News Desk

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി;പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രം

keralanews motor vehicle amendment bill center has accepted keralas decision to reduce fines

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്‍കി.കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം തുടങ്ങിയവയിലായിരുന്നു സംസ്ഥാനത്തിന്റെ വിയോജിപ്പ്.ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച്‌ കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയത് റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ഇളവുവരുത്തി കോംബൗണ്ടിങ് ഫീസ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുംവിധമാണ് കേന്ദ്രനിയമത്തിന്റെ ഇരുന്നൂറാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള പിഴത്തുക നിശ്ചയിച്ചത്.കേന്ദ്രനിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ തുക ഇരുന്നൂറാം വകുപ്പ് പ്രകാരം ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തേ അയച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്ബൗണ്ടിങ് ഫീസ് നിശ്ചയിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നു വ്യക്തമാക്കുന്നതാണ്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുക്കാമെന്ന വ്യവസ്ഥ മാര്‍ച്ച്‌ 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

keralanews corona virus 17 died in china a global health emergency may be declared

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 440 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ആരോഗ്യ കമ്മീഷന്‍ മേധാവി ലി ബിന്‍ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി തീരുമാനിക്കുകയായിരുന്നു.നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്‌. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധിതൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.

പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

keralanews r s s worker arrested in connection with bomb attack against police picket post at ponnyam nayanar road

കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷാണ് (33)അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാര്‍ റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം നടന്നത്. സംഘര്‍ഷ മേഖലയായ ഇവിടെ വര്‍ഷങ്ങളായി പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. പോലീസും ഇത്തരത്തിലാണ് അന്ന് കേസെടുത്തിരുന്നത്. എന്നാല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നല്‍കിയത്.വീടിന് നേരെ ബോംബേറ്, ഓട്ടോറിക്ഷ അടിച്ച്‌ തകര്‍ക്കല്‍, ഉള്‍പ്പെടെ പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.ബോംബേറ് നടന്ന നായനാര്‍ റോഡിലെ മനോജ് സേവാ കേന്ദ്രത്തിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ തെളിവെടുപ്പ് നടത്തി.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൂത്തുപറമ്പ് കണ്ടേരിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

keralanews bomb attack against the house of s d p i worker in kuthuparamba kanderi

കൂത്തുപറമ്പ്:മാങ്ങാട്ടിടം കണ്ടേരിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറ്.ഫസീല മന്‍സിലില്‍ നൗഫലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവ സമയം നൗഫലും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്ഫോടനത്തില്‍ നൗഫലിന്റെ പിതാവ് അലവി, മരുമകന്‍ റിഫ് ഷാന്‍ എന്നിവരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. ഇവരെ പിന്നീട് ചികിത്സയ്ക്ക് വിധേയരാക്കി.കാറിലെത്തിയ നാലംഗസംഘമാണ് വീടിനുനേർക്ക് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ കൂത്തുപറമ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു . അക്രമികളെത്തിയ കാറിന്റെ ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല;ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടും

keralanews no stay for citizenship amendment bill and may refer pleas to larger constitution bench

ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീംകോടതി വാക്കാല്‍ വ്യക്തമാക്കി. സ്റ്റേ വേണ്ടെന്നും നിയമം നടപ്പിലാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നും കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീട്ടിവെക്കുന്നത് സ്റ്റേക്ക് തുല്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ എജിയുടെ വാദം.നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ രണ്ടായി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. ഹര്‍ജികള്‍ ഭരണഘടാന ബെഞ്ചിന് വിടണമെന്ന് മനു അഭിഷേഗ് സിങ്വി കോടതിയില്‍ വാദിച്ചു. എല്ലാ ഹര്‍ജികള്‍ക്കും മറുപടി സത്യവാങ് മൂലം നല്‍കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപ്രകാരം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് 4 ആഴ്ച്ചത്തെ സമയം കോടതി അനുവദിച്ചു.നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച്‌ കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയത്.

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി

keralanews The accused surrendered to police in connection with the discovery of explosives at Mangalore airport

മംഗളൂരു:മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബെംഗളൂരു ഡിജിപിപി ഓഫീസിലെത്തി കീഴടങ്ങിയത്.യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്. വിമാനത്താവളത്തില്‍  സ്ഥിരം ബോംബ് ഭീഷണി മുഴക്കിയിരുന്ന വ്യക്തിയാണ് ആദിത്യയെന്ന് പൊലീസ് വ്യക്തമാക്കി.വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരില്‍ 2018ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം.തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) എത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

കൊറോണ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായി ആശങ്ക;കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Travelers wear face masks as they walk outside of the Beijing Railway Station in Beijing, Monday, Jan. 20, 2020. China reported Monday a sharp rise in the number of people infected with a new coronavirus, including the first cases in the capital. The outbreak coincides with the country's busiest travel period, as millions board trains and planes for the Lunar New Year holidays. (AP Photo/Mark Schiefelbein)

ന്യൂഡൽഹി:ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം.ചൈനയില്‍ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുപേര്‍ ഇതുവരെ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ന്യൂമോണിയക്ക് കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തല്‍. വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നതിനായി ചൈനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ വൈറസ് അതിവേഗം വ്യാപിക്കുമെന്നാണ് ആശങ്ക.

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തും

keralanews d g p jacob thomas will be degraded to a d g p

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയരക്ടറും ഡി.ജി.പിയുമായ ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തും.നിരന്തരം സര്‍വീസ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടിക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി.വരുന്ന മേയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ നടപടി വരുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനൊരുങ്ങുന്നത്.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച്‌ അന്വേഷിച്ച മൂന്നംഗസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, ജേക്കബ് തോമസ് ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ തരംതാഴ്ത്തല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.

നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്;മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

keralanews the post mortem of malayali tourists died in nepal today the dead bodies will brought to kerala tomorrow

കാഠ്‌മണ്ഡു: നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.ഒൻപത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.ഇന്നലെയാണ് ഇവരെ താമസിച്ചിരുന്ന റിസോട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടു വയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി ഒൻപതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇതില്‍ എട്ടുപേര്‍ ഒരു സ്വീട്ട് റൂമില്‍ തങ്ങി. കടുത്ത തണുപ്പായതിനാല്‍ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. മുറികള്‍ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.

കണ്ണൂർ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

keralanews report that identified the maoist came in kannur ambayathode

കണ്ണൂർ:കഴിഞ്ഞ ദിവസം അമ്പായത്തോട് ടൗണിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കര്‍ണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോകള്‍ പ്രദേശവാസികളെ കാണിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസമാണ് പ്രകടനം നടത്തിയത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരിച്ച്‌ ആ വഴി തന്നെ പോവുകയും ചെയ്തു.2018 ഡിസംബര്‍ 28നും പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. സിപി മൊയ്തീന്‍, രാമു, കീര്‍ത്തിയെന്ന കവിത, ജയണ്ണ, സാവിത്രി, സുന്ദരി എന്നിവരാണ് അന്ന് വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസമാദ്യം പേരാവൂര്‍ ചെക്കേരി കോളനിയിലും മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ മാവോയിസ്റ്റ് സംഘമുണ്ടെന്ന സംശയത്തിലാണ് പോലീസ്.