തിരൂര്‍:മലപ്പുറം തിരൂരില്‍ ഒൻപത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തിൽ ദുരൂഹത.സംഭവത്തില്‍ സമഗ്രാന്വേഷണവുമായി പൊലീസ്.93 ദിവസം പ്രായമായ ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് രാവിലെയാണ്.ഖബറടക്കിയ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ നീക്കം.ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ ഖബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്.കുട്ടികള്‍ക്ക് മൂന്ന് മാസം മുതല്‍ നാലര വയസുവരെയുള്ള പ്രായമുള്ള സമയത്താണ് മരണങ്ങളെല്ലാം നടന്നത്. ഇതില്‍ ഒരു കുട്ടിക്ക് മാത്രമാണ് നാലര വയസ് പ്രായമായിരുന്നത്. ബാക്കിയെല്ലാ കുട്ടികളും ഒന്നര വയസിനുള്ളില്‍ തന്നെ മരണപ്പെട്ടിരുന്നു.കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ മക്കളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ ഒരു ബന്ധു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ഒരു കുട്ടിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇന്നലെ വരെ കളിച്ച് കൊണ്ടിരുന്ന കുട്ടിയാണ് ഇന്ന് രാവിലെ പെട്ടെന്ന് മരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നതിൽ വിരോധമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി;തീവ്ര വിഷമായതിനാല്‍ ആന്റി വെനം നല്‍കിയത് നാലു പ്രാവശ്യം; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചെന്നും വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇന്നു വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്;പൊലീസ് സ്റ്റേഷനുകള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: അനധികൃതമായി ഫ്ലെക്സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്.ഇത്തരത്തിൽ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഫ്ലെക്സ് മാറ്റണമെന്ന് റോഡ് സുരക്ഷ അതോറിട്ടിയും ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയത്.അനധികൃത ഫ്ലെക്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഡിജിപിക്കും റോഡ് സുരക്ഷാ അതോറിട്ടും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ആറാം തീയതി റോഡ് സുരക്ഷാ കമ്മീഷണറും എട്ടാം തീയതി ഡിജിപിയും സര്‍ക്കുലര്‍ പുറത്തിറക്കിയത്.ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം , അനധികൃത ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊതുശല്യം ഉണ്ടാക്കി എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും അവരുടെ ശ്രദ്ധ തിരിക്കുന്നതുമായ വലിയ പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം രണ്ടു മാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.റോഡിലേക്ക് മറിഞ്ഞുവീണ് വലിയ അപകടം സൃഷ്ടിച്ചേക്കാവുന്ന തരത്തിലുള്ള വലിയ ബില്‍ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് കമ്മീഷണറുടെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡിന്റെ നടുക്കുള്ള മീഡിയനുകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ച് കാഴ്ച മറയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും, ഇത് നീക്കം ചെയ്യണമെന്നും, ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം; അന്വേഷിക്കുന്നത് പൊലീസിനെതിരായ പരാമര്‍ശങ്ങള്‍
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷ നേതാവിന്‍റെ കൂടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.അതേസമയം സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ന്യായമാണ് സര്‍ക്കാര്‍ ആദ്യം നിരത്താന്‍ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്.ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും
കണ്ണൂർ:കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ശുഹൈബിനെ പരീക്ഷ എഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും.പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവരിക.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അലന് പരീക്ഷ എഴുതാൻ സാഹചര്യമൊരുങ്ങിയത്. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ.രാവിലെ ഏഴ് മണിയോടെ തൃശൂർ അതിസുരക്ഷ ജയിലിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എൻ.ഐ.എ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷക്ക് ശേഷം അലനെ തൃശൂരിലേക്ക് തന്നെ തിരികെ കൊണ്ടു പോകും.ക്യാമ്പസ്സിൽ പോലീസ് കനത്ത സുരക്ഷയൊരുക്കും.സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകി. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകി വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. എന്നാൽ നിയമ പഠന വിഭാഗം മേധാവി ഹാജർ സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമാകും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന;കൃത്യം നിര്‍വ്വഹിച്ചത് മാതാപിതാക്കളില്‍ ഒരാളെന്നും റിപ്പോർട്ട്
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞ് മുങ്ങി മരിച്ചതല്ലെന്ന് ഇതോടെ വ്യക്തമായി. സംഭവത്തില്‍ കൊലയാളികള്‍ മാതാപിതാക്കളില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുകാരന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാല്‍ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.
ഞായറാഴ്ച രാത്രി വീടിനുള്ളിൽ ഉറക്കിക്കിടത്തിയ വിയാനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്.തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കുഞ്ഞിന് മരുന്ന് കൊടുത്തതിനു ശേഷം മാതാവ് ശരണ്യ കുട്ടിയെ അച്ഛന്റെ അടുത്ത് കിടത്തിയുറക്കി.കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്.കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്ബതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്.കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കുട്ടിയുടെ അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യകയാണ് ഇപ്പോള്‍. ശരണ്യയും, പ്രണവും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. കുട്ടിയുടെ മരണവുമായി ശരണ്യയ്‌ക്കൊ പ്രണവിനോ ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പകല്‍ താപനിലയില്‍ കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചൂടു കൂടുന്നത് കണക്കിലെടുത്തു ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക;മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഉത്തരവിട്ടത്.2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം:നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞു തീരുന്നത് ആയിരക്കണക്കിന് ജീവനുകളാണ്.2018 ലെ കേരളാ പോലീസിന്റെ കണക്കനുസരിച്ച് വാഹനാപകടങ്ങളിൽ മാത്രം 4303 ജീവനുകളാണ് കേരളത്തിൽ ഇല്ലാതായത്. 2019 സെപ്റ്റംബർ വരെ മാത്രമുള്ള കണക്കെടുത്താൽ വഴിയിൽ പൊലിഞ്ഞ ജീവനുകൾ 3375 ആണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുന്നതാണ് ഇതിനു പ്രധാന കാരണം.ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് മോട്ടോർവാഹന വകുപ്പ്.പൊതുനിരത്തുകളിൽ കാണുന്ന നിയമലംഘനങ്ങൾ വാട്സ്ആപ് സന്ദേശങ്ങളായി അധികൃതരിലെത്തിക്കാം.നിങ്ങൾ കാണുന്ന ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും മോട്ടോർവാഹന വകുപ്പിന്റെ 9946100100 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും
ന്യൂഡൽഹി:നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.ഫെബ്രുവരി ഒന്നിന് കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നീ നാല് പ്രതികളുടെയും വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.പ്രതികളിലൊരാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്റ്റേ ചെയ്തത്. നാല് പ്രതികളും നിലവില്‍ തിഹാര്‍ ജയിലിലാണ്. പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കിയിട്ടില്ല.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്.