News Desk

വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

keralanews postmortem report says the death of school students in wayanad school is suicide

കൽപ്പറ്റ:വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നസീലയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഷാളുപയോഗിച്ച്‌ തൂങ്ങിമരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം.മറ്റ് അസ്വഭാവികതകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം.സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഫാത്തിമ നസീല ശുചിമുറിയിലേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഫോറന്‍സിക് പരിശോധന ഫലത്തിനായാണ് അന്വോഷണ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നത്. ഈ വിവരം കൂടി ലഭിച്ചാലാണ് മരണത്തിലെ ദൂരുഹതകള്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കുവെന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയെ ശുചിമുറിയില്‍ ആദ്യം കണ്ട 2 വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഒരു അദ്ധ്യാപകയില്‍ നിന്നും സംഭവം ദിവസം തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു.സംഭവത്തില്‍ ദൂരുഹത നീക്കണമെന്നും അന്വേഷണങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്നും മുട്ടില്‍ ഡബ്ല്യുഎംഒ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.അബ്ദുല്‍ ജലീല്‍ പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്

keralanews first complete budget of the second modi government today

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക വർഷത്തിൽ ആറു മുതൽ ആറര ശതമാനം ആണ് പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്.അത് കൈവരിക്കണമെങ്കിൽ ഉത്തേജന പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.കൂടാതെ ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കര്‍ഷകര്‍ക്കും ചെറുകിടവ്യവസായികള്‍ക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേതെന്നും സ്വര്‍ണ തീരുവയില്‍ ഇളവും, പുതിയആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.സാമ്പത്തിക വിഷയങ്ങളിലാകും ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്ര സര്‍ക്കാര്‍ കുറിക്കുന്ന പ്രതിവിധി എന്താണെന്നാണു രാജ്യം ഉറ്റുനോക്കുന്നത്‌.

കോട്ടയം കുറവിലങ്ങാട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

keralanews five from one one family died when car collided with lorry in kottayam kuravilangad

കോട്ടയം: കുറവിലങ്ങാടിന് സമീപം എം സി റോഡില്‍ കാളികാവില്‍ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം.കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ വേളൂര്‍ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്പി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.കാളികാവില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാര്‍ കണ്ടത് മുന്‍വശമാകെ പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന കാറാണ്.അപകടത്തെ തുടര്‍ന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്.ഉടന്‍തന്നെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്നു ലോറി.വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല.

ചൈനയില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി;സംഘത്തില്‍ 42 മലയാളികള്‍

keralanews the first plane carrying indians from china reached in delhi

ന്യൂഡൽഹി:കൊറോണ പടർന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേര്‍ അടങ്ങിയ സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്.234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ഇതിൽ 42 പേർ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്,56 പേർ. തമിഴ്‌നാട്ടിൽ നിന്നും 53 പേരും സംഘത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി, സൈന്യത്തിന്റെ മെഡിക്കല്‍ സംഘം എന്നിവര്‍ യാത്രക്കാരെ പരിശോധിക്കും.ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ബി.എച്ച്‌.ഡി.സി ആശുപത്രിയിലേക്ക് മാറ്റും.മറ്റുള്ളവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷന്‍ ക്യാമ്പിലേക്ക് മാറ്റും.സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഐസോലേഷന്‍ ക്യാമ്പ്  ഒരുക്കിയിരിക്കുന്നത്.14 ദിവസമായിരിക്കും ഇവര്‍ ഐസോലേഷന്‍ ക്യാമ്പിൽ കഴിയുക.ഡല്‍ഹി റാംമനോഹര്‍ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഡൽഹിയിലേക്ക് യാത്രതിരിച്ചു.

കണ്ണൂരില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

keralanews congress leader arrested for allegedly raping 9 year old girl in kannur

കണ്ണൂർ:കണ്ണൂരില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ പിപി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.ചക്കരക്കല്‍ സ്വദേശിയാണ് ബാബു.കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് പീഡനത്തിന് ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ നാല് വര്‍ഷമായി പല തവണ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.ചൈല്‍ഡ് ലൈന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

കണ്ണൂർ അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

keralanews attack against the house of cpm worker in kannur azhikkode

കണ്ണൂർ: അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം.സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്ത സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകർത്തു.കഴിഞ്ഞ ദിവസം സമീപത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

തെരുവില്‍ മരിച്ചുവീണ് മനുഷ്യന്‍;പേടി കാരണം തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍;കൊറോണ വൈറസ് ഭീതിപരത്തുന്ന വുഹാൻ തെരുവിലെ കാഴ്ച

keralanews deadbody found unattended in wuhan street where corona virus outbreak happened

ചൈന: തെരുവില്‍ മരിച്ചുവീണ് കിടക്കുന്ന മനുഷ്യന്‍.പേടി കാരണം മൃതദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നാട്ടുകാര്‍.കൊറോണ വൈറസ് താണ്ഡവമാടുന്ന വുഹാൻ തെരുവിലെ കാഴ്ചയാണിത്.മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരനാണ് തെരുവിൽ മരിച്ചുവീണു കിടക്കുന്നത്.കൈയില്‍ ഒരു ക്യാരി ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഏറ്റവും ഒടുവില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച്‌ മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചത് 213 പേരാണ്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വമായി കഴിഞ്ഞു.ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയാറാകുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നു. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ്യ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ സാധാരണമായിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച്‌ മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

keralanews the suspension period of sriram venkitaraman extended to 90days in the case of journalist killed in accident

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച്‌ മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി.സസ്പെന്‍ഷന്‍ കാലാവധി വെളളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച്‌ മരിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണ് കുറ്റപത്രം വൈകാന്‍ കാരണം.മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.

ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റു;രണ്ടുപേര്‍ അറസ്റ്റില്‍

keralanews two arrested for selling meat of crow in chickenstall in tamilnadu rameswaram

തമിഴ്‌നാട്:രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.വനം വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇവരില്‍ നിന്നും 150 ഓളം ചത്ത കാക്കകളെയും പിടികൂടിയിട്ടുണ്ട്.ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയതാണ് കാക്കകളുടെ മരണത്തിന് കാരണമായത്. ഇങ്ങനെ ചത്ത കാക്കകളുടെ മാംസം കോഴിയിറച്ചിക്കൊപ്പം കലര്‍ത്തി ഇവര്‍ വിറ്റുവരികയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

keralanews two days all india strike of bank employees started

ന്യൂഡൽഹി:സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും.ശനിയാഴ്ച കലക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ 13വരെ വീണ്ടും പണിമുടക്കും.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.