ന്യൂഡൽഹി:2020 മാര്‍ച്ച് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി 27 വരെ 30.75 കോടി പാനുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.’ജൂലൈ 1, 2017 വരെ പാൻ എടുത്തവർ മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധവുവാകും. ആക്ടിന് കീഴിലുള്ള ഫർണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികൾ എന്നിവയ്ക്ക് പിന്നീട് പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും’ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി) അറിയിച്ചു. ‘സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി’ എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്.ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ച വിവരം പുറത്ത് വിട്ടത്. നിലവില്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. പി.ശ്രീധരന്‍പിള്ള ഗവര്‍ണറായി മേഘാലയിലേക്ക് പോയതോടെയാണ് ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാതെയായത്. കുറേക്കാലമായി ബി.ജെ.പിയില്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുകയാണ്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുൻപ് പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍. ഈ മാസം 26നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം;തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമം നടത്തിയതായി അന്തിമ കുറ്റപത്രം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.കേസിൽ തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയതായി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 50 കിലോ മീറ്റര്‍ വേഗപരിധിയുള്ള റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്ത കെ.എം ബഷിറിനെ ഇടിച്ചിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് പറഞ്ഞതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.കാര്യമായ പരിക്കില്ലാതിരിന്നിട്ടും തുടര്‍ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി. കിംസ് ആശുപത്രിയില്‍വെച്ച് മദ്യത്തിന്‍റെ അംശം കുറയുന്നത് വരെ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവരോട് ഈമാസം 24ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും;നാലു ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്;പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ചൂട് കൂടും.നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്‍റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കാരണം. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ കൈയില്‍ വെളളം കരുതണം. നിര്‍ജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.ചൂട് കൂടുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം നടത്തിയിരുന്നു.പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഇവരുടെ ജോലി സമയം രാവിലെ ഏഴു മണിക്കും രാത്രി ഏഴു മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊറോണ വൈറസ്;മരണസംഖ്യ ഉയരുന്നു; ചൈനയില്‍ മരണം 1631; ഇന്നലെ മാത്രം 139 മരണം
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നു.ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1631 ആയി.ഇന്നലെ മാത്രം 139 പേരാണ് മരിച്ചത്.ചൈനയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2641 പേര്‍ക്കാണ്. ഇതില്‍ 2000 പേരും ഹ്യൂബെ നിവാസികളാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 67,535 ആയി.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഹ്യൂബെയില്‍ മാത്രം 56 ദശലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ബീജിങ്ങിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു.അതിനിടെ കൊറോണ വൈറസ് ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈജിപ്തിലും കൊറോണ സ്ഥിരീകരിച്ചു.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെയ്സ്ബുക്ക് ഉച്ചകോടി മാറ്റിവെച്ചു. ലോകത്ത് 28 ഓളം രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമെ, ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച് ഓരോരുത്തര്‍ മരിച്ചിരുന്നു. ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 3 ഇന്ത്യക്കാര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 3 പേരെയും ആശുപത്രിയിലേക്കു മാറ്റി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി:പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇബ്രാഹിംകുഞ്ഞിന് എതിരെ ടി.ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. സര്‍ക്കാറിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ 41 എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് അയച്ചത്.
നിര്‍ഭയ കേസ് പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയ കേസ് പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.2012 ഡിസംബര്‍ പതിനാറിനാണ് വിനയ് ശര്‍മ ഉള്‍പ്പെടെ ആറുപേര്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.ആറംഗ സംഘത്തിന്‍റെ ക്രൂരതയ്ക്ക് ഇരയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.ഒന്നാംപ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു.പ്രതികളില്‍ ഒരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. വിനയിനെ കൂടാതെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയും കഫ്ടീരിയയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളില്‍ ജോലിയും കഫ്ടീരിയ തുടങ്ങാന്‍ സ്ഥലവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മാഹി പന്തക്കല്‍ സ്വദേശി രജുന്‍ ലാലാണ് പരാതിക്കാരന്‍. ഇയാളില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഒപ്പം എട്ടു പേരില്‍ നിന്നായി 95 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.2017 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെയുളള കാലത്താണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ തലശേരി സ്വദേശി വിപിന്‍ദാസ്,ഭാര്യ ഷീബ, ഒഞ്ചിയം സ്വദേശി അരുണ്‍കുമാര്‍,ഭാര്യ അജിത, നെട്ടൂര്‍ സ്വദേശി വിനോദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പണം മടക്കിത്തരമെന്ന് മധ്യസ്ഥര്‍ മുഖേന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.
നടിയെ ആക്രമിക്കപ്പെട്ട കേസ്;നിര്‍ണായക സാക്ഷി വിസ്താരം ഇന്ന്
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന സാക്ഷികളിലൊരാളെ ഇന്ന് വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ദൃശ്യങ്ങള്‍ കാണിച്ച അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയില്‍ വിസ്തരിക്കുക. കാറില്‍വച്ച് നടിയെ പീഡിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനില്‍കുമാര്‍ ആദ്യം കാണിച്ചത് സുഹൃത്തായ മനുവിനെയാണ്.കേസില്‍ 104 ആം സാക്ഷിയായ മനുവിനെ വ്യാഴാഴ്ചയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം ലഭിക്കാത്തതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം സുനില്‍കുമാര്‍ അമ്പലപ്പുഴയിലേക്കാണ് പോയത്. മനുവിന്റെ വീട്ടില്‍വച്ച് ദൃശ്യങ്ങള്‍ കാണിച്ചു. മനുവിന്റെ ഭാര്യയെ വ്യാഴാഴ്ച വിസ്തരിച്ചു. തമ്മനത്ത് സുനില്‍കുമാറിന്റെ കൂടെ താമസിച്ചയാളെയും വിസ്തരിച്ചു. സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ അഞ്ച്‌പേരെയും ഇന്ന് വിസ്തരിക്കും.പ്രോസിക്യൂഷന്‍ ഇതുവരെ അക്രമത്തിനിരയാക്കപ്പെ്ടനടിയെ അടക്കം 14 സാക്ഷികളെയാണ് വിസ്തരിച്ചത്.പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായതിനു ശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും.
പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രിയുടെ ഗണ്‍മാനും
തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ പ്രതിപട്ടികയില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാറും. തിരുവനന്തപുരം എസ്.എ.പി കമാന്‍ഡായിരുന്ന വ്യക്തിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ മൂന്നാം പ്രതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതിപ്പട്ടികയില്‍ ആകെ 11 പേരാണ് ഉള്ളത്. രജിസ്റ്റര്‍ സ്റ്റോക്കുമായി ബന്ധപ്പെട്ട രേഖകളില്‍ വരുത്തിയ വീഴ്ചയാണ് പൊലീസുകാര്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണം.രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വഞ്ചനയിലൂടെ കൂടുതല്‍ പൈസയുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എഫ്.ഐ.ആറില്‍ ഗുരുതരമായ വീഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയേക്കും. അതേസമയം കുറ്റവാളിയെന്ന് തെളിയും വരെ സനില്‍കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.