കൊച്ചി:നടന്‍ ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തി.നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനമായി.ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും.രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നല്‍കാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ്പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെതീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ന്‍ നിഗം തള്ളി.വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
വിനോദയാത്രയ്ക്ക് മുൻപ് ടൂറിസ്റ്റ് ബസുമായി സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം;കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം:വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് അഭ്യാസപ്രകടനം.നിയമലംഘനം നടന്നത് കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍.ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി. വിനോദ യാത്രയ്ക്ക് പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു അഭ്യാസപ്രകടനം. അപകടകരമായ രീതിയിലായിരുന്നു വാഹനങ്ങള്‍ ഓടിച്ചിരുന്നത്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ കൈയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നിരവധി കുട്ടികള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്ബോഴായിരുന്നു അഭ്യാസ പ്രകടനം.പ്ലസ്ടുവിന് വിനോദ യാത്ര പോകാന്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച ടൂറിസ്റ്റ് ബസാണ് അഭ്യാസ പ്രകടനം നടത്തിയത്.വാഹന ഉടമയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് മോട്ടോര്‍ വാഹന അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.വാഹനത്തിന്റ രജിസ്‌ട്രേഷന്‍ റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.23 നാണ് സംഭവം ഉണ്ടായത്. ടൂറിനു ശേഷം ബസ് എത്തിയാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കും. നിലവില്‍ ബസിന്റെ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ക്യാമ്പസ്സിൽ വാഹനം ഇടിച്ച് മരിച്ചശേഷം കര്‍ശനമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്.
കല്ലട ബസ്സിൽ യുവതിക്കുനേരെ പീഡനശ്രമം; കാസർകോഡ് സ്വദേശി അറസ്റ്റിൽ
മലപ്പുറം:കല്ലട ബസ്സിൽ യുവതിക്കുനേരെ പീഡനശ്രമം.തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കലില്‍ വച്ചായിരുന്നു സംഭവം.ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ദിന സനയുടെ പരാതിയിൽ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ(23) പൊലീസ് പിടികൂടി.ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ തല്ലാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.കോട്ടക്കല്‍ പൊലീസില്‍ യുവതി പരാതി എഴുതി നല്‍കുകയായിരുന്നു.ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതേസമയം കാസര്‍കോട്ടേയ്ക്ക് പോകാനുള്ള നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാരിയുടെ സമ്മതത്തോടെ ബസ് പൊലീസ് വിട്ടയച്ചെന്നാണ് വിവരം.
വടകര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; റോഡില്‍ പെട്രോള്‍ ഒഴുകുന്നു;പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വടകര:കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വടകരയിൽ വടകരയിൽ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു.റോഡില്‍ നിയന്ത്രിക്കാനാവാത്ത വിധം പെട്രോള്‍ ചോര്‍ന്നു.വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നത്. ഒരു പരിധിവരെ ചോര്‍ച്ച തടയാന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അല്‍പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.
അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി
കാസര്‍ഗോഡ്: അറുപതാമത് സംസ്താന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ചടങ്ങിൽ പതാകയുയര്‍ത്തി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഒൻപത് മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് ആരംഭമാകും.മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.28 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കാസര്‍കോട് എത്തുന്നത്. 28 വേദികളില്‍ ആയിട്ടാണ് കലോത്സവം നടക്കുന്നത്. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുര കലോത്സവത്തിനായി സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണമാണ് ദിവസവും ഒരുക്കുന്നത്.
ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി: കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിന്ദു അമ്മിണിക്കെതിരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് മുളക് സ്‌പ്രേ ആക്രമണം നടന്നത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് അക്രമം നടത്തിയത്. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഫോർമാലിൻ കലര്‍ന്ന 663 കിലോ മത്സ്യം പിടികൂടി
തിരുവനന്തപുരം: നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ ഫോർമാലിൻ കലര്‍ന്ന 663 കിലോഗ്രാം മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തു.ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം, കേശവദാസപുരം, പാപ്പനംകോട്, പാളയം, പേരൂര്‍ക്കട, മുക്കോല, ഉള്ളൂര്‍ നീരാഴി, മണക്കാട്, കുത്തുകല്ലുംമൂട് എന്നിവിടങ്ങളിലുള്ള മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.അതേസമയം മത്സ്യം കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതും ശരീരത്തിനു ഹാനികരവുമായ അമോണിയ പിടിച്ചെടുത്ത മത്സ്യങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്നു മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മത്സ്യവുമായെത്തിയ വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലര്‍ന്ന മത്സ്യം കൂടുതല്‍ പിടിച്ചെടുത്തത്.
ജനുവരി 2ന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി
കൊച്ചി:ജനുവരി 2ന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി.സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാണ് ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി ശബരിമലയിൽ ദർശനം നടത്തിയത്.അതേസമയം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് ബിന്ദു അമ്മിണി വ്യക്താമക്കി. ആര്‍എസ്‌എസുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നും തൃപ്തിക്ക് ബന്ധമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസുമായിട്ടായിരുന്നെന്നും ബിന്ദു പറഞ്ഞു.മന്ത്രി ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ദര്‍ശനത്തിന് പോയതെന്ന വാദവും ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായിയോടൊപ്പം കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയ ബിന്ദുവിന് നേരെ അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ ശ്രീനാഥ് പദ്മനാഭൻ മുളകുപൊടി സ്പ്രേ ആക്രമണം നടത്തിയത്.ഇയാള്‍ക്കെതിരേ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
കനകമല ഐഎസ് കേസില്‍ വിധി പ്രഖ്യാപിച്ചു;ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും, രണ്ടാം പ്രതിക്ക് 10 വര്‍ഷം തടവ്
കൊച്ചി:കണ്ണൂര്‍ കനകമല കേസില്‍ കുറ്റകാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു.ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്തുവര്‍ഷം തടവും പിഴയും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.എന്‍.ഐ.എ.പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്.2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയ പ്രമുഖര്‍, ചില വിദേശികള്‍ എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങളില്‍ ആക്രമണം നടത്താനുമായിരുന്നു പ്രതികളുടെ പദ്ധതി.9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴുപേരാണ്. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.
യുഎപിഎ അറസ്റ്റ്;അലനും താഹയ്ക്കും ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത താഹാ ഫസലിനും, അലന്‍ ഷുഹൈബിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്ത സാഹചര്യത്തിലാണ് നടപടി.കേസില്‍ അന്വേഷണം പുരോഗിക്കുന്ന ഈ ഘട്ടത്തില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ക്കു മാവോയിസ്റ്റു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുഎഎപിഎ ചുമത്തിയതിന്റെ കാരണവും അറിയിച്ചു.പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.