ഡല്‍ഹി:കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ സബാന്‍ ചൗക്കിലാണ് അപകടമുണ്ടായത്. ദില്ലി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ ബവാളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗത തടസ്സമുണ്ടായി. പോലീസും അധികൃതരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കി.കനത്ത തണുപ്പിനെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഞായറാഴ്ച വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു; കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസ് പ്രതിനിധികളുടെ വന്‍ പ്രതിഷേധം
കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ഗവര്‍ണര്‍ രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചതോടെ ചരിത്രകോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. ജാമിയ മിലിയയില്‍ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കള്‍ ഉള്‍പ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു. ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടര്‍ന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ സ്വന്തം പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി എഴുതി അവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകര്‍ തടയുകയായിരുന്നു.എന്നാല്‍ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നല്‍കിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
കണ്ണൂരിൽ ഗവര്‍ണര്‍ക്കു കരിങ്കൊടി;യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍.വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് ജില്ലാ പൊലിസ് മേധാവി താക്കീതും നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ എം.പി കെ.സുധാകരനും മേയറും ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
ഐഎസ്‌എല്‍;കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്
കൊച്ചി:ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.രാത്രി 7:30ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കേരളത്തിന്റെ ഈ സീസണിലെ പത്താം മത്സരമാണിത്.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്.ഒൻപത് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എട്ടെണ്ണത്തിലെങ്കിലും കേരളത്തിന് വിജയിക്കണം.
തളിപ്പറമ്പിൽ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ:തളിപ്പറമ്പിൽ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്ബ് സീതി സാഹിബ് സ്‌കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മന്‍സിലിലെ ടി.കെ.റിയാസ്(26) ആണ് എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.ലഹരി കടത്താനായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പ് പരിസരത്തെ കോളജുകളിലും മറ്റും യുവാക്കള്‍ക്കിടയില്‍ ലഹരി ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതെന്നും മുംബൈയില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്നും പ്രതി എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി.
ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുന്നു
ന്യൂഡല്‍ഹി:ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നു നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനെക്കുറിച്ച് ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതു കമ്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അമിത മരുന്നുപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു.ഇതുമൂലം അണുബാധയ്ക്കെതിരെ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്.എച്ച്, എച്ച് 1 പട്ടികയിലുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുതിയ നിര്‍ദേശം.
പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ചു; ഗവർണ്ണർക്കെതിരെ വിദ്യാർത്ഥി പ്രതിഷേധത്തിന് സാധ്യത; നടപടി കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘടനകള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ താക്കീത്.ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പോലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യാക്തമാക്കി.അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ഇടത്-വലത് വിദ്യാര്‍ഥി സംഘടനകളെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ്സിൽ ശനിയാഴ്ച രാവിലെയാണ് ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്.ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.ഗവര്‍ണറെ തടയുമെന്ന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട് ദ്രുത കര്‍മ സേനയെ വിന്യസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിൽ അതിശൈത്യം;താപനില രണ്ട് ഡിഗ്രിയിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. ശനിയാഴ്ച രാവിലെ 2.4 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ കുറഞ്ഞ താപനില.വെള്ളിയാഴ്ച 4.2 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനിലയെങ്കില്‍ ശനിയാഴ്ച അത് വീണ്ടും താഴുകയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡിസംബര്‍ 14ന് ശേഷം ഡല്‍ഹിയില്‍ പല ദിവസങ്ങളിലും താപനില 15 ഡിഗ്രിക്കും താഴെയായിരുന്നു.1901ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഡിസംബറിലെ താപനില ഇത്രയും താഴുന്നത്. ഇതിന് മുൻപ് 1997,1998,2003,2014 വര്‍ഷങ്ങളിലാണ് ഡല്‍ഹിയില്‍ അതിശൈത്യമുണ്ടായത്.അതേസമയം ചൊവ്വാഴ്ചമുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മഴ പെയ്താല്‍ തണുപ്പിന്റെ കാഠിന്യമേറും.
അനിശ്ചിതകാല പണിമുടക്ക്;കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്‌ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സമരം തുടങ്ങിയത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിനിറെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.ശമ്പളത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.
വിദ്യാര്‍ത്ഥി മാര്‍ച്ച് തടഞ്ഞ് പൊലീസ്;യു.പി ഭവനു മുന്നില്‍ വ്യാപക അറസ്റ്റ്;ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യുപി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാര്‍ച്ചില്‍ പരക്കെ അറസ്റ്റ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്.മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്.പ്രതിഷേധത്തിനെത്തിയ വനിതകളെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐ യുമാണ് യുപി ഭവനിലേക്ക് പ്രതിഷേധവുമായി എത്തിയത്.ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് വലിയ സന്നാഹത്തെ തന്നെ ഇറക്കിയിരുന്നു.ജാമിഅ മിലിയയിൽ നിന്നും വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസ് ഭരത് നഗറില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. യു.പി ഭവനില്‍ പ്രതിഷേധത്തിന് വരികയായിരുന്ന ബസാണ് തടഞ്ഞത്.