കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകന്‍ ജോസഫ് (58),ഓട്ടോയാത്രക്കാരായ മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസിനടിയില്‍ പെട്ട ഓട്ടോയിൽ നിന്നും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍
കണ്ണൂർ:സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍.സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.ഇതിനായി പോലീസ്, ഡോക്ടര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, ആര്‍ടിഒ, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അങ്കണവാടികളിലടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലാശയം, വനം, കുന്നുകള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും കൃത്യമായ ഇടവേളകളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബലവും ദൃഢതയും പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന തടയുക, സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം.പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകളിലെ അപകട സാധ്യത പരിശോധിക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.വിദ്യാലയവും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും ക്ലാസ്മുറികളില്‍ വിഷജന്തുക്കള്‍ കയറിവരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്താനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകന്റെയും പിടിഎയുടേയും നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സ്‌കൂള്‍ സുരക്ഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. വിദ്യാലയ നിരീക്ഷണ സമിതികള്‍ നിരന്തരം സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷഹലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് എംഎസ്‌എഫ്, ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സുല്‍ത്താന്‍ ബത്തേരി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ്സ്മുറിക്കുള്ളിൽ വെച്ച് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്കു നേരെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.കല്‍പറ്റയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെ.പി പ്രവര്‍ത്തകരും സര്‍വ്വജന സ്‌കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്.അതേസമയം, മന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി സുനില്‍കുമാറും ഷഹലയുടെ വീട് സന്ദര്‍ശിച്ചു. മാതാപിതാക്കളെ കണ്ടു.വിദ്യാഭ്യാസ മന്ത്രി ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞു. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ നാടകീയ രാഷ്ട്രീയ നീക്കം;ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ:വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ ചുമതലയേറ്റു.എന്‍സിപി പിന്തുണയില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.ശരദ് പവാറിന്‍റെ നീക്കങ്ങളെ വെട്ടിക്കൊണ്ട് അജിത് പവാര്‍ നടത്തിയ നീക്കങ്ങളാണ് എന്‍സിപി-ബിജെപി സഖ്യത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റരാത്രികൊണ്ട് എന്‍സിപിയെ തങ്ങളോടൊപ്പം ചേര്‍ത്ത് ബിജെപി മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കുകയായിരുന്നു.രാവിലെ രാജ്ഭവനിലെത്തിയാണ് ദേവന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലേയേറ്റു.ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി.എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്നാവീസ് പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ദേവന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ പ്രതികരിച്ചത്.
അതേസമയം ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഷ്ട്രീയത്തിലെ ഏറ്റഴും വലിയ ചതിയാണ് എന്‍സിപി കാട്ടിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന് ശരത് പവാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.ശരത് പവാറിന്‍റെ അറിവോടെയാണ് ഈ നീക്കങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ശരത് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.സംസ്ഥാനത്തെ കര്‍ഷക പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നായിരുന്നു ശരത് പവാറിന്‍റെ വിശദീകരണം. പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി എന്‍സിപിയെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു. കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയില്‍ അച്ചടക്കം പാലിച്ചതിന് എന്‍സിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. ആവശ്യമില്ലാതെ സഭയില്‍ ബഹളം വെക്കുന്ന പാര്‍ട്ടിയല്ല എന്‍സിപിയെന്നായിരുന്നു മോദിയുടെ പ്രശംസ. ഈ നീക്കങ്ങളെല്ലാമാണ് ഇന്നത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐ വയനാട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
വയനാട്: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വയനാട് കളക്‌ട്രേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് വലയം ഭേദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറി. കളക്‌ട്രേറ്റിന്‍റെ മുന്‍വശത്തെ ഗേറ്റില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നൂറോളം വരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗേറ്റിലേക്ക് പാഞ്ഞെത്തിയത്. പ്രതീക്ഷിക്കാതെയെത്തിയ നീക്കമായിരുന്നതിനാല്‍ പോലീസിന് കുറച്ച് നേരത്തേക്ക് നിസഹായരായി നിൽക്കാനേ കഴിഞ്ഞുള്ളു.തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടി കടന്ന് കളക്‌ട്രേറ്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലേക്കും കയറി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് കളക്‌ട്രേറ്റിലേക്ക് ഓടിക്കയറിയത്. മതിയായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വനിതാ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.കളക്‌ട്രേറ്റിനുള്ളിലെ രണ്ടാം നിലയിലേക്ക് കയറാനൊരുങ്ങിയ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്താണ് പോലീസ് പിന്തിരിപ്പിച്ചത്. ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.
‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ല;അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരില്‍ നിന്ന് പറക്കാന്‍ കഴിയില്ല
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ലാത്തതാണ് കാരണം.ഈ പദവി നല്‍ക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ല.’പോയിന്‍റ് ഓഫ് കോള്‍’ പദവി പരിഗണനയില്‍ ഇല്ലന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്കി.’കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ ആവശ്യമാണ്.അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്’. കെ സുധാകരന്‍ എംപി പ്രസ്താവനയില്‍ ആരോപിച്ചു.ഉത്തര മലബാറിന്‍റെ പൊതുവികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്ക്കരുതെന്നും കെ.സുധാകരന്‍ എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 പ്രകാരം വിഷയം പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; വയനാട്ടിലെ എല്ലാ സ്‌കൂളുകളുടെ പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ നടപടികളെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം,ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദേശമുണ്ട്.കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിര്‍ദേശം സ്‌കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നടപടി.
‘മയോകാര്‍ഡിറ്റിസ്’ ബാധിച്ച് കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് അസുഖം ബാധിച്ച് കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു.എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ് എന്ന രോഗാവസ്ഥ. കോളജില്‍ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന ആര്യശ്രീക്ക് തിരിച്ചെത്തിയപ്പോഴാണ് കടുത്ത പനിയും ശാരീരികസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മരിച്ച വിദ്യാര്‍ഥിനിക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ഥികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു വരികയാണ്. മറ്റാര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികളുടെ ശ്രവം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും.ആദ്യ തവണ 10,000 രൂപയാണ് പിഴ. തെറ്റ് ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെ പിഴയീടാക്കും.പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, തുടങ്ങി പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കുപ്പികള്‍ മുതലായവ നിരോധന പരിധിയില്‍ ഉള്‍പ്പെടും. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കും സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നുണ്ട്.അതേസമയം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍കവര്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്.
ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം.പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍ നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ) പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.
കണ്ണൂർ ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കണ്ണൂർ:ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ് – ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം – നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ ചൊക്ലി മെഡിക്കൽ സെന്ററിലും പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.മൃതദേഹം തലശേരി ജനറൽ ആശുപത്രിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പുല്ലൂക്കര പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.