മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകൾ പിടികൂടി.ബുധനാഴ്ച പുലര്‍ച്ചെയാണ് വിമാനത്തില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് എത്തിയ ഗോ എയര്‍ വിമാനത്തിനുള്ളില്‍ സീറ്റിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.എന്നാല്‍ ഇത് കൊണ്ടുവന്നയാളെ കണ്ടെത്താന്‍ സാധിച്ചില്ല.വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനിടയില്‍ ഒളിപ്പിച്ച പൊതിയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രണ്ട് കെട്ടുകളിലായി പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.അതിനിടെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ മൂന്നു കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ നൗഫലില്‍ നിന്നാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്നും കുങ്കുമപ്പൂവ് കണ്ടെത്തിയത്.
ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ച് ദേവസ്വം ബോര്‍ഡ്
ശബരിമല: ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ദേവസ്വം ബോര്‍ഡ് കര്‍ശനമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.നേരത്തെ തന്നെ സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമാക്കിയിരുന്നില്ല. പ്രതിഷ്ഠയുടെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് നിരോധനം കര്‍ശനമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകള്‍ വാങ്ങി ചത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് കളയും.അടുത്ത ഘട്ടത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും, കേസെടുക്കുകയും ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ഐടിബിപി ക്യാമ്പിൽ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
റായ്പൂര്‍:ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നു.ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), കോണ്‍സ്റ്റബിള്‍മാരായ സുര്‍ജിത്ത് സര്‍ക്കാര്‍ (ബര്‍ദ്വാന്‍- പശ്ചിമബംഗാള്‍), ബിശ്വരൂപ് മഹദോ (പുരൂലിയ-പശ്ചിമബംഗാള്‍) എന്നിവരാണ് മരിച്ചത്.നാരായണ്‍പൂരില്‍ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്‌പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് എക്‌സൈസ് വകുപ്പും പോലീസും
കണ്ണൂർ:ജില്ലയിലെ വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് ജില്ലാ പഞ്ചായത്തും എക്‌സൈസ് വകുപ്പും പോലീസും. ജനുവരി 30 വരെ നീളുന്ന വിമുക്തി മിഷന്‍റെ ഭാഗമായുള്ള ലഹരിവിരുദ്ധ കാമ്പയിനിലൂടെ പൂര്‍ണമായ ലഹരി നിര്‍മാജനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് പറഞ്ഞു.ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77, 78 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന്റെ ഭാഗമായി കുട്ടികളില്‍ ലഹരിയുടെ ദൂഷ്യഫലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ‘ചായക്കട’ എന്ന പേരിലുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്പ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ് അറിയിച്ചു. ഡോക്യുമെന്‍ററി പ്രകാശനം ഡിസംബര്‍ മൂന്നിന് രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ,എയ്‌ഡഡ് സ്കൂളുകളിൽ ഡിസംബർ നാലിന് പ്രത്യേക അസംബ്ലികൾ വിളിച്ചു ചേർക്കാനും അധ്യാപകർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
വിമുക്തി പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് തലശേരി ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളിലെ കായിക, സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും അവരെ അതിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഒപ്പന, കോല്‍ക്കളി, കരാട്ടെ, കളരി, നാടന്‍പാട്ട്, മാജിക് ഷോ തുടങ്ങിയ പരിപാടികളും കാമ്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ഥം ഡിസംബര്‍ നാലിന് വൈകുന്നേരം ഫ്‌ളാഷ് മോബ്, ബൈക്ക് റാലി എന്നിവയും വിളംബര ജാഥയും സംഘടിപ്പിക്കും.ഡിസംബര്‍ 15നു ശേഷം എക്‌സൈസും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്‌കൂളിന് 500 മീറ്റര്‍ പരിധിയില്‍ വരുന്ന കടകള്‍ സന്ദര്‍ശിച്ച് ഒരു ജനകീയ കാമ്പയിനിലൂടെ ലഹരി വസ്തുക്കള്‍ വില്‍ക്കരുതെന്ന സന്ദേശം നല്‍കും.സ്‌കൂളുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കും.ഇതിന് പുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം അവരുടെ ഭാഷയില്‍ തന്നെ നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമുക്തിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് പ്രചരണ ജാഥകള്‍, സൈക്ലത്തോണ്‍, മാരത്തോണ്‍, കൂട്ടയോട്ടം, റാലി, മനുഷ്യച്ചങ്ങല തുടങ്ങി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഫേസ്ബുക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടി;ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍
കൊച്ചി:ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍.ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു.ആത്മഹത്യയുടെ വക്കിലാണ് താനെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം.
ഫേസ്ബുക് പോസ്റ്റിലെ വിശദാംശങ്ങൾ ഇങ്ങനെ:
ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ലൈവില്‍ വന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അഞ്ജലി അമീര്‍ താന്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്കെതിരെ ഒരാള്‍ ആസിഡ് ആക്രമണം നടത്തുമെന്നും തന്നെ ടോര്‍ച്ചര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ നേരത്തെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നെന്ന് നടി ലൈവില്‍ പറയുന്നു.തനിക്ക് ഇഷ്ടമില്ലാതിരുന്ന ഒരു വ്യക്തിയുമായി, പലസാഹചര്യങ്ങള്‍കൊണ്ടും തനിക്ക് ലിവിങ് ടുഗദറില്‍ ഏര്‍പ്പടേണ്ടി വന്നിരുന്നു.നേരത്തെ അയാള്‍ തന്നെ വഞ്ചിക്കാന്‍ നോക്കിയപ്പോഴാണ് അയാള്‍ക്കെതിരായി ഒരു പോസ്റ്റിട്ടത്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ എന്നെ കൊന്നുകളയും , ആസിഡ് മുഖത്തൊഴിക്കും എന്ന് തുടങ്ങിയ പലതരത്തിലുള്ള ഭീഷണികളാണ് അയാള്‍ ഇപ്പോള്‍ തനിക്കെതിരെ നടത്തുന്നതെന്നും നടി പറയുന്നു.അയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് യാതൊരു തരത്തിലുള്ള ആഗ്രഹവും ഇല്ല. അയാളെ ഞാന്‍ വെറുക്കുന്നു. ഈ ലോകത്ത് ഞാന്‍ ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമാണ്.സംഭവത്തില്‍ പോലീസ് കമ്മീഷ്ണര്‍ക്ക് ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ട്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇന്ന വ്യക്തിയായിരിക്കുമെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 4-5 ലക്ഷം രൂപയോളം ഇതിനോടകം തന്നെ അയാള്‍ തനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിലും ഞങ്ങള്‍ ഒരു വീട്ടില്‍ ഒരുമിച്ചായിരുന്നു താമസമെന്നും അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു. തനിക്ക് ഒട്ടും യോജിച്ച് പോവാന്‍ കഴിയുന്ന തരത്തിലുള്ള സ്വഭാവം ആയിരുന്നില്ല ആ വ്യക്തിയുടേത്. രാവില തന്നെ കോളേജിലേക്ക് രാവിലെ കൊണ്ടു വിട്ടാല്‍ വൈകുന്നേരം ആവുന്നത് വരെ പുള്ളി അവിടെ തിരിഞ്ഞു കളിക്കും. ഞാന്‍ എങ്ങോട്ടേലും പോവുന്നുണ്ടോ, എന്ത് ചെയ്യുകയാണ് എന്നൊക്കെ അന്വേഷിക്കും.ഞാന്‍ എന്ത് വര്‍ക്കിന് പോയാലും തന്‍റെ കയ്യില്‍ നിന്ന് പണം മേടിക്കും. ഒന്നര വര്‍ഷമായി ഒരു പണിക്കും അയാള്‍ പോകുന്നില്ല. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നും അയാളുടെ കാലും കയ്യും പിടിച്ച് ഞാന്‍ പറഞ്ഞതാണ്.അയാള്‍ക്ക് ഞാനൊരു ദുരിതമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല. അയാളുടെ പേര് അനസ്. അയാളുടെ വീട് കൊടുവള്ളിയാണ്. നിങ്ങളുടെ മകനെ നിങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ കൊന്ന് കളഞ്ഞേക്ക് എന്നാണ് അവന്‍റെ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് ജാമ്യം
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു.ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്. ഐഎന്‍എക്സ് മീഡിയ പണമിടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന്‍റെ പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചെന്നാണ് ആരോപണം.
നടി ആക്രമിക്കപ്പെട്ട കേസ്;തെളിവുകളുടെ സമ്പൂർണ്ണ ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി
കൊച്ചി:നടി ആക്രമിക്കപ്പെട്ടകേസിൽ തെളിവുകളുടെ സമ്പൂർണ്ണ ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി.അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകളായി ശേഖരിച്ച 32 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നു പകര്‍ത്തിയ തെളിവുകളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ അപേക്ഷ.ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പിനായി നല്‍കിയ അപേക്ഷയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതി ദിലീപിന്റെ 3 മൊബൈല്‍ ഫോണുകളില്‍ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്‌ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഇതു നല്‍കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെടാന്‍ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. കേസിലെ നിര്‍ണായക സാക്ഷികളായ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷന്‍ പങ്കുവെച്ചു.വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു നടപടികള്‍ വൈകിപ്പിക്കാനാണു പ്രതിഭാഗം ഇപ്പോഴും ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഡിജിറ്റല്‍ രേഖകള്‍ക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കില്‍ ഇത്തരം തെളിവുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാന്‍ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി കേസ് 11 നു വീണ്ടും പരിഗണിക്കും. അതേസമയം നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെങ്കിലും ഇതു കാണാന്‍ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാന്‍ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഇവ കാണാന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അഭിപ്രായം തേടാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ;ലാന്‍ഡര്‍ എവിടെയാണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയതായി ചെയര്‍മാന്‍ കെ.ശിവന്‍
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 2വിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍.വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും,സെപ്തംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടത്.ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമായിരുന്നു നാസയുടെ സ്ഥിരീകരണം.രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നാസ പുറത്ത് വിട്ടത്.തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.
വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസിക യാത്ര; കാര്‍ ഉടമയുടെ ലൈസന്‍സ് റദ്ദാക്കി
വയനാട്:വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ ഉടമയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.കാര്‍ ഉടമയായ പേരാമ്പ്ര സ്വദേശി സഫീര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇയാളെ രണ്ട് ദിവസത്തേക്ക് ഗതാഗത വകുപ്പിന്റെ പരിശീലനത്തിന് അയക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഉത്തരവിട്ടു.വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സാന്‍ട്രോ കാര്‍ ഗതാഗത വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ഉടമ സഫീര്‍ എത്തിയില്ല.എന്നാല്‍ ലൈസന്‍സും ആര്‍സി ബുക്കും മറ്റൊരാള്‍ മുഖേനെ എം.വി.ഐക്ക് സഫീര്‍ കൈമാറി. ഈ സാഹചര്യത്തില്‍ സഫീറിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനില്ലെന്ന വിലയിരുത്തലോടെ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ തീരുമാനീക്കുകയായിരുന്നു.എടപ്പാളിലെ ഗതാഗത വകുപ്പിന്റ പരിശീലന കേന്ദ്രത്തിലാണ് ഈ കാലയളവിനുള്ളില്‍ രണ്ട് ദിവസം ക്ലാസിനു സഫീര്‍ ഹാജരാവേണ്ടത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ രേഖകളും സഫീര്‍ ഹാജരാക്കിയില്ല. ഇതിന് മറ്റൊരു കേസും ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പദ്ധതി നടപ്പിലാകുന്നതോടെ ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാനാവും.ആധാറിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ പദ്ധതി പ്രാബല്യത്തില്‍ വരികയെന്ന് ഭക്ഷ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇ- പോസ് സൗകര്യമുള്ള റേഷന്‍ ഷാപ്പുകള്‍ ആയിരിക്കണം. രാജ്യവ്യാപകമായി പദ്ധതി ജൂണ്‍ ഒന്നിന് നടപ്പാക്കുമെന്ന് പാസ്വാന്‍ പറഞ്ഞു. പുതിയ പരിഷ്‌കാരം രാജ്യത്തെ തൊഴിലാളികള്‍ക്കും, രാജ്യത്തെ ദിവസവേതനകാര്‍ക്കും ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജോലി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നവർക്ക് റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നും പാസ്വാന്‍ പറഞ്ഞു.