കണ്ണുര്‍: പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ തായത്തെരു കലിമയില്‍ പള്ളിക്കണ്ടി ജസീറിനെ (35)ആയിക്കരയില്‍ വെച്ചു കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആയിക്കര സ്വദേശി റബീഹ്, ഉരുവച്ചാല്‍ സ്വദേശി ഹനാന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.തിങ്കളാഴ്‌ച്ച രാവിലെ 11-ഓടെയാണ് പ്രതികളെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് രണ്ട് കോടതിയില്‍ ഹാജരാക്കിയത്. കേസന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ചൊവ്വാഴ്‌ച്ച വൈകീട്ട് അഞ്ചുമണി വരെയാണ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്ന് സിറ്റി സിഐ അറിയിച്ചു.പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജസീറിന്റെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
ഗള്‍ഫില്‍ നിന്നും മടങ്ങിവരവെ കാണാതായ നാറാത്ത് സദേശിയായ പ്രവാസിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ബഹ്‌റിനില്‍ നിന്നും മടങ്ങി വരുന്നതിനിടെ കാണാതായ നാറാത്ത് സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി. പാമ്പുരുത്തി മേലേ പാത്ത് വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ (42) മൃതദേഹമാണ് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്. ശനിയാഴ്‌ച്ച ബഹ്‌റിനില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലാണ് വന്നിരുന്നത്.എന്നാല്‍ ഇയാള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലിസ് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്ന് വ്യക്തമായത്. ഇതിനിടെ അബ്ദുല്‍ ഹമീദിന്റെ പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള ലഗേജുകള്‍ മംഗലൂരിൽ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഇയാൾക്കായി പൊലിസ് പരിശോധന നടത്തി വരുന്നതിനിടെയാണ് മൃതദേഹം പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ഇന്ന് കബറടക്കും. ഏറെ ക്കാലമായി വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ ഹമീദ്. പെരുമാച്ചേരി കൊട്ടപ്പൊയില്‍ സ്വദേശിനി റാബിയ്യയാണ് ഭാര്യ. റസല്‍, റയ, സബ,സൈബ എന്നിവരാണ് മക്കള്‍.
അഴീക്കോട് കപ്പക്കടവില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു
കണ്ണൂര്‍: അഴീക്കോട് കപ്പക്കടവിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു.ചിറക്കല്‍ പുതിയാപ്പറമ്പ് ജവഹര്‍ ഭവന്‍ സീനാ നിവാസില്‍ ധ്രുവ രാജാണ് മരിച്ചത്.19 വയസ്സായിരുന്നു.അഴിക്കല്‍ പാമ്ബാടി ഉത്സവം കണ്ടു ഇന്നലെ രാത്രി വൈകി മടങ്ങിവരുമ്പോഴാണ് അപകടം. ബാബുരാജ് – സീന മകനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറി യില്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത്.
പാൽചുരം റോഡ് ഇന്ന് ഭാഗികമായി തുറന്നു കൊടുക്കും;ചരക്ക് വാഹനങ്ങൾക്ക് അനുമതിയില്ല
മാനന്തവാടി: അറ്റകുറ്റപണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച മുതൽ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും.ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങൾക്ക് അനുമതിയില്ല.കഴിഞ്ഞ മാസം 26ാം തീയതി മുതലാണ് അറ്റകുറ്റപണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപണികൾക്കായി സർക്കാർ അനുവദിച്ചത്.ഈ തുക ഉപയോഗിച്ചാണ് രണ്ട് പ്രളയത്തോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ പാൽച്ചുരം റോഡ് താൽക്കാലികമായി നന്നാക്കിയത്. നിലവിലെ അറ്റകുറ്റപണികൾ അന്തിമ ഘട്ടത്തിലാണ്. പാൽച്ചുരം അടച്ചതിനു ശേഷം പേര്യ ചുരം വഴിയാണ് വാഹനങ്ങൾ കണ്ണൂർ ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്. പണി പൂർണമായും പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ ചരക്ക് വാഹനങ്ങൾക്ക് പാൽച്ചുരത്തിലൂടെ ഓടാൻ അനുമതി നൽകുകയുള്ളൂ.
പോലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പിടിയില്‍
വയനാട്: സമൂഹമാദ്ധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച് പോസ്റ്റിട്ട ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുമാണ് കോട്ടക്കൽ പോലീസ് ഷൈജുവിനെ പിടികൂടിയത്. നിരവധി കൊലപാതക, ഹൈവേ കവർച്ചാകേസുകളിലെ പ്രതിയാണ് ഇയാൾ.കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു അടുത്തിടെ പോലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു. കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂര്‍ റൂറല്‍ പോലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്.ഒരു വർഷത്തേയ്‌ക്ക് തൃശ്ശൂർ ജില്ലയിൽ കാൽകുത്തുന്നതിൽ നിന്നും ഇയാളെ വിലക്കിയിരുന്നു. ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ, മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്.ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്ന് പുലർച്ചെയാണ് ഷൈജു വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലായത്. മലപ്പുറം എസ്പിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാൻ വലവിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും ഷൈജു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. അതിർത്തിയിലും, കടലിലും താൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസിനെ ഇയാൾ വെല്ലുവിളിച്ചത്.പോലീസ് നാടുകടത്തിയതിന്റെ പ്രകോപനത്തിലാണ് ഇയാൾ പോലീസിനെ വെല്ലുവിളിച്ച് ഒരു വീഡിയോ സന്ദേശമിട്ടത്.
വധഗൂഢാലോചന കേസ്; ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് വിധി.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ കോടതി ഇരുപക്ഷത്തിന്‍റെയും വാദം കേട്ടിരുന്നു. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു.
കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച വിദേശമദ്യം പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് ശ്രമിച്ച 18 ലിറ്ററോളം വിദേശ മദ്യവും 15 കുപ്പി ബിയറും പിടികൂടി.മാഹിയില്‍ നിന്നും വാങ്ങി കണ്ണൂരിലെത്തിച്ച് വില്‍ക്കാനായിരുന്നു ശ്രമം. മദ്യം കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ജിന്‍സില്‍ ലാലിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെണ്ടയാട് ചെങ്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മദ്യം കൊണ്ടുവന്നതെന്ന് ജിന്‍സിന്‍ മൊഴി നല്‍കി.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു;പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നാം തരംഗം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,99,054 പേര്‍ക്കാണ് രോഗമുക്തി. 96.19 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവിൽ 11,08,938 പേരാണ് വൈറസ് ബാധിച്ച് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറിൽ 895 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,02,874 ആയി
വധഗൂഢാലോചന കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.എന്നാല്‍ വ്യവസ്ഥകളോടെയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍.തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് മനസ്സിലായതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു;ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെ
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നു. കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്.10,11,12 ക്ലാസുകളും ബിരുദ, പിജി ക്ലാസുകളുമാണ് ഇന്ന് തുടങ്ങുക.10,11,12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകൾ നൽകുക, മോഡൽ പരീക്ഷയ്‌ക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം രാവിലെ മുകൽ വൈകിട്ടുവരെ ക്രമീകരിക്കുന്നത്. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭിക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും.