കണ്ണൂർ:ചാലക്കുന്നിൽ ബസ്സും കാറും കൂട്ടിയിടിച്ചു.തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ചാല സ്റ്റേഷൻ സ്റ്റോപ്പ് ഭാഗത്തെ വളവിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.കാറുമായി കൂട്ടിയിടിച്ച ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ട തകർത്ത് മുന്നോട്ട് പോയി.തലനാരിഴ വ്യത്യാസത്തിലാണു വലിയ താഴ്ചയുള്ള റെയിൽവേ ട്രാക്കിലേക്ക് ബസ് പതിക്കാതിരുന്നത്.ബസ് ഒരടികൂടി മുൻപോട്ട് നീങ്ങിയിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു.ബസ്സിന്റെ മുൻവാതിൽ തുറക്കാൻ സാധിക്കാത്തതിനാൽ എമർജൻസി വാതിൽ തകർത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് താഴെ ചൊവ്വ-നടാൽ ബൈപാസ് റോഡിൽ ഗതാഗത തടസ്സമുണ്ടായി. നിസ്സാരപരിക്കേറ്റ കാർ യാത്രക്കാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പതിനാലു പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ആർക്കും പരിക്കില്ല.
കണ്ടക്റ്റർക്ക് മർദനമേറ്റു;ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
ഇരിട്ടി:കണ്ടക്റ്റർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.ഇരിട്ടി-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം ബസ്സിലെ കണ്ടക്റ്റർ ആറളം സ്വദേശി വിനീതിനാണ്(34) മർദനമേറ്റത്.ചൊവ്വാഴ്ച ഉച്ചയോടെ ഉളിയിൽ നരായമ്പാറയിൽ വെച്ച് ഒരു സംഘം ബസ് തടഞ്ഞു നിർത്തി കണ്ടക്റ്റർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.രാവിലെ ഇവിടെ നിന്നും ബസ്സിൽ കയറുമ്പോൾ വിദ്യാർത്ഥിനികൾക്ക് വീണ് പരിക്കേറ്റിരുന്നു എന്നാരോപിച്ചാണ് മർദനം.എന്നാൽ ബസ്സിൽ കയറാൻ ഓടിവരുന്നതിനിടെയാണ് കുട്ടികൾ വീണതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. മർദനത്തിൽ പരിക്കേറ്റ വിനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംയുക്ത തൊഴിലാളി യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; സജീവമാകാനൊരുങ്ങി പേപ്പർബാഗ് യൂണിറ്റുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലാസ്റ്റിക്ക് നിരോധനം.ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് നിരോധനം ബാധകമാവുക.വ്യക്തികളോ കമ്പനികളോ വ്യവസായ സ്ഥാപനങ്ങളോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ കൊണ്ടുപോവുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ പിഴ ഈടാക്കും.ആദ്യഘട്ട ലംഘനത്തിന് 10,000 രൂപ,രണ്ടാംവട്ടം ലംഘിച്ചാൽ 25000 രൂപ,വീണ്ടും ലംഘിച്ചാൽ 50000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.ഈ മാസം 15 വരെ നിയമനടപടികളുണ്ടാകില്ല.തുടർന്ന് നടപടികളിലേക്ക് നീങ്ങും. പ്ലാസ്റ്റിക് ക്യാരിബാഗ്,ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ,കപ്പുകൾ,സ്പൂണുകൾ, ഫോർക്കുകൾ,തെർമോക്കോൾ,സ്റ്റൈറോഫോം എന്നിവകൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക്ക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ,പ്ലേറ്റ്,ബൗൾ, ക്യാരിബാഗ്,പ്ലാസ്റ്റിക്ക് തോരണങ്ങൾ, കൊടി,നോൺ വൂവൺ ബാഗുകൾ,പ്ലാസ്റ്റിക്ക് വെള്ള പായ്ക്കറ്റ്,പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ,300 മില്ലിയ്ക്ക് താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ,പ്ലാസ്റ്റിക്ക് ഗാർബേജ് , ബാഗ്,പി.വി.സി ഫ്ലെക്സ്,പ്ലാസ്റ്റിക് പായ്ക്കറ്റ് എന്നിവയ്ക്കാണ് നിരോധനം ബാധകമാവുക.
അതേസമയം പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സജീവമാവുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ.വിറ്റുവരവില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയ യൂണിറ്റുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുവാനുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ ഒരുവർഷത്തിനിടെ മുപ്പത് ശതമാനമായിരുന്ന വളർച്ച സമീപകാലത്ത് 70 ശതമാനമായി വർധിച്ചതായി പേപ്പർ ബാഗ് മാനുഫാക്‌ചറർസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ബെംഗളൂരുവിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് പ്രധാനമായും ബാഗ് നിർമാണത്തിനാവശ്യമായ പേപ്പർ എത്തുന്നത്. ജർമ്മനി,ന്യൂസിലാൻഡ്,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയും ഉപയോഗത്തിലുണ്ട്.നാലുരൂപ മുതൽ മുപ്പത് രൂപവരെയുള്ള ബാഗുകളാണ് പ്രധാനമായും നിർമിക്കുന്നത്. ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി,ഹോട്ടലുകൾ എന്നിവയാണ് വിലകൂടിയ പേപ്പർ ബാഗിന്റെ മുഖ്യ ഉപഭോക്താക്കൾ.
പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.പാനൂര്‍ മേലെചെമ്പാട് സ്വദേശി ഷംന ബിജുവിനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെത്തിയ രണ്ടു കുട്ടികളുടെ ആഭരണങ്ങളാണ് ഷംന കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദര്‍ശനത്തിന് എത്തിയ കുട്ടികളുടെ കൈവളകളാണ് മോഷണം പോയത്.സംഭവം ശ്രദ്ധയില്‍പ്പെട്ട രക്ഷകര്‍ത്താക്കള്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുകയും ക്ഷേത്രം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നൽകുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തു നിന്ന് തന്നെ ഷംനയെ പിടികൂടി.ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയെന്ന് ഇവർ സമ്മതിച്ചു. ഇവരില്‍ നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം ഷംന ക്ഷേത്രം കേന്ദ്രീകരിച്ച് മുൻപും മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മറ്റു ജില്ലകളില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന കൊച്ചുകുട്ടികളാണ് പ്രധാന ഇരകള്‍.മോഷണവിവരം പുറത്തറിയാന്‍ വൈകുമെന്നതാണ് കുട്ടികളെ കേന്ദ്രീകരിക്കുന്നതിലുള്ള നേട്ടം. ഒപ്പം കണ്ണൂരിന് പുറത്തുള്ളവരാകുമ്പോൾ പൊലീസില്‍ പരാതിപ്പെടാന്‍ സാധ്യതയും കുറയും.ഭര്‍ത്താവിനോടും മകളോടുമൊപ്പമാണ് ഷംന ബിജു പറശ്ശിനിക്കടവിലെത്തിയത്. ഷംന പിടിയിലായെന്ന് അറിഞ്ഞതോടെ കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്‌റ്റേറ്റ്മുക്ക്, ബാലുശേരി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ പരാതി നല്‍കി. കതിരൂരില്‍നിന്നുള്ളവരുടെ രണ്ടര പവന്റെ കാല്‍വള നഷ്ടപ്പെട്ടതായാണ് പരാതി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തീര്‍ഥാടനത്തിനെത്തിയവരെന്ന വ്യാജേന മോഷണത്തിനിറങ്ങുന്നതിനാല്‍ ആരും സംശയിക്കാതിരുന്നത് ഷംനയ്ക്ക് സഹായമായി. അന്വേഷണം പൂര്‍ത്തിയായാല്‍ പുതിയ പരാതികളിലും ഷംനയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഷംനയെ വീണ്ടും റിമാന്‍ഡ് ചെയ്തു.
ഇൻഡോറിൽ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു
മധ്യപ്രദേശ്:ഇൻഡോറിൽ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു.ഒരാളെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പടല്‍പാനി മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നാണ് അപകടമുണ്ടായത്. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ താത്കാലികമായി സ്ഥാപിച്ച ലിഫ്റ്റ് ഇവര്‍ കയറിയപ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു.ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി.ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ജയില്‍ വിഭവങ്ങള്‍ക്ക് ഇന്ന് മുതല്‍ വില വർദ്ധിക്കും
കണ്ണൂർ:ജയിലിൽ നിന്നുള്ള വിഭവങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും.അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയില്‍ വിഭവങ്ങളുടെ വിലയും വര്‍ധിപ്പിക്കുന്നതിന് കാരണം. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കണ്ണൂര്‍ സെൻട്രൽ ജയില്‍ സൂപ്രണ്ടാണ് വില വര്‍ധനയ്ക്ക് അനുമതി തേടി ജയില്‍ വകുപ്പിനെ സമീപിച്ചത്.ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ഇഡ്ഡ്‌ലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് വില കൂടും.മുൻപ് രണ്ട് രൂപയായിരുന്ന ഇഡ്ഢലിയുടെ വില ഇനി മുതല്‍ മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും.പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാണ് പുതുക്കിയ വില.നേരത്തെ ഇത് 15 രൂപയായിരുന്നു.കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കില്‍ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും,ചിക്കന്‍ കറിക്ക് 30 രൂപയും, ചിക്കന്‍ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില. അതേസമയം ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റല്‍ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 10 എണ്ണം അടങ്ങിയ ഒരു പായ്‌ക്കറ്റിനു 20 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 40 രൂപയുമാണ് വില.
ഹിമാചലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് പതിനഞ്ചുപേര്‍ക്ക് പരിക്ക്
ഹിമാചൽപ്രദേശ്:ഹിമാചലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്.ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.മണാലിയിലേക്ക് വിനോദയാത്രക്ക് പോയതാണ് സംഘം.വോള്‍വോ ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം. 51 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച കേസ്;പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു
കോച്ചിൽ:നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ കുറ്റങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത്. വിടുതല്‍ ഹര്‍ജി കോടതി തള്ളുകയാണെങ്കില്‍ ദിലീപിന് തുടര്‍ വിചാരണ നടപടികള്‍ നേരിടേണ്ടി വരും. നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കി.നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് നടപടി.
കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം;എട്ടര പവൻ സ്വർണ്ണവും 41,000 രൂപയും കവർന്നു
കണ്ണൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച.ഇരിവേരി പാനേരിച്ചാലിലെ സറീന മുത്തലിബിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും എട്ടരപ്പവന്‍ സ്വര്‍ണവും 41,000 രൂപയും നഷ്ടപ്പെട്ടു.വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴാണ് മോഷണം. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. വീടിന്റെ മതിലില്‍ ഏണിവെച്ച് കയറി കിടപ്പറയിലെ ജനലിന്റെ ഗ്രില്‍സ് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും കണ്ണൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷ്യവിഷബാധ;കണ്ണൂര്‍ ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു;20 ഓളം പേര്‍ ആശുപത്രിയില്‍
കണ്ണൂർ:ഭക്ഷ്യവിഷബാധയേറ്റ് ഒടുവള്ളിതട്ട് ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പുറത്ത് നിന്നെത്തിച്ച നെയ്‌ച്ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഞായറാഴ്ച നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള നെയ്‌ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂര്‍വ വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതില്‍ ഒരാളൊഴികെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.