ട് പ്രകാരം ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്

keralanews police got evidences to prove maoist relation of thaha fasal who is arrested in u a p a case

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്.മാവോവാദി ഭരണഘടന,മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും ഹാജരാക്കും.രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.റിമാന്റിലുള്ള അലൻ ഷുഹൈബ്,താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നാമനെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടും.കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ്  കോടതി തള്ളിയിരുന്നു.