ന്യൂഡല്‍ഹി: നാവിക സേനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.ഇതിനു പുറമെ സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചിട്ടുണ്ട്.നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളേയും ഒരു ഹവാല ഇടപാടുകാരനേയും മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. ചില നിര്‍ണായക വിവരങ്ങള്‍ ഇവര്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും വിശദമായി അന്വേഷിക്കുന്നുണ്ട്.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ ഇന്നെത്തിക്കും
കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ ഇന്നെത്തിക്കും. അങ്കമാലിയിലെ മഞ്ഞപ്രയിലാണ് ഇവ സംഭരിക്കുക.മരടിലെ 4 ഫ്ലാറ്റുകളിലെ 5 ടവറുകളാണ് പൊളിക്കുന്നത്. ഇതിനായി 1600 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് എത്തിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിന് ശേഷം ബാക്കി വരുന്ന വസ്തുക്കൾ മരടിൽ സൂക്ഷിക്കില്ല. അങ്കമാലിയിലെ സംഭരണ കേന്ദ്രത്തിലേക്ക് തന്നെ മാറ്റും. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനായുളള ദ്വാരങ്ങളിടുന്ന ജോലികള്‍ രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.ഇത് കഴിയുന്നതോടെ സ്ഫോടകവസ്തുക്കള്‍ മരടിലെത്തിച്ച് കെട്ടിടത്തിലെ ഈ ദ്വാരത്തിനകത്ത് നിറക്കും. ജനുവരി 11ന് തന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കും.അതേസമയം ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുമ്പോഴും പരിസരവാസികളുടെ ആശങ്ക പരിഹരിക്കാനുളള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഫ്ലാറ്റുവാങ്ങിയവർക്ക് നഷ്ടപരിഹാരം നല്‍കിയത് നല്ല കാര്യമാണ്. എന്നാൽ പൊളിക്കുന്നതിന്റെ മുഴുവൻ ദുരിതവും പ്രത്യാഘാതവും ഏറ്റുവാങ്ങേണ്ടി വരുന്നത് പരിസരവാസികളാണ്.തങ്ങളുടെ വീട് വരെ നഷ്ടപ്പെടുന്ന സ്ഥിതിയിലും ആരും ഒരിടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതലപ്പെടുത്തിയ സബ് കളക്ടർ സ്നേഹിൽകുമാർ നാട്ടുകാരുമായി ആശയ വിനിമയത്തിന് തയ്യാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കൂടത്തായി കൊലപാതക പരമ്പര; ആദ്യകുറ്റപത്രം തയ്യാറായി
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം തയ്യാറായി.പ്രധാന പ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്.കുറ്റപത്രം ഇന്നോ നാളയോ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായിട്ട് ജനുവരി 2-ന് 90 ദിവസം തികയും.90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് ഇന്നോ നാളയൊ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടത്തായി കൊലപാതക പരമ്പരകേസിൽ ഏറ്റവും ശക്തമായ തെളിവുള്ള കേസാണ് റോയ് തോമസിന്റെ കൊലപാതകം.പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കെമിക്കൽ അനാലിസിസ് റിപ്പോർട്ടിലും സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡിന്റെ ബാക്കി കൂടി കണ്ടെടുത്തതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്.കൊലക്ക് കാരണമായ വ്യാജ ഒസിയത്തും കേസിലെ പ്രധാന തെളിവാണ്. ജോളി ഒന്നാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ എം.എസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ, വ്യാജ ഒസിയത്ത് തയ്യാറാക്കാൻ സഹായിച്ച സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ മനോജ് എന്നിവരാണ് മൂന്നും, നാലും പ്രതികൾ. കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജന്‍ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം:മുന്‍ സന്തോഷ് ട്രോഫി താരം ആര്‍.ധനരാജന്‍ (40) ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ചു.പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഖാദറലി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം.പെരിന്തല്‍മണ്ണ എഫ് സിക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയ ധനരാജന്‍ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചശേഷം ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി ഏറെക്കാലം ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ അര്‍ച്ചന. മകള്‍ ശിവാനി.
കനത്ത മൂടല്‍മഞ്ഞ്;ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം ആറ് മരണം
ന്യൂഡൽഹി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം ആറുപേർ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.കനത്ത മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി അന്തരിച്ചു
ബെംഗളൂരു:ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി(88) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു വിശ്വേശ്വര തീര്‍ത്ഥയെ, ശ്വാസതടസ്സം അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ മാസം 20 നാണ് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം കലശലായതോടെ, വിശ്വശ്വര തീര്‍ത്ഥ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ശനിയാഴ്ച സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു.ആശുപത്രിയില്‍ നിന്ന് സ്വാമിയെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മഠത്തിലേക്ക് മാറ്റാന്‍ മഠം അധികൃതരും പണ്ഡിറ്റുമാരും ചേര്‍ന്ന് തീരുമാനിച്ചു.ഇതനുസരിച്ച് ഞായറാഴ്ച പുലര്‍ച്ചെ കെ.എം.സി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് സമാധിയായത്. സ്വാമിയുടെ രോഗമുക്തിക്കായി ഇന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പ്രതേക പ്രാര്‍ത്ഥന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഉഡുപ്പി അജ്ജാര്‍ക്കാട് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബംഗളൂരുവില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആത്മീയരംഗത്തിന് പുറമെ, സാമൂഹ്യസേവന രംഗത്തും, വിദ്യാഭ്യാസ രംഗത്തും വിശ്വശ്വര തീര്‍ത്ഥ സ്വാമിയുടെ സംഭാവനകള്‍ പ്രശസ്തമാണ്. രാമജന്മഭൂമി മൂവ്‌മെന്റിലും സ്വാമി നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്.
മണിമലയാറ്റില്‍ കയത്തില്‍പ്പെട്ട് രണ്ട് വിദ്യാർഥികൾ മരണമടഞ്ഞു
പത്തനംതിട്ട:മണിമലയാറ്റിലെ തേലപ്പുഴകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശേരി വെജിറ്റബിള്‍ മാര്‍ക്കറ്റിനു സമീപം ഇലഞ്ഞിപറമ്പിൽ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്റെ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പിൽ പി.കെ.സുരേഷിന്റെ മകന്‍ ആകാശ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ബൈക്കുകളില്‍ വിനോദയാത്രക്ക് എത്തിയ 13 അംഗ വിദ്യാര്‍ഥി സംഘം തൂക്കുപാലം കണ്ടതിനുശേഷം ആറ്റില്‍ കുളിക്കാനിറങ്ങുകയും തുടര്‍ന്ന് അതില്‍ രണ്ട് പേര്‍ കയത്തില്‍പ്പെടുകയുമായിരുന്നു. ആകാശ് മണല്‍വാരിയ കുഴിയില്‍പ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സച്ചിനും മുങ്ങിപ്പോവുകയായിരുന്നു.കൂടെയുള്ളവരുടെ നിലവിളി കെട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.സച്ചിന്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.ആകാശ് പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.മല്ലപ്പള്ളിയിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതിശൈത്യം;ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അതി കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയടക്കം ആറു സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പല മേഖലകളിലും താപനില 2.4 ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞു മൂലം വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു.പുതുവത്സരം വരെ ഡല്‍ഹിയിലെ അതിശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മുടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചപരിധി 50-175 മീറ്ററായി ചുരുങ്ങി. പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. 24 ട്രെയിനുകള്‍ വൈകിയതായി റെയില്‍വേ അറിയിച്ചു.ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വൃദ്ധസദനത്തില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹം; ലക്ഷ്മി അമ്മാൾ ഇനി കൊച്ചനിയന്‍ ചേട്ടന്റെ സ്വന്തം
തൃശൂർ: നന്‍മനിറഞ്ഞ മനസുകളെ സാക്ഷിനിര്‍ത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി.ഇത് വൃദ്ധസദനത്തില്‍ വെച്ച് നടക്കുന്ന ആദ്യ വിവാഹം. രാമപുരത്തുകാര്‍ ഏക മനസ്സോടെ ആ മംഗളകര്‍മ്മത്തിനു സാക്ഷിയായി.തൃശൂര്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെട്ട നിരവധി പേരെത്തി.67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അൻപതു വര്‍ഷത്തിലേറെയായി ഇരുവര്‍ക്കും പരിചയമുണ്ട്.ലക്ഷ്മി അമ്മാളുടെ ഭര്‍ത്താവ് കൃഷ്ണ അയ്യര്‍ എന്ന സ്വാമിയുടെ പാചകജോലിയില്‍ സഹായി ആയിരുന്നു കൊച്ചനിയന്‍. ഭര്‍ത്താവിന്‍റെ മരണശേഷം ഒറ്റപ്പെട്ടു പോയ ലക്ഷ്മി അമ്മാളെ നോക്കിയിരുന്നത് കൊച്ചനിയനായിരുന്നു. ഒറ്റക്കായ ലക്ഷ്മി അമ്മാളെ കൊച്ചനിയനാണ് വൃദ്ധമന്ദിരത്തിലാക്കിയത്. ഇടക്ക് കാണാന്‍ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളര്‍ന്ന് ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വയനാട്ടിലെ വൃദ്ധമന്ദിരത്തിലെത്തിക്കുന്നത്.അവിടെ ഏറെനാള്‍ കഴിഞ്ഞ കൊച്ചനിയനെ അദ്ദേഹത്തിന്‍റെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമവര്‍മപുരത്ത് ലക്ഷ്മി അമ്മാള്‍ താമസിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ആരും നോക്കാനില്ലാത്ത കൊച്ചനിയനെ ഇനിയുള്ള കാലമെങ്കിലും നന്നായി പരിചരിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാള്‍. രണ്ടു പേര്‍ക്കും വയ്യെങ്കിലും രണ്ടുപേരും പരസ്പരം താങ്ങും തണലായും മാറുമെന്ന് ഇവര്‍ പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കാൺപൂരിൽ നടന്ന അക്രമത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്ക്; പ്രതികളെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ്
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.കേരളത്തിന് പുറമേ ഡല്‍ഹിയില്‍നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാന്‍പുരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും.യു.പിയില്‍ സംഘർഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.