ന്യൂഡൽഹി:മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്.വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി.കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്.യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മി പാർട്ടിയായിരുന്നു മുന്നേറിക്കൊണ്ടിരുന്നത്.പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു.പിന്നീട് ഒരിക്കല്‍ പോലും ബി.ജെ.പിക്ക് എ.എ.പിയെ മറികടക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോള്‍ എ.എ.പിയുടെ ലീഡ് 13 ആയപ്പോള്‍ ബി.ജെ.പി 12സീറ്റില്‍ ലീഡ് ചെയ്തു.അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോള്‍ ബി.ജെ.പി 12 ല്‍ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോള്‍ ബി.ജെ.പി 16 മണ്ഡലങ്ങളില്‍ മുന്നിലായി. അപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍ കയറി.തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോള്‍ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോണ്‍ഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റില്‍ നിന്നിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോല്‍വിയില്‍ നിന്ന് ഉയരാനായി.
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം
പോഷ്സ്ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം.നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലും 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒൻപത് റണ്‍സ് മാത്രമാണ് നേടിയത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കുമ്പോഴേക്കും എം.എ അഗര്‍വാളും വിരാട് കോഹ്ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി.എന്നാല്‍, മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റണ്‍ ഔട്ടായി.പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.113 പന്തില്‍ രാഹുല്‍ ഒൻപത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു.ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്.ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.രാഹുല്‍ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പതിയെ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കി.ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ് മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒരു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി:നിരവധി സവിശേഷതകളും പ്രത്യേകതകളുമായി ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധന സെക്രട്ടറി അതാനു ചക്രബര്‍ത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേര്‍ന്ന നിറമാണ്. സാധാരണയായി റിസര്‍വ്വ് ബാങ്ക് ആണ് നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നതെങ്കിലും പതിവിന് വിപരീതമായി പുതിയ ഒരു രൂപാ നാണയത്തിന്‍റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.പുതിയ നോട്ടില്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്‍റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്.വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും.കാര്‍ഷിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്‍റെ വലിപ്പം 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും.കൂടാതെ നോട്ടില്‍ 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.’സാഗര്‍ സാമ്രാട്ട്’ എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;49 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു;ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി;കോണ്‍ഗ്രസിന് ഒന്നുമില്ല
ഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി. ആം ആദ്മി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ആം ആദ്മി പാര്‍ട്ടിയായിരുന്നു ലീഡ് ചെയ്തിരുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല.എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാല്‍ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച് ഇത്തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ചത്.ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്.2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആയിരുന്നു പോളിങ്.2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ 7% അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്.
അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാട് പിൻവലിക്കില്ല;പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ
മലപ്പുറം:പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.മലപ്പുറം ചങ്ങരംകുളത്ത് പൌരത്വ നിയമത്തിനിരായ 24 മണിക്കൂർ നിരാഹാര സമരം ഉൽഘാടനം ചെയ്തുകൊണ്ടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ വളയംകുളത്തിൻറെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചത്. പാക്കിസ്ഥാനി ഹിന്ദുവിനെക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്‍ലിമിനാണെന്ന നിലപാട് ആവർത്തിച്ച രാഹുൽ ഈശ്വർ, തന്റെ നിലപാടിനെ തുടർന്നുണ്ടായ വിമർശനങ്ങൾ വകവെക്കാതെയാണ് പരിപാടിക്കെത്തിയത്.
പൌരത്വ നിയമഭേദഗതിക്കെതിരെ നിലപാട് എടുത്തതിന് കഴിഞ്ഞ രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തിരുന്നു.സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനാണ് രാഹുല്‍ ഈശ്വര്‍.പൌരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം വന്നത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ലെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശം ആണെന്നും നിയമത്തിൽ ഒരു മതങ്ങളുടെയും പേര് പരാമർശിക്കാൻ പാടില്ലായിരുന്നെന്നും പറഞ്ഞ രാഹുല്‍ പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പത്താം തിയ്യതി മലപ്പുറം ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു കൊണ്ടുള്ള തീരുമാനം വന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;മൂന്നിടത്ത് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവരെ ഡല്‍ഹിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു.ആദര്‍ഷ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആകെ 21 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്.വോട്ടോണ്ണല്‍ ആരംഭിച്ചതുമുതല്‍ എഎപി വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ്. ആദ്യറൗണ്ടില്‍ 50ലേറെ സീറ്റില്‍ ആം ആദ്മി പാര്‍ടിയാണ് മുന്നില്‍. ബിജെപി 17 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു.
കൊറോണ വൈറസ്;കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ കൊറോണ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 21 സാംപിളുകളും നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.ഇതുവരെ 26 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇന്നലെ രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പുതുതായി ഏഴുപേര്‍ ഉള്‍പ്പെടെ 396 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നിരീക്ഷണത്തിലുണ്ട്. ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍ ആരും തന്നെ നിരീക്ഷണത്തില്‍ ഇല്ല.മെന്റല്‍ ഹെല്‍പ്പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിങ് നടത്തി. വാര്‍ഡ് തലങ്ങളില്‍ നടന്ന ഗ്രാമസഭകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ബോധവത്ക്കരണ പരിപാടികളും ക്ലാസുകളും തുടരുകയാണെന്ന് ഡി എം ഒ അറിയിച്ചു .
കൊറോണ വൈറസ്;ചൈനയില്‍ മരണം 1016 ആയി
ബീയ്ജിംഗ്: കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1016 ആയി.ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്.രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഒറ്റദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്.6000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്.മൂന്ന് ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പടരുന്നത് നിയന്ത്രണവിധേയമാക്കാനായിട്ടില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.ആഗോളതലത്തില്‍ ഇതുവരെ 42,500 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 2,097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഹുബെയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31,728 ആയി ഉയര്‍ന്നു. ഇതില്‍ 1,298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അയവ് വരുത്തിയിട്ടുണ്ട്. ഫാക്ടറികളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ചൈനീസ് പ്രഡിഡന്റ് ഷീ ജിന്‍ പിങ് കഴിഞ്ഞ ദിവസം രോഗബാധിതര്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി;ആദ്യഫലസൂചനകളില്‍ ആം ആദ്മി മുന്നില്‍
ന്യൂഡൽഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുകയാണ്.ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും.വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 52 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 17 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്.കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രം ലീഡെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.
ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും
ടോക്കിയോ:ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.അതിനിടെ കപ്പലില്‍ 160ഓളം ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്‌തു.