News Desk

ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം;സ്‌കൂളുകള്‍ക്ക് രണ്ടുദിവസം കൂടി അവധി

keralanews air pollution in delhi two days leave for educational institutions

ന്യൂഡൽഹി:ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം.ഈ സാഹചര്യത്തിൽ  സാഹചര്യത്തില്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം.അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ട് ആരോഗ്യ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഈ സാഹചര്യത്തില്‍ മൂന്നാമതും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്;തീയേറ്ററുകൾ അടച്ചിടും

keralanews cinema bandh in the state today theaters to be closed today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്.ജിഎസ്ടിയ്ക്കും ക്ഷേമനിധിയ്ക്കും പുറമേ വിനോദ നികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.സമരത്തിന്റെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് തിയറ്ററുകൾ അടച്ചിടും.സിനിമാ ചിത്രീകരണം, വിതരണം, പ്രദർശനം എന്നീ മേഖലകളുടെ പ്രവർത്തനവും നിർത്തിവയ്‌ക്കും. കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്‌.മൾട്ടിപ്ലസ്‌ തിയറ്ററുകളും സമരത്തിൽ പങ്കെടുക്കും.ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകർക്കുമെന്നും,ജിഎസ്ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നുമാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നിലപാട്.ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകൾക്കും പ്രേക്ഷകർക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്.സിനിമ ടിക്കറ്റിനുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം.എന്നാൽ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേർക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവർക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി.സിനിമ ടിക്കറ്റിൽ ജി.എസ്.ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതിയും ഏർപ്പെടുത്തിയ നടപടി തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

റഫാൽ കേസ്;പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

keralanews rafale case supreme court rejected the review petitions

ന്യൂഡൽഹി:റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി.റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.ഫ്രഞ്ച് കമ്ബനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവയ്ക്കുകയും റിവ്യൂ ഹര്‍ജികള്‍ തള്ളുകയുമാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.സുപ്രീം കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. വാദം കേള്‍ക്കല്‍ മെയ് പത്തിന് പൂര്‍ത്തിയാക്കിയ സുപ്രീംകോടതി, വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശന വിധി സുപ്രീം കോടതി പുനഃപരിശോധിക്കും;കേസ് ഏഴംഗ ബെഞ്ചിന് വിട്ടു

keralanews sabarimala issue supreme court refers case to larger bench

ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി.യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

കണ്ണൂർ വിമാനത്താവളത്തിൽ തേനീച്ചയുടെ ആക്രമണം;ആറുപേർക്ക് പരിക്കേറ്റു

keralanews six injured in honey bee attack in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം.ജീവനക്കാര്‍ക്കു തേനീച്ചയുടെ കുത്തേറ്റു പരിക്കേറ്റതിനെ തുടര്‍ന്ന് ടോള്‍ബൂത്ത് രാവിലെ മൂന്നു മണിക്കൂറോളം അടച്ചിട്ടു. വിമാനത്താവളത്തിലെ രണ്ടാം ഗേറ്റിലെ ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്. മുൻപും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കു തേനീച്ചയുടെ കുത്തേറ്റിരുന്നു. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

ശബരിമല യുവതീ പ്രവേശനം;പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി ഇന്ന്

keralanews woman entry in sabarimala supreme court judgement on review petition today

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളിലുള്ള സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28 ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.അതേ സമയം,  ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച 65 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു.ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി വരാന്‍ പോകുന്നത്.അതേസമയം, ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ശബരിമല വിധിയെ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

വിദ്യാര്‍ത്ഥി പ്രതിഷേധം ഫലംകണ്ടു;ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന റദ്ദാക്കി

keralanews students protest succeeded hostel fee hike in j n u canceled

ന്യൂഡല്‍ഹി:രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം ഒടുവില്‍ ഫലം കണ്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു. ജെ.എന്‍.യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് ഫര്‍ധവ് പിന്‍വലിച്ച്‌ കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ക്യാമ്ബസിന് പുറത്തായിരുന്ന നടന്നത്. ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്.ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തിയിരുന്നു.

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി നാളെ

keralanews supreme court verdict on sabarimala review petition tomorrow

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും.നാല്‍പതിലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക.എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരുന്നത്. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിലവിൽ വന്നത്.വിധിയുടെ അടിസ്ഥാനത്തില്‍ യുവതി പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ സ്ത്രീപ്രവേശന വിധിയില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. വന്‍ തോതില്‍ പ്രതിഷേധക്കാരും ശബരിമലയില്‍ തമ്പടിച്ചു.ശബരിമലയില്‍ തൊഴാന്‍ എത്തിയ യുവതികളെ തടഞ്ഞും ഉപദ്രവിച്ചും അക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറി.ഇതിനു പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജികളിലാണ് നാളെ നിര്‍ണ്ണായക വിധിയെത്തുന്നത്.

യുഎപിഎ കേസ്;അലനേയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

keralanews u a p a case alan and thaha remanded to police custody

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.കൂടുതല്‍ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈല്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിവരങ്ങള്‍ കൂടി ഉള്‍പെടുത്തിയാവും ചോദ്യം ചെയ്യല്‍.

കർണാടകയിലെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

keralanews supreme court upholds the disqualification of 17 mlas in karnataka

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. അതേസമയം, 2023വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.മുന്‍‌ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാറിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു.എംഎല്‍എമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു.പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച സുപ്രീംകോടതി വിധി ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ ആറ് ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കൂ. ഡിസംബര്‍ അഞ്ചിനാനാണ് ഉപതെരഞ്ഞെടുപ്പ്. കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ രണ്ടു മണ്ഡലങ്ങളില്‍ പിന്നീട് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ.