പത്തനംതിട്ട:മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നത്തെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്.വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ ഇപ്പോള്‍ പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുകയാണ്. ഇവരെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും.മണ്ഡലകാലത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ്ണസജ്ജമായതായി ദേവസ്വം ബോര്‍ഡും സര്‍ക്കാറും വ്യക്തമാക്കി.പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നേരിട്ട് വിലയിരുത്തി.
പതിനായിരം പോലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ചുള്ള സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നു സ്ഥലങ്ങളിലും എസ് പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനേയും ട്രാഫിക് പോലീസിനേയും നിയോഗിച്ചിട്ടുണ്ട്.പമ്പയിലേക്ക് ഇത്തവണയും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമെ കടത്തിവിടൂ. നിലയ്ക്കലാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗക്യരം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് എത്തിക്കാന്‍ ശനിയാഴ്ച്ച ഇന്ന് രാവിലെ 11 മുതല്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് ആരംഭിക്കും.
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം;മേളയിലെ ആദ്യ സ്വർണ്ണം എറണാകുളത്തിന്
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കം.മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം സ്വന്തമാക്കി.സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ കോതമംഗലം മാര്‍ബേസിലിന്‍റെ അമിത് എന്‍കെയാണ് ആദ്യ സ്വര്‍ണം നേടിയത്.ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്.ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഇപി ജയരാജന്‍ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പിടി ഉഷ, എംഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.ത്രോ ഇനങ്ങള്‍ പ്രത്യേകം ക്രമീകരിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് കായികമേളയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് തയ്യാറായിട്ടുണ്ട്. സ്ഥലപരിമിതിയെ തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പവലിയനും വാം അപ്പ് ട്രാക്കുമടക്കം ആവശ്യത്തിനുള്ള മികച്ച സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
‘ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും’; മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി
വടകര: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി.ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്.അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.വടകര പോലീസ് സ്‌റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്.ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.’കാട്ടുതീ’ എന്ന പുസ്തകത്തിന്റെ അഞ്ച് പേജാണ് കത്തിനൊപ്പം അയച്ചിരിക്കുന്നത്. ഈ ലഘുലേഖയില്‍ സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങളുമുണ്ട്.പേരാമ്ബ്ര എസ്.ഐയ്‌ക്കെതിരെയും ഭീഷണിയുണ്ട്.പേരാമ്ബ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ പറയുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടത് പോലെ കാണുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന ആനുകൂല്യം പിഎസ്‌സി പിന്‍വലിച്ചു
തിരുവനന്തപുരം:ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പിഎസ്‌സി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന സൗകര്യം പിഎസ്‌സി പിന്‍വലിച്ചു.ഇനി മുതല്‍ ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് മറ്റു ജില്ലകളില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ പിഎസ്‌സി അവസരം നല്‍കിയിരുന്നു.ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ സൗകര്യം ഇനി ഉണ്ടായിരിക്കില്ല.ഒക്‌ടോബര്‍ 15 ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സംസ്ഥാനതല വിഞ്ജാപനങ്ങള്‍ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കു നേറ്റീവ് ജില്ലയില്‍ മാത്രം പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനാണ് ആദ്യം അവസരം നല്‍കിയിരുന്നത്. ഇത് പരാതികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന ജില്ലയും ഇതിലെ ഒരു താലൂക്കും മാത്രമേ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാന്‍ കഴിയൂ. ജില്ലാതല നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്നവര്‍ അപേക്ഷ നല്‍കുന്ന ജില്ലയില്‍ വേണം ഇനി പരീക്ഷ എഴുതാന്‍.
ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകില്ല; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദർശനത്തിന് എത്തുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ശബരിമലയിലേക്ക് സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇല്ലെന്നു മന്ത്രി മറുപടി നല്‍കി.മുൻപും സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോയിട്ടില്ല, ഇനിയും കൊണ്ടുപോവില്ല. പോവണമെന്നുള്ളവര്‍ സുപ്രീം കോടതിയുടെ ഉത്തരവുമായി വരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല.തൃപ്തി ദേശായിയെപ്പോലുള്ള പ്രചാരണം ലക്ഷ്യമിട്ടു നീങ്ങുന്നവര്‍ക്കുള്ള ഇടവുമല്ല.ഭക്തിയല്ല അവരുടെ പ്രശ്‌നം, വ്യക്തിതാത്പര്യമാണ്. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കില്ല.സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടക്കാലം അലങ്കോലമാക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കമാകും
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാകും. നാളെ വൈകിട്ട് 3:30ന് മേള കായികമന്ത്രി ഇ.പി. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും.പി.ടി. ഉഷ, എം.ഡി. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും.നാളെ രാവിലെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒട്ടതോടെ മത്സരം ആരംഭിക്കും.കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 98 ഇനങ്ങളില്‍ ഏകദേശം രണ്ടായിരത്തോളം കുട്ടികളാണ് പങ്കെടുക്കുക.ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ വെള്ളിയാഴ്‌ച പകല്‍ രണ്ടിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.നാല് ദിവസം നീണ്ട് നില്‍ക്കുന്ന കായിക മേള നവംബര്‍ 19ന് ആരംഭിക്കും.
ശബരിമല വിധി;ആശയക്കുഴപ്പം മാറ്റാൻ സർക്കാർ നിയമോപദേശം തേടും
തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ പലകാര്യങ്ങളിലും കോടതി തന്നെ സംശയം പ്രകടിപ്പിച്ച് ഏഴംഗബഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നാമത് വിശ്വാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വിപുലമായ ബഞ്ച് പരിഗണിക്കുമ്പോള്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതുകൊണ്ടാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും.ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും, സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമാവും പ്രതികരിക്കുക എന്നും നിയുക്ത പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.അതേസമയം മണ്ഡലകാലത്തിന് മുന്‍പ് വിധിയില്‍ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞെങ്കിലും അത്രയും തിടുക്കത്തില്‍ പരിഹരിക്കേണ്ട വിഷയം വിധിയില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ചില സംഘടനകളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കേണ്ടെന്ന വികാരം സര്‍ക്കാര്‍ തലത്തിലുണ്ട്.എന്തായാലും മണ്ഡല കാലത്ത് യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണയില്‍ മല ചവിട്ടിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തിലില്ല.നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് യുവതികളെ തിരിച്ചയക്കാനാണ് സാധ്യത.
മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കും;ഇത്തവണ കനത്ത സുരക്ഷയില്ല
പത്തനംതിട്ട:മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും.യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാന്‍ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്തിട്ടില്ല.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ല.യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ എസ്പി മാരെ അണിനിരത്തി വന്‍ ക്രമീകരണം ഒരുക്കിയെങ്കിലും വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്. പുനപരിശോധന വിധി വന്നതോടെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ചിട്ടില്ല. അതിനാല്‍ പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ്. വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും.കഴിഞ്ഞ തവണ യുവതികളെത്തിയാല്‍ തടയാന്‍ ഹിന്ദു സംഘടനകള്‍ വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പി എഫ് അനുവദിക്കുന്നതിനുള്ള രേഖകള്‍ നൽകിയില്ല; കണ്ണൂരില്‍ റിട്ട:സ്പിന്നിങ് മില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു
കണ്ണൂര്‍:പി എഫും ഗ്രാറ്റുവിറ്റിയും അനുവദിക്കുന്നതിനുള്ള രേഖകള്‍ നല്‍കാത്തതില്‍ മനംനൊന്ത് റിട്ട.സ്പിന്നിങ് മിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. താഴെചൊവ്വയിലെ കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ റിട്ട. ജീവനക്കാരന്‍ പരിയാരം ഏമ്ബേറ്റിലെ കാട്ടൂര്‍ പുതിയ വീട്ടില്‍ കെ. വി രാജനെ (59) യാണ് വ്യാഴാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.25 വര്‍ഷത്തോളം സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രാജന്‍ കഴിഞ്ഞ ഏതാനും മാസം മുൻപാണ് ജോലിയില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് പി എഫ്-ഗ്രാറ്റുവിറ്റിക്കായി അപേക്ഷ നല്‍കിയെങ്കിലും മാനേജ്മെന്റ് ധിക്കാരപരമായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് രാജന്‍ അസ്വസ്ഥനായിരുന്നു.പണം ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കോയമ്പത്തൂരിൽ ട്രെയിന്‍ തട്ടി നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
കോയമ്പത്തൂർ:കോയമ്പത്തൂർ ഇരിക്കൂറിൽ നാല് വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി.തമിഴ്നാട് സ്വദേശികളായ രാജ, രാജശേഖർ, ഗൗതം, കറുപ്പു സ്വാമി എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വിശ്വേശ്വരൻ എന്ന വിദ്യാര്‍ഥിയെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർധരാത്രിയോടെയാണ് അപകടം. റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തിൽ പെട്ടത്.ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് ഇടിച്ചാണ് അപകടം.സംഭവത്തെക്കുറിച്ച് പോത്തന്നൂര്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.