കാസർകോഡ്:കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട.കാറിൽ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ ടോണ്‍ ബൂത്തിനടുത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ചേർന്നാണ് പരിശോധന നടത്തിയത്.കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു.ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കേരളത്തിലെയും മഹാരാഷ്ട്രത്തിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന.കാസര്‍കോട് ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ സ്വര്‍ണവേട്ട നടക്കുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അറകള്‍ പൊളിച്ചുനീക്കി പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍
കണ്ണൂർ:കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍.തന്‍റെ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുന്ന അസ്ന. കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്ന് ചുമതലയേല്‍ക്കും.2000 സെപ്റ്റംബര്‍ 27നാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയില്‍ വളര്‍ത്തിയത്.തോളിലെടുത്താണ് അച്ഛന്‍ അസ്നയെ സ്‌കൂളിലെത്തിച്ചത്. കൃത്രിമക്കാല്‍ ലഭിച്ചതോടെ, അസ്നയുടെ ജീവിതത്തിനും നേട്ടങ്ങള്‍ക്കും വേഗമേറി. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ച് ഇതിനും പരിഹാരം കണ്ടെത്തി.പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഡിസിസി വീടു നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
ചേര്‍ത്തുപിടിക്കാനും സഹായം നല്‍കാനും എത്തിയവര്‍ അനവധിയാണെന്ന് അസ്‌ന പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ വീട് നിര്‍മ്മിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാര്‍ പിരിച്ച പണം അക്കൗണ്ടില്‍ ഇട്ടിരുന്നു. അതില്‍ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാന്‍ പണമെടുക്കുന്നത്.ഒരിക്കല്‍ ബോംബ് ആക്‌സിഡന്റില്‍പെട്ട് ദേഹത്തൊക്കെ മുറിവുകളുമായി ഒരാളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നു. വിഷമം വന്നെങ്കിലും അന്ന് പേടിയൊന്നും തോന്നിയില്ലെന്നും അസ്‌ന പറയുന്നു. ട്രെയിനപകടത്തില്‍ കാല്‍പോയ നാഗാലാന്‍ഡുകാരന്‍ വിസാഗോയായിരുന്നു അസ്‌നക്കൊപ്പം സഹപാഠിയായി മെഡിക്കല്‍ കോളേജില്‍ അക്കാലത്തു ഉണ്ടായിരുന്നത്. 2015ലാണ് ഇപ്പോഴുള്ള ജര്‍മന്‍ നിര്‍മ്മിത കാല്‍ വച്ചത്. അമേരിക്കയിലുള്ള ജോണ്‍സണ്‍ സാമുവല്‍ എന്നയാളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്തത്. നല്ലൊരു ഡോക്ടറായി പേരെടുക്കണം എന്നാണ് അസ്‌നയുടെ ഇപ്പോഴത്തെ ആഗ്രഹം.
കൊറോണ വൈറസ്;കേരളത്തിൽ ജാഗ്രത തുടരുന്നു;വൈറസ് ബാധ സ്ഥിതീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു.കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.നിലവിൽ സംസ്ഥാനത്ത് 2421 പേരാണ് നിരീക്ഷണത്തിലുള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും.നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കൊറോണ വൈസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഏഴ് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1,043 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങള്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച് കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊറോണ വൈറസ്;കാസർകോഡ് ജില്ലയിൽ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്.12 പേരുടെ ഫലം കിട്ടാനുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.കൊറോണ വൈറസ് ബാധിച്ച വിദ്യാർഥി ഉൾപ്പടെ 86 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 83 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 5 പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയുടെ സാമ്പിൾ കൂടി ഉണ്ടെന്നാണ് വിവരം. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ഉപസമിതികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തനം ഊർജ്ജിതമാക്കി.ജില്ലയിൽ 34 ഐസലോഷൻ മുറികൾ സജ്ജീകരിച്ചു.ജില്ലാ ആശുപത്രിയിൽ 18 ഉം ജനറൽ ആശുപത്രിയിൽ ഉം 12 സ്വകാര്യ ആശുപത്രിയിൽ 4 ഉം മുറികളാണ് സജ്ജീകരിച്ചത്. കൂടാതെ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം:കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയില്‍പ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്.അതിനാലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരുകയും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.2239 പേര്‍ കോറോണ ബാധിത മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയതായാണ് നിലവിലെ കണക്ക്. ഇവരില്‍ 84 പേരെ ആശുപത്രികളിലാക്കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. മറ്റു ചിലരും ബന്ധുകളും നിരീക്ഷണത്തിലാണ്. വീടുകളില്‍ 2155 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇതുവരെ 140 സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.ഇതില്‍ 49 പരിശോധനാഫലങ്ങള്‍ വന്നതില്‍ മൂന്നെണ്ണമാണ് പോസിറ്റീവ്.രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമാണ്. കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും നടത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രോഗബാധിത മേഖലകളില്‍ നിന്ന് വന്നിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ചികിത്സ തേടുകയും വേണം.ഒരുപാട് പേര്‍ സഹകരിക്കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലര്‍ വിവരങ്ങള്‍ അറിയിക്കാത്തത് അവര്‍ക്കും നാടിനും ആപത്കരമാണ്. ഒരുമാസത്തെ വീട്ടുനിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു
മലപ്പുറം:സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു.കൂട്ടിലങ്ങാടിക്കടുത്ത് കുറുവ എ.യു.പി സ്കൂളിലെ വിദ്യാർത്ഥി ഫർസീൻ അഹമ്മദ്(9) ആണ് മരിച്ചത്.സ്കൂൾ ബസ്സിൽ കയറിയ വിദ്യാര്‍ത്ഥിയുടെ ബാഗ് ബസ്സിന്റെ ഡോറിൽ കുരുങ്ങുകയും ഇത് എടുക്കാനുള്ള ശ്രമത്തിനിടെ ഡോർ തുറന്നു കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകടം നടന്നയുടനെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വിദ്യാർത്ഥിയുടെ മാതാവ് ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്.കുളത്തൂർ പോലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് വേണ്ടിയുളള ഒരു തീരുമാനവും ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല എന്നാണ് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേന്ദ്രം രേഖാമൂലം പ്രതികരിക്കുന്നത്.ദേശീയ പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ആസാമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇക്കാര്യത്തിൽ ഇത് വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ നവംബറില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കും എന്നാണ്. മാത്രമല്ല ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിലും അമിത് ഷാ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ദില്ലി രാം ലീല മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കും എന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു.ഇതോടെ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും വാക്കുകളിലെ വൈരുദ്ധ്യം വലിയ ചര്‍ച്ചയായി. പിന്നാലെ അമിത് ഷാ പഴയ നിലപാട് തിരുത്തി രംഗത്ത് എത്തി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുന്നതിനെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുകയാണെന്നാണ് സൂചന.
തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു
കാസർകോഡ്:തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു.ഉദുമ അരമങ്ങാനം കാപ്പുങ്കയത്തെ രാധാകൃഷ്ണന്‍- നളിനാക്ഷി ദമ്പതികളുടെ മകള്‍ അശ്വതി (18) ആണ് മരിച്ചത്.മുന്നാട് പീപ്പിള്‍സ് കോളജിലെ ബി ബി എ ഒന്നാംവര്‍ഷ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച മഞ്ചേശ്വരത്തെ പഴയ വില്‍പ്പന നികുതി ചെക്പോസ്റ്റിനു സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മഞ്ചേശ്വരം പൊലീസെത്തി കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.സഹോദരി: അഷ്ന (ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി, ജി എച്ച് എസ് എസ് ചെമ്മനാട്). ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.
നടി ആക്രമിക്കപ്പെട്ട കേസ്; രഹസ്യവിചാരണ വേളയില്‍ കോടതി പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും കോടതിനടപടികളും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം;അഞ്ചാം പ്രതി സലീമും സുഹൃത്തും അടക്കം അഞ്ച് പേർ അറസ്റ്റിൽ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ രഹസ്യവിചാരണവേളയില്‍ കോടതി പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും കോടതിനടപടികളും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം.ഇത് ചെയ്തത് കേസിലെ അഞ്ചാം പ്രതിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തെ തുടർന്ന് കേസിലെ അഞ്ചാം പ്രതിയായ സലീമിനേയും കൂട്ടുകാരേയും പൊലീസ് അറസ്റ്റു ചെയ്തു.ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കോടതി മുറിയില്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ആഷിക് വിചാരണവേളയില്‍ സലീമിനൊപ്പം കോടതിയിലെത്തിയതാണ്. ആക്രമിക്കപ്പെട്ട നടിയുടെ കാര്‍, മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍, കോടതി കെട്ടിടങ്ങള്‍, നടി ആക്രമിക്കപ്പെട്ട എസ് യു വി കാറിന് മുന്നില്‍ സലിം നില്‍ക്കുന്ന ചിത്രം തുടങ്ങിയവ ഇരുവരുടെയും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. വൈകീട്ട് കോടതി നടപടികള്‍ അവസാനിച്ചിട്ടും ഇരുവരും കോടതി പരിസരത്ത് കറങ്ങിനടക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു പ്രതിയായ വടിവാള്‍ സലീം.കസ്റ്റഡിയില്‍ എടുത്ത സലീമിനെയും ആഷിക്കിനെയും ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.ചിത്രങ്ങള്‍ എടുത്തതിന് പിന്നിലെ ഉദ്ദേശം അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് സലിം.പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സമയത്ത് വാഹനത്തില്‍ സലീമും ഉണ്ടായിരുന്നു.സുനിയുടെ അടുത്ത ആളായ സലിം മറ്റാരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയുടെ കാറിന്റെ ചിത്രം അടക്കം പകര്‍ത്തിയത് മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും ഫോണിലേക്ക് വന്ന കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്.കോടതി ഉത്തരവ് ലംഘിച്ച ഇരുവരുടെയും അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി സലിം കോടതി ഉത്തരവ് ലംഘിച്ചതായും അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 425 ആയി;യുഎസ് സഹായം സ്വീകരിക്കാന്‍ തയ്യാറായി ചൈന
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.20,400 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു.24 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടരുന്നതു സംബന്ധിച്ച് ബെയ്ജിംഗ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ കഠിന ശിക്ഷ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്നറിയിപ്പ് നല്‍കി.ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുഎസ് സഹായം സ്വീകരിക്കാന്‍ ചൈന തയ്യാറായി.വാഷിംഗ്ടണ്‍ ലോകത്തെ ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ചൈനയുടെ നിലപാട് മാറ്റം.അമേരിക്ക ഭയപ്പെടുത്തല്‍ നടത്തിയത് മൂലമാണ് തങ്ങളുടെ വിപണി 8% തകര്‍ന്നതെന്നാണ് ചൈന നേരത്തെ പരാതിപ്പെട്ടത്. ചൈനയില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറസ് ബാധ പടര്‍ന്നതോടെ സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലേക്ക് അവര്‍ മാറി. ‘സഹായം നല്‍കാന്‍ തയ്യാറാണെന്ന യുഎസിന്റെ നിലപാട് അനുസരിച്ച് അത് ഉടന്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ’, വിദേശമന്ത്രാലയ വക്താവ് ഹവാ ചുന്‍യിംഗ് അറിയിച്ചു.