തിരുവനന്തപുരം: മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലായ മീഡിയവൺ സംപ്രേഷണം നിർത്തി. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് മീഡിയവൺ സംപ്രേക്ഷണം അവസാനിപ്പിച്ചത്. എഡിറ്റർ പ്രമോദ് രാമൻ ചാനലിൽ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും പ്രമോദ് രാമൻ പറഞ്ഞു.‘മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ. പ്രേക്ഷകർ നൽകുന്ന പിന്തുണയ്‌ക്ക് അകമഴിഞ്ഞ നന്ദി’ പ്രമോദ് രാമൻ പറഞ്ഞു.
വധശ്രമ ഗൂഢാലോചന കേസ്;ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ചു; ഫോറൻസിക് പരിശോധനയ്ക്കയക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ചു. സാംപിളുകൾ ഫോറെൻസിക് പരിശോധനയ്‌ക്ക് അയക്കും. ഒരാഴ്‌ച്ചയ്‌ക്കകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകൾ കേസിലെ നിർണ്ണായ തെളിവാണ്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഉൾപ്പെടുന്ന സംഭാഷണങ്ങളാണിവ. ഈ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായ തെളിയിക്കുകയാണ് ലക്ഷ്യം.നോട്ടീസ് നൽകിയ പ്രകാരം ദിലീപും അനൂപും സുരാജും 11 മണിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി. സ്റ്റുഡിയോയിൽ ശബ്ദം റെക്കോർഡ് ചെയ്യുകയും ഇത് തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിലേക്ക് അയക്കുകയും ചെയ്യും. ക്ലിപ്പിലുള്ള ശബ്ദം തന്റേത് തന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകളാണെന്നായിരുന്നു ദിലീപ് അറിയിച്ചത്.
തലശേരിയില്‍ റെഡിമെയ്ഡ് കട കത്തിനശിച്ചു; 15 ലക്ഷം രൂപയുടെ നാശനഷ്ടം
കണ്ണൂർ: തലശേരിയില്‍ റെഡിമെയ്ഡ് കട കത്തിനശിച്ചു.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 15 ലക്ഷം രൂപയുടെ തുണിത്തരങ്ങളുടെ സ്റ്റോക്കാണ് കത്തിനശിച്ചത്. തലശേരി നഗരത്തിലെ ടെലിടവറിലെ അപ്‌ഡേറ്റ്‌സ് ജെന്‍സ് ഷോപ്പിലാണ് തീപ്പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന സ്റ്റോക്ക് പൂര്‍ണമായും കത്തിനശിച്ചു.ചൊവ്വാഴ്ച രാവിലെ കട തുറക്കുമ്പോഴാണ് കടയ്ക്കുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. കടയുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി തീ അണച്ചു. എ സി യും ഇന്റിരിയറും കത്തി നശിച്ചെന്നും കടയുടമ മുഹമ്മദ് സമീര്‍ പറഞ്ഞു.ഉടമയുടെ പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി – മാഹി ദേശീയ പാതയിലെ പുന്നേല്‍ കുറിച്ചിയില്‍ പച്ചക്കറി – പഴവര്‍ഗ കട കത്തി നശിച്ചിരുന്നു.
കണ്ണൂർ ചിറക്കലില്‍ കെ. റെയില്‍ സര്‍വ്വേ കല്ലിടല്‍ പ്രതിഷേധക്കാർ തടഞ്ഞു
കണ്ണൂർ: ചിറക്കലില്‍ കെ. റെയില്‍ സര്‍വ്വേ കല്ലിടല്‍ പ്രതിഷേധക്കാർ തടഞ്ഞു. കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും, കെ- റയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും ചേർന്നാണ് തടഞ്ഞത്.ഇന്നു രാവിലെ ചിറക്കല്‍ റയില്‍വേ ഗേറ്റിനു സമീപമായിരുന്നു പ്രതിഷേധം നടന്നത്.വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. കെ- റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ അഡ്വ. പി. സി.വിവേകിനെയും ജില്ലാ നേതാവ് അഡ്വ. ആര്‍.അപര്‍ണയെയും വളപട്ടണം പൊലീസ് അറസ്റ്റുചെയ്ത് വലിച്ചിഴച്ചാണ് സ്റ്റേഷനില്‍ കൊണ്ട് പോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടര്‍ന്ന് കല്ലിടല്‍ തുടരുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍, രാജേന്ദ്രന്‍, പ്രമോദ്, ബിനീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പൊലീസ് നടപടിക്കെതിരേ ഇന്നു വൈകിട്ട് ചിറക്കല്‍ ഗേറ്റില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് അഡ്വ. പി.സി. വിവേക് അറിയിച്ചു.
തോൽപ്പെട്ടിയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി
മാനന്തവാടി: തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. മൈസൂരുവിൽനിന്നു എറണാകുളത്തേക്ക് പോകുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽനിന്നാണ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി അനുലാലിനെയും തൊണ്ടിമുതലും ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്.പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.പി. ലത്തീഫ്, സജീവൻ തരിപ്പ, സി.ഇ.ഒ വി. രഘു, കെ. ശ്രീധരൻ, പി. വിജേഷ് കുമാർ, ഹാഷിം,എം.എസ്. ദിനീഷ് എന്നിവരും പങ്കെടുത്തു.
തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാര്‍
തൃശൂർ: തൃശൂരിൽ കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു.പുത്തന്‍ചിറ കിഴക്കുംമുറി കച്ചട്ടില്‍ നിഖിലിന്‍റെ മകള്‍ അഗ്നീമിയ ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ പിതാവ് നിഖില്‍ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയന്‍ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു കുടുംബം. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.അതിസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും ജനവാസമേഖലയില്‍ നിന്നും വന്യമൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നുമാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.അതിരപ്പിള്ളി ആനമല റോഡ് നാട്ടുകാര്‍ ഉപരോധിക്കുകയും ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയും ചെയ്തു. കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നാളെ ചോദ്യം ചെയ്യും
കൊച്ചി: സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നാളെ ചോദ്യം ചെയ്യും.നാളെ കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്‌ക്ക് സമൻസ് നൽകി. ഇ ഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് അന്വേഷിക്കുക എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞത് അസൂത്രിതമായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.എം ശിവശങ്കറാണ് പിന്നിലെന്നും സ്വപ്ന തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഇഡി സമൻസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്‌പോർട്‌സ്- യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ.ഇഡി ചോദ്യം ചെയ്തത് കൃത്യമായ രേഖകള്‍ കാട്ടിയായിരുന്നെന്നും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അവര്‍ ഹാജരാക്കിയെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നില്‍ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുവേണ്ടിയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ കേസിന്റെ അന്വേഷണഘട്ടത്തില്‍ അട്ടകുളങ്ങര ജയിലില്‍ വെച്ച് ഇ.ഡി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കും;മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയരും; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കും.മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി ഉയരും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക.മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ഇന്ന് ചേരും.വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ ആരാധാനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായിരുന്നു.എന്നാൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരണമോ എന്നത് യോഗം ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണളിൽ ഇളവിന് സാധ്യതയെന്നും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് സൂചന. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളിൽ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട്പരിശോധിക്കുന്നത്തിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തിൽ നിന്ന് ടി പി ആർ 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വേണമെന്ന് മത സമുദായിക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.അതേസമയം, ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. നിലവിൽ കൊല്ലം ജില്ലയാണ് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉള്ളത്. കാസർഗോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. രോഗ വ്യാപന തോത് അനുസരിച്ചു ജില്ലകളെ പുനർക്രമീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു;പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് ആരോപണം
കണ്ണുര്‍:കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു.തിങ്കളാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം.കണ്ണൂര്‍ കക്കാട് റോഡിലെ രാമതെരുവില്‍ ബിജു പാലയുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് ആക്രമികള്‍ തീവച്ച് നശിപ്പിച്ചത്.സ്‌കൂട്ടറും സൈക്കിളും പൂര്‍ണമായും കത്തിനശിച്ചു. ഷെഡില്‍ നിര്‍ത്തിയിട്ട ഓട്ടോയും ഭാഗികമായി കത്തിയിട്ടുണ്ട്.സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.പുഴാതി ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ് ബിജു. കണ്ണുര്‍ നഗരത്തില്‍ പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരെ ബിജുവിന്റെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.ഇതിന്റെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.എ എസ്‌പി ട്രെയിനി വിജയ് ഭരത് റെഡ്ഡി, കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ക ശ്രീജിത്ത് കോടേരി എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.