തിരുവനന്തപുരം:പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പി എസ് സി തീരുമാനം.ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പി എസ് സിയുടെ പുതിയ നടപടി.ആധാറില്ലാത്തവര്‍ തിരിച്ചറിയല്‍ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി എല്ലാ ഉദ്യോഗാര്‍ഥികളും പ്രൊഫൈലിനെ ആധാറുമായി ബന്ധിപ്പിക്കണം. ഇതിനുള്ള ലിങ്ക് പി എസ് സി സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫൈലിൽ ആധാര്‍ നമ്പർ ചേര്‍ത്തിട്ടുള്ളവരിലും ആധാര്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കാത്തവരുണ്ട്. ആധാര്‍ നമ്പർ പ്രൊഫൈലില്‍ ചേര്‍ത്തിട്ട് ലിങ്ക് ചെയ്യാത്തവരും പ്രൊഫൈലില്‍ ആധാര്‍ നമ്പർ ഉള്‍പ്പെടുത്താത്തവരും അടിയന്തരമായി പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം.പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്പർ, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ആതന്റിക്കേഷനില്‍ ടിക് ചെയ്ത ശേഷം ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കാം.നടക്കാനിരിക്കുന്ന കുറച്ച് ഉദ്യോഗാര്‍ഥികളുള്ള പരീക്ഷകളില്‍ പുതിയ തിരിച്ചറിയില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. വിജയകരമായാല്‍ എല്ലാ പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറില്‍ ഏര്‍പ്പെടുത്താനാണ് പി എസ് സിയുടെ തീരുമാനം.
വസ്തുവിന്റെ പ്രമാണം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി;ഒളിവിൽ പോയ ഭർത്താവ് കീഴടങ്ങി
കൊല്ലം:വസ്തുവിന്റെ പ്രമാണം നൽകാത്തതിന്റെ പേരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി.മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹന്‍ (25) ആണ് കൊല്ലപ്പെട്ടത്. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വൈശാഖ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കൃതി മോഹന്‍ നാലു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്.പിന്നീട് ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു.കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു വൈശാഖ്.ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുന്‍പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി വൈശാഖ് കൊല്ലത്തേക്കു പോയി.ഒരാഴ്ചയായി വൈശാഖ് മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തിയ വൈശാഖ് എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു.അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി.ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും വാര്‍ഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു.
മണ്ഡല-മകര വിളക്ക് കാലത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി
പത്തനംതിട്ട:ശബരിമല മണ്ഡല-മകര വിളക്ക് കാലത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്‌ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന സര്‍വ്വീസ് ഇത്തവണയും കെഎസ്‌ആര്‍ടി നടത്തുമെന്നും മന്ത്രി അറിയിച്ചു.മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് 40 രൂപയെന്ന നിരക്ക് കെഎസ്‌ആര്‍ടിസി ഇക്കുറിയും തുടരും.10 ഇലക്‌ട്രിക്ക് ബസ്സുകൾ ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി ഉണ്ടാകും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വ്വീസ് ക്രമീകരിക്കുക.രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നടപ്പാതയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കി. പിടിച്ചുകയറാനുള്ള കമ്പി, കൈത്താങ്ങ് എന്നിവ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കി. വിരിവെക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ തയാറായി. മാലിന്യസംസ്‌കരണം, ശൗചാലയങ്ങള്‍, ആരോഗ്യപരിരക്ഷാ സംവിധാനം എന്നിവ തയാറാക്കി. വേണ്ടത്ര ഓക്‌സിജന്‍ പാര്‍ലറുകളും കാര്‍ഡിയോളജി പരിശോധന സംവിധാനങ്ങളുമുണ്ട്. പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് സജ്ജമാക്കി. പത്തനംതിട്ട, കോട്ടയം, ആശുപത്രികളിലും എരുമേലി, മുണ്ടക്കയം ആശുപത്രികളിലും ഇന്‍റന്‍സിവ് കെയര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും.മണ്ഡലമകരവിളക്ക് സീസണില്‍ ഗ്രീന്‍പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. എരുമേലിയില്‍ കച്ചവടം ചെയ്യുന്ന കുങ്കുമം, ഭസ്മം എന്നിവ കെമിക്കല്‍ ചേര്‍ത്തവ അല്ലെന്ന് ഉറപ്പുവരുത്തും. ബയോ കുങ്കുമവും ഭസ്മവും വില്‍ക്കാന്‍ നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാത്ത സാഹചര്യമില്ല. ബോര്‍ഡിന്‍െറ വരുമാനനഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടിയില്‍നിന്ന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
ചെങ്ങന്നൂര്‍: വെണ്മണിയില്‍ വയോധികരായ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്‍പിഎഫുമാണ് പ്രതികളെ പിടിച്ചത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് ചെറിയാൻ,ലില്ലിക്കുട്ടി എന്നിവരെ എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ പാല്‍ക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അടുക്കളയില്‍ ലില്ലി കുട്ടിയെയും മുറിയില്‍ ചെറിയാനെയും കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് അടുത്ത് പിക്കാസും കോടാലിയും ഉണ്ടായിരുന്നു.കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികൾ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.
കർണാടകയിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കൂറുമാറിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.ജെഡിഎസ്- കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ് സുപ്രിംകോടതി വിധി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 15 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 15 എംഎല്‍എമാരെയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്‌റ്റേ ചെയ്തിരുന്നു.
ഒമാനില്‍ കനത്ത മഴ;കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാര്‍ മരിച്ചു
മനാമ: ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാർ മരിച്ചു.ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജലവിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. 14 അടി താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പൈപ്പിന് 295 മീറ്റര്‍ നീളമുണ്ട്.ഞായറാഴ്ച രാത്രിയാണ് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.അപകടത്തില്‍ അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.
കണ്ണൂർ നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു
കണ്ണൂർ:നഗരത്തിൽ ഇന്നലെ മുതൽ പുതിയ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു.വൈദ്യുതഭവന് മുൻപിലെ ബസ്‌സ്റ്റോപ് എടുത്തുമാറ്റിയാണ് പുതിയ പരിഷ്‌ക്കരണം.പുതിയതെരു ഭാഗത്തു നിന്നും പുതിയ ബസ്‌സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകൾ വൈദ്യുത ഭവന് മുന്നിൽ നിർത്താതെ കളക്റ്ററേറ്റിന് എതിർവശത്തെ പെട്രോൾ പമ്പിന് സമീപം നിർത്തി ആളെയിറക്കണം.ഇതേ ഭാഗത്തു നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ബസുകൾക്കും വൈദ്യുത ഭവന് മുൻപിൽ സ്റ്റോപ്പ് ഇല്ല.ഈ ബസ്സുകൾ ഇനിമുതൽ താലൂക്ക് ഓഫീസിൽ ബസ്റ്റോപ്പിൽ നിർത്തണം.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ പരിഷ്‌ക്കാരത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.
കണ്ണൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട;ആറര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കെ ശ്രീകുമാര്‍ തിരുവനന്തപുരം കോർപറേഷന്റെ പുതിയ മേയർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറായി കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായിരുന്നു കെ ശ്രീകുമാര്‍.
പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു;സംഭവമറിഞ്ഞ് വിഷം കഴിച്ച പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ
മലപ്പുറം: പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.സംഭവമറിഞ്ഞ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചത്. ഞായറാഴ്ച നബിദിന പരിപാടികള്‍ കാണുന്നതിനായി സഹോദരന്‍ ഷാഹിലിനും സുഹൃത്തിനുമൊപ്പം പോയ ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ മാറിനിന്ന് സംസാരിക്കുകയായിരുന്ന ഷാഹിറിനെ ആള്‍ക്കൂട്ടം വളഞ്ഞുവച്ചു മര്‍ദ്ദിച്ചു.രണ്ടു മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു.പിന്നീട് ഷാഹിറിന്റെ മാതാപിതാക്കള്‍ എത്തിയ ശേഷമാണ് വിട്ടയച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഷാഹിലിനും സുഹൃത്തിനും മര്‍ദ്ദനമേറ്റിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ അവശനായ ഷാഹിര്‍ വീട്ടിലെത്തിയ ശേഷം തനിക്കു നേരെ ഭീഷണിയുണ്ടെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും മാതാപിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാരുടെ മുന്നില്‍വച്ച് വിഷം കഴിച്ച ഷാഹിറിനെ കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിനു ശേഷം മരണമടയുകയായിരുന്നു. വിഷം കഴിച്ചതുകൊണ്ട് മാത്രമല്ല, ആന്തരിക രക്തസ്രാവവും നട്ടെല്ലിനേറ്റ പരിക്കുമാണ് ആരോഗ്യനില വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ഷിബിലിന്റെ പരാതിയില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാഹിറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടൊണ് പെണ്‍കുട്ടിയും വിഷം കഴിച്ചത്.