കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്.തൊട്ട് പിന്നാലെ കണ്ണൂര്‍ ജില്ല രണ്ടാമതായും ഉണ്ട്.സമാപന ദിവസമായ ഇന്ന് 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവുമുള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമാണ് ഇന്ന് അരങ്ങിലെത്തുക.വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും.
ഉള്ളി വില കുതിക്കുന്നു;സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം
കൊച്ചി:പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് ഓരോ ദിവസവും ഉള്ളി വില കുതിച്ചുയരുകയാണ്.സവാളക്ക് 130ഉം ചെറിയ ഉള്ളിക്ക് 150ഉം ആണ് തലസ്ഥാനത്ത് ഇന്നലത്തെ മാര്‍ക്കറ്റ് വില. വില കുറച്ച് ഉള്ളി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.വിലയിലുണ്ടായ വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരനെയാണ്.വിലകൂടിയതോടെ വ്യാപാരം കുത്തനെ കുറഞ്ഞതാണ് വ്യാപാരികളെയും അതുപോലെ തന്നെ ഹോട്ടല്‍ വ്യവസായികളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചതാണ് ഉള്ളിവില ഉയരാന്‍ കാരണമായി പറയുന്നത്.
ഇന്നു മുതല്‍ പിൻസീറ്റ് യാത്രക്കാർക്കും ഹെല്‍മറ്റ് നിര്‍ബന്ധം;നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഹെല്‍മറ്റ് ഉപോഗിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് കോടതി നിര്‍ദ്ദേശമെങ്കിലും ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കല്‍ അടക്കമുള്ള നീക്കത്തിന് ഗതാഗതവകുപ്പ് മുതിരില്ലെന്നാണ് സൂചന.കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മററ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടലോടെയാണ് പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്.ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ.കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ നല്‍കണം.സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഴത്തുക അടക്കുന്നില്ലെന്ന് കണ്ടെത്തിയാലും വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും.നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.എന്നാല്‍ ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കാതെ ബോധവല്‍കരണത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. കുട്ടികള്‍ക്കുള്‍പ്പെടെ ഹെല്‍മറ്റ് ധരിക്കേണ്ടിവരുന്നത് പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പിനിടയാക്കുമോയെന്ന സംശയം സര്‍ക്കാരിനുണ്ട്. വാഹനാപകടങ്ങളില്‍ ഇരുചക്രവാഹനക്കാര്‍ക്ക് തലക്ക് പരിക്കേല്‍കുന്നതിന്റെ നിരക്ക് വര്‍ധിച്ചതിനെതുടര്‍ന്നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണ നടപടികൾ ആരംഭിച്ചു;ഒൻപതാം പ്രതി സനൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്. ഒൻപതാം പ്രതി സനില്‍കുമാര്‍ ഒഴികെ എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായിട്ടുണ്ട്. സനല്‍കുമാറിന്റെ ജാമ്യം ഇതോടെ കോടതി റദ്ദാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് സനല്‍കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതിരിക്കുന്നത്.ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം എട്ട് പ്രതികളെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ആകെ കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതി ദിലീപ് വിദേശത്താണ്.കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന ദിലീപ് കേസ് പരിഗണിക്കുന്ന ഡിസംബര്‍ മൂന്നിന് കോടതിയില്‍ ഹാജരായേക്കും.
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ;സർക്കാരിന് 169 പേരുടെ പിന്തുണ
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വസ വോട്ട് നേടി. 169 എംഎല്‍എമാരാണ് ത്രികക്ഷി സര്‍ക്കാരിനെ പിന്തുണച്ചത്.സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യന്ത്രിയായി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഡിസംബര്‍ മൂന്നിനാണ് ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
കണ്ണൂരിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍;പിടികൂടിയത് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
കണ്ണൂർ:ചന്ദനക്കാംപാറയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍.ചന്ദനക്കംപാറ ചെറുപുഷ്പം ഹൈസ്‌കൂള്‍ കായികാദ്ധ്യാപകന്‍ പാട്ടത്തില്‍ സജിയെ 46 ആണ് ഇന്ന് രാവിലെ എട്ടുമണിയോടുകൂടി പയ്യാവൂര്‍ എസ്‌ഐ രമേശനും സംഘവും ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ വീട്ടിൽ നിന്നും അതിസാഹസികമായി പിടികൂടിയത്. പ്രതി മുന്‍പ് ആര്‍മിയില്‍ സേവനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.പീഡനവിവരം പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു എന്നറിഞ്ഞ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. ഇന്ന് പുലർച്ചയോടെ കോട്ടയം ചന്ദനക്കാംപാറ റൂട്ടിലോടുന്ന ബസില്‍ വീട്ടിലെത്തിയതായിരുന്നു പ്രതി. തുടര്‍ന്ന് വീട് വളഞ്ഞ പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പിന്‍വാതില്‍ വഴി കുതറി ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് സംഘം സമീപത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് മല്‍പ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു.എസ്‌ഐ രമേശന്‍, എഎസ്‌ഐമാരായ സുനില്‍, സത്യന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണന്‍, സജീഷ് ഡ്രൈവര്‍ രമേശന്‍ തുടങ്ങിയവരടങ്ങുന്ന ടീമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
ഈ അടുത്ത ദിവസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചെറുപുഷ്പം സ്‌കൂള്‍ മാനേജ് മെന്റിന്റെ നേതൃത്വത്തില്‍ സംഭവം ഒത്ത് തീര്‍പ്പാക്കി ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിന് മുന്‍പും പ്രതി ഇത്തരം കേസുകള്‍ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കുകയായിരുന്നതിനാല്‍ പ്രതി ഇതുവരെയും പിടിക്കപ്പെട്ടിരുന്നില്ല.നിരവധി കുട്ടികള്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റ നേതൃത്വത്തില്‍ സബ് ജഡ്ജി ഉള്‍പ്പെടുന്ന ടീം ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്‌കൂളില്‍ കുട്ടികള്‍ക്കായി കൗണ്‍സലിങ് നടത്തുകയായിരുന്നു.ഈ കൗണ്‍സലിംഗിലാണ് കുട്ടികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി പങ്കു വച്ചത്.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സബ് ജഡ്ജി പ്രതിയെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കായികാദ്ധ്യാപകനില്‍ നിന്നും നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗണ്‍സിലിംഗില്‍ എട്ടിലധികം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു.
സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു
കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്.കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കപ്പ് ഇത്തവണ തിരിച്ച് പിടിക്കാനുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്.വാരാന്ത്യമായതിനാല്‍ തന്നെ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഇപ്പോഴും ഫലം കണ്ടിട്ടില്ല.
സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത;ഇന്നും നാളെയും യെല്ലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് തിരുവനന്തപുരം,കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡിസംബര്‍ ഒന്നിന് ഇടുക്കി, എറണാകുളം,മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും ഇടയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തൃശൂർ വാണിയംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു
തൃശൂർ:വാണിയംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു.വൈറ്റില സ്വദേശി ഷീല (50), ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപെട്ടു.പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. റോഡിലൂടെ രാത്രിയില്‍ എത്തിയവരാണ് അപകടവിവരം അറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരെ അറിയിച്ച് രക്ഷപ്രവര്‍ത്തനം നടത്തിയതിനാല്‍ ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിന്റെ ഭാഗമായി ഇന്ന് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടിനാണ് സഭ. മഹാവികാസ് അഗാഡിയുടെ ശിപാര്‍ശ അംഗീകരിച്ച് എന്‍.സി.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ദിലീപ് വത്സെ പാട്ടീലിനെ ഗവര്‍ണര്‍ പ്രോ ടെം സ്പീക്കറായി നിയോഗിച്ചു.288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചപ്പോള്‍ 162 എം.എല്‍.എമാരുടെ പിന്തുണ കത്താണ് അഗാഡി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ശിവസേന (56), എന്‍.സി.പി (54), കോണ്‍ഗ്രസ് (44) പാര്‍ട്ടികള്‍ക്ക് മാത്രം 154 എം.എല്‍.എമാരുണ്ട്.ചെറു പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്ബത് എം.എല്‍.എമാര്‍ ശിവസേനയെ പിന്തുണക്കുന്നു. ബഹുജന്‍ വികാസ് അഗാഡി (മൂന്ന്), സമാജ്വാദി പാര്‍ട്ടി (രണ്ട്), പി.ഡബ്ല്യു.പി (ഒന്ന്), സ്വാഭിമാന്‍ പക്ഷ (ഒന്ന്) എന്നിവര്‍ കോണ്‍ഗ്രസ്, എന്‍.സി.പിക്ക് ഒപ്പവുമുണ്ട്. ഇവരും ചേരുന്നതോടെയാണ് 170 പേരാകുന്നത്. വിശ്വാസ വോട്ട് തേടാന്‍ ഡിസംബര്‍ മൂന്നു വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചത്.