തൃശൂർ:ഇരിങ്ങാലക്കുട കൊറ്റനെല്ലൂരില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ പള്ളിക്കടുത്ത് പേരാമ്പുള്ളി ശങ്കരന്‍ മകന്‍ സുബ്രന്‍ (56), മകള്‍ പ്രജിത (23), കണ്ണന്തറ ബാബു (58), മകന്‍ വിബിന്‍ (28) എന്നിവരാണ് മരിച്ചത്.ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു അപകടം.പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുമ്പൂർ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഇവര്‍ മടങ്ങുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
രഞ്ജി ട്രോഫി ക്രിക്കറ്റ്;കേരളത്തിന് സീസണിലെ ആദ്യ ജയം
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 124 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ ചുവട് പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.പിന്നീടങ്ങോട്ട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും കടുത്ത പ്രതിരോധം ഉയര്‍ത്തി.എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സുമായി ഉത്തപ്പ വീണതോടെ തൊട്ടുപിന്നാലെ തന്നെ സച്ചിനും മടങ്ങി. 45 പന്ത് നേരിട്ട സച്ചിന്‍ 9 റണ്‍സായിരുന്നു നേടിയത്.പിന്നീട് കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു സല്‍മാന്‍ നിസാര്‍. വിഷ്ണു വിനോദിനെയും കൂട്ടുപിടിച്ച് സല്‍മാന്‍ പഞ്ചാബ് ബോളര്‍മാരെ വട്ടംകറക്കി. 20 റണ്‍സുമായി വിഷ്ണുവും കളംവിട്ടതോടെ ടീമിന്റെ മൊത്തം ഭാരവും സല്‍മാനിലേക്കെത്തി.ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ പരമാവധി റണ്‍സ് നേടുക എന്നതായി സല്‍മാന്റെ ലക്ഷ്യം. ഒടുവില്‍ ടീം ഓള്‍ ഔട്ടാകുമ്പോള്‍ 157 പന്തില്‍ നിന്ന് 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു സല്‍മാന്‍. 227 റണ്‍സായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍.മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ്, നായകന്‍ മന്ദീപ് സിങിന്റെ ചുമലിലേറിയാണ് കുതിച്ചത്. തുടക്കം കുറച്ച് പാളിയെങ്കിലും പ്രതിരോധത്തിലൂന്നി ആയിരുന്നു പഞ്ചാബിന്റെയും കളി. സ്കോര്‍ ബോര്‍ഡിലേക്ക് 99 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായെങ്കിലും മന്ദീപ് ക്രീസില്‍ പിടിച്ചുനിന്നു. ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും മന്ദീപിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ 218 റണ്‍സ് എടുക്കുമ്പോഴേക്കും പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണു. 143 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്ത് ഔട്ടാകാതെ നില്‍ക്കുകയായിരുന്നു മന്ദീപ്. കേവലം 9 റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തൊട്ടതെല്ലാം പിഴച്ചു. ഉത്തപ്പ റണ്‍സൊന്നും നേടാതെ പുറത്തായത് തിരിച്ചടിയായി. സച്ചിന്‍ ബേബിയും 10 റണ്‍സുമായി കളംവിട്ടു. രണ്ടാം ഇന്നിങ്സിലും 28 റണ്‍സുമായി ഔട്ടാകാതെ നിന്ന സല്‍മാന്‍ തന്നെയായിരുന്നു ടോപ് സ്കോറര്‍. 136 റണ്‍സിനാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. വിജയലക്ഷ്യമായ 146 റണ്‍സിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു ക്രീസിലേക്ക് എത്തിയത്. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍
ന്യൂഡൽഹി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ വിസ്താരം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാക്ഷികളെ ഈ മാസം 30 മുതല്‍ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പരിശോധന ഫലം വരുന്നതിന് മുൻപ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാകും അതെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ വിചാരണ ഈ മാസം 29നാണ് ആരംഭിക്കുക.
കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍
കാസർകോഡ്:കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍.കാസര്‍കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണായ ചന്ദ്രശേഖരൻ(55)ആണ് അറസ്റ്റിലായത്.രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയതായി പോലിസ് അറിയിച്ചു.കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ടീച്ചര്‍ അന്വേഷിപ്പപ്പോഴാണ് പീഡന വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ ഉടന്‍ തന്നെ വിവരം സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.ഓഫീസ് റൂമുകള്‍ വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്യൂണ്‍ ചന്ദ്രശേഖര കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രാവിലെ എത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്.
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയാല്‍ കേസ്; നിര്‍ദ്ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം:സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയാല്‍ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്കതെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും മൃദുസമീപനം വേണ്ടെന്നാണ് നിര്‍ദ്ദേശം.പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.എന്നാൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല.ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിർദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്.സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍, ശബ്ദ മലിനീകരണം, ഗതാഗത തടസം എന്നീ വകുപ്പുകള്‍ ചേര്‍ത്താകും പ്രതിഷേധകര്‍ക്കെതിരെ നടപടി സ്വീകരിക്കുക. എല്ലാ പോലീസ് സ്റ്റേഷനുകളുകളിലേക്കും ജില്ലാ പോലീസ് മേധാവികള്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ആര്‍എസ്‌എസിന്‍റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്.ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമല്ല.
ഫ്ലാറ്റുകളെല്ലാം പൊളിച്ചു നീക്കി;സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികളിന്മേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലായിരിക്കും പ്രധാനമായും ഇന്ന് വാദം നടക്കുന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് നഷ്ടപരിഹാര സമിതി കോടതിയെ അറിയിക്കും.നഷ്ടപരിഹാരത്തിന്‍റെയും അന്വേഷണത്തിന്‍റെയും കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ വാദവും കോടതി ഇന്ന് കേള്‍ക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്.മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ വിധി നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാരിനെ സൂപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.തുടര്‍ന്നാണ് കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വേഗത വന്നത്.തുടർന്ന് ഫ്ലാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. മരടിലെ നാല് ഫ്ലാറ്റുകളും വിജയകരമായി സ്‌ഫോടനത്തിലൂടെ തകര്‍ത്തു.ഇതിന്‍റെ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കുന്നത്.
എ.എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ആസൂത്രണം നടന്നത് കേരളത്തില്‍;കൂടുതല്‍ തെളിവുകൾ പുറത്ത്
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 7, 8 തീയതികളില്‍ ഇവർ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഇത് കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകള്‍ക്ക് അടുത്തുകൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനുമായുളള തെരച്ചില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജെയിന്‍ കോറല്‍ കോവ് നിലം പതിച്ചു;17 നില കെട്ടിടം തകർന്നടിഞ്ഞത് 9 സെക്കന്‍ഡില്‍
കൊച്ചി:ജെയിന്‍ കോറല്‍ കോവ് കെട്ടിട സമുച്ചയവും നിലം പതിച്ചു.17 നില കെട്ടിടം തകർന്നടിഞ്ഞത് 9 സെക്കന്‍ഡില്‍. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു സ്ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്മെന്‍റുകളാണ് ഈ കെട്ടിടത്തിലുള്ളത്.1, 2, 3, 8, 14 ഫ്ലോറുകളിലാണ് സ്ഫോടനം നടന്നത്. 372.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകിലേക്കാണ് വീണത്.ഇനി ഗോൾഡൻ കായലോരം ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ളത്. ഉച്ചക്ക് രണ്ടിനാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. 1.55ന് ദേശീയപാത അടയ്ക്കും. സ്ഫോടനശേഷം 2.05ന് ദേശീയപാത തുറക്കും. 2.30 ന് എല്ലാ റോഡുകളും തുറക്കും. ഒഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.
സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്
കൊച്ചി:സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്.ചാളയിലും അയലയിലും നെത്തോലിയിലുമാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (സിഎംഎഫ്‌ആര്‍ഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സിഎംഎഫ്‌ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി കൃപ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.കടലില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം ധാരാളം ഉണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങള്‍ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.മത്സ്യബന്ധന വലകള്‍, മാലിന്യങ്ങള്‍ക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വര്‍ഷമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.എന്നാല്‍ മത്സ്യം വേവിച്ചു കഴിക്കുന്നതിനാല്‍, കാര്യമായ ദോഷം ഇപ്പോള്‍ പറയാനാവില്ലെങ്കിലും, ഇതിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ പഠനം വേണ്ടിവരും. രാസപദാര്‍ഥങ്ങള്‍ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു.
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്; ഇന്ന് നിലംപതിക്കുക ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും
കൊച്ചി:മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്.രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും.രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്.122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്.ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച എച്ച്‌ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു.അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.അതേസമയം ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല.അതിനാല്‍ തന്നെ കഴിഞ്ഞദിവസത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല.എങ്കിലും കനത്ത ജാഗ്രത തന്നെ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ പരിസരങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കൂ.10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവിൽ സ്ഫോടനം നടക്കും.രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഒരു അങ്കണവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.