News Desk

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

keralanews four accused in hyderabad rape murder case killed in police encounter

ഹൈദരാബാദ്:ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച്‌ വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു.നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു.യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെത ടയറുകള്‍ പഞ്ചറാക്കി.യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു.സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര്‍ ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്‌കൂട്ടറിലുമാണു പോയത്.പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.

ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ

keralanews sabarimala verdict related to woman entry is not the final word said chief justice s a bobde

ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച്‌ രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

നിർഭയ കേസ്;ആരാച്ചാരാകാൻ തയ്യാറായി പാലായിൽ നിന്നും ഒരു യുവാവ്

keralanews nirbhaya case an young man from pala ready to become the executioner

കോട്ടയം: നിര്‍ഭയക്കേസിലെ പ്രതികളുടെ കഴുത്തില്‍ കൊലക്കയര്‍ അണിയിക്കാന്‍ തയാറായി പാലായിൽ നിന്നും ഒരു യുവാവ്.പാലാ സ്വദേശിയും ഡ്രൈവറും സാമൂഹിക പ്രവര്‍ത്തകനുമായ നവില്‍ ടോമാണ് നീതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ കത്തയച്ചതെന്ന് നവില്‍ ടോം പറഞ്ഞു.ഡല്‍ഹി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിനാണ് നവില്‍ ഇ- മെയില്‍ അയച്ചിരിക്കുന്നത്.പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും വയനാട്ടിലെ ആദിവാസി മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും നവില്‍ പറഞ്ഞു. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നത്.ഷിംല സ്വദേശിയായ രവികുമാര്‍ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പവന്‍ ജല്ലാദ് എന്ന ആരാച്ചാരും ഇതിന് സന്നദ്ധത അറിയിച്ചിരുന്നു.ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല.ആവശ്യമുള്ളപ്പോള്‍ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്.മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുണ്ടാകുക എന്നത് മാത്രമാണ് ആരാച്ചാര്‍ തസ്തികയുടെ യോഗ്യത.

ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാംനി​ല​യി​ല്‍ നി​ന്ന് ചാ​ടി യു​വാ​വ് ജീവനൊടുക്കി

keralanews man jumps to death from 6th floor of kerala highcourt

കൊച്ചി:ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ(46) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

ഫാത്തിമ ലത്തീഫിന്റെ മരണം;സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

keralanews the death of fathima latheef amith sha said cbi will investigate the case

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥിനിയുടെ പിതാവ് ലത്തീഫുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ അറിയിച്ചു.കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി.ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒൻപതിനാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

‘നിഴല്‍’;വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസിന്റെ പുതിയ പദ്ധതി

keralanews nizhal kerala police launches new scheme for women and senior citizen

തിരുവനന്തപുരം:രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.’നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറിൽ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കാം.പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും.രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.നമ്പർ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച്‌ വിവരം അന്വേഷിക്കുകയും ചെയ്യും.112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

keralanews by election for 15 constituencies in karnataka today

ബെംഗളൂരു:കര്‍ണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്‌ 66ഉം ജനതാദളിന്‌ 34ഉം അംഗങ്ങളുണ്ട്‌. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരില്‍ 13 പേരും നിലവിലെ മണ്ഡലത്തില്‍നിന്ന്‌ ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു.ഇവയെല്ലാം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ്‌ സീറ്റുകളാണ്‌. കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാരില്‍നിന്ന്‌ 17 എംഎല്‍എമാര്‍ രാജിവച്ചതാണ്‌ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. ഇവരില്‍ 14 പേരും ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്.അതേസമയം 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബംഗളുരു നഗരം ഉൾപ്പെട്ട നാല് മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കര്‍ണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി​യെ ​പ്രതികള്‍ ഉള്‍പ്പെട്ട സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

keralanews unnao gang rape survivor set ablaze by the accused in the case

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ തീകൊളുത്തി െകാലപ്പെടുത്താന്‍ ശ്രമിച്ചു.ഗുരുതരമായി പൊള്ളേലറ്റ യുവതിയെ കാണ്‍പൂരിലെ ആര്‍.ആര്‍.എല്‍ ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ന് ബയ്സ്വര ബിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. റായ് ബറേലിയിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന യുവതിയെ ബലാത്സംഗകേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം പിന്തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.ആറംഗ അക്രമി സംഘം യുവതിയെ മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി വലിച്ചിഴച്ച്‌ വയലിലേക്ക് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയും ചെയ്തു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും യുവതിയെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.യുവതിയുടെ മൊഴിയെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി കൂട്ട ബാലത്സംഗത്തിനിരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച്‌ യുവതി വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹരി ശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം, ശിവം, ഉമേഷ് എന്നിവരാണ് പ്രതികള്‍.

നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പൽ റാഞ്ചി;കപ്പലിൽ 18 ഇന്ത്യൻ ജീവനക്കാരും

keralanews eighteen indians on board a hong kong flagged vessel were kidnapped by pirates near the nigerian coast

ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഹോങ്കോങ് കപ്പല്‍ തട്ടിയെടുത്തു. കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരുമുണ്ടെന്നാണ് വിവരം.മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ്. മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജന്‍സി വെബ്‌സൈറ്റില്‍ പറയുന്നത്. ബോണി ദ്വീപിന് സമീപത്തു വച്ചാണ് കപ്പൽ റാഞ്ചിയത്.കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 18 പേരും ഇന്ത്യക്കാരാണ്.ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.

സർവകലാശാല മാർക്ക്ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

keralanews more evidences against minister k t jaleel in university mark donation controversy

തിരുവനന്തപുരം: സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലാ ചട്ടം ലംഘിച്ചെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മന്ത്രി അദാലത്തില്‍ പങ്കെടുക്കുകയും ഫയലുകളില്‍ തീരുമാനമെടുക്കുകയും ചെയ്യുമെന്ന്‌ വ്യക്തമാക്കുന്ന ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അദാലത്തിന്റെ ഫയലുകള്‍ കാണണമെന്ന് പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.വിവിധ സര്‍വകലാശാലകള്‍ അദാലത്ത് നടത്തുന്നത് സംബന്ധിച്ച്‌ ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ആറ് സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഉത്തരവാണ് ഇത്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയുള്ളത്.മന്ത്രി ഈ അദാലത്തില്‍ പങ്കെടുക്കുമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. അദാലത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ അതേദിവസം ഇത്തരം സമിതികള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കാവുന്നതാണെങ്കില്‍ സംഘാടക സമിതിതലത്തില്‍ തീര്‍പ്പാക്കണമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയല്‍ മാത്രം മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നല്‍കണമെന്നും പറയുന്നുണ്ട്.അദാലത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മാത്രമേ താന്‍ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തില്‍ മറ്റുതരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലും തീരുമാനമാകാത്ത ഫയലുകള്‍ മന്ത്രിയുടെ മുന്‍പില്‍ എത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് വ്യക്തമാക്കുന്നത്. ചാന്‍സിലറുടെ അനുമതിയില്ലാതെ ഇത്തരം ഫയല്‍ അദാലത്തുകളില്‍ പങ്കെടുക്കാന്‍തന്നെ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല എന്നിരിക്കെയാണ് ചട്ടവിരുദ്ധമായ ഇടപെടല്‍ നടത്തിയതായി വ്യക്തമായിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി വിശേഷിപ്പിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീല്‍. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.ഹിയറിങ്ങിനു ശേഷം ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ പരിശോധനയിലേക്ക് ഗവര്‍ണര്‍ കടക്കുന്നുവെന്നാണ് ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചതിലൂടെ മനസിലാകുന്നത്. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിക്ക് വേണ്ടി ആര്‍.എസ് ശശികുമാര്‍, എം ഷാജര്‍ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ഗവര്‍ണര്‍ നേരിട്ട് പരാതി കേള്‍ക്കും.സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥി എന്നിവരുടെ ഭാഗവും കേള്‍ക്കും.