ഡൽഹി:ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ സംഘർഷം.സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. കല്ലേറുമുണ്ടായി. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പ്രക്ഷോഭത്തിനിടെ ഒരാള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് തോക്കുമായി ഓടി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊല കേസ്;കൊച്ചിയിലെ സിബിഐ ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരവുമായി കുടുംബങ്ങള്‍
കൊച്ചി:കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ കൊച്ചിയിലെ സിബിഐ ഓഫീസിന് സൂചനാ സത്യാഗ്രഹ സമരം നടത്തി.കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്.പെരിയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.ഒക്ടോബര്‍ 31 ന് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. എന്നിട്ടും സിബിഐ അന്വേഷണം നടത്താത്തത് ഉന്നത ഇടപെടലു കൊണ്ടാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി; ‘നമസ്തേ ട്രംപി’നൊരുങ്ങി രാജ്യം
അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി.ഡൊണാള്‍ഡ് ട്രംപിന്റെ വിമാനമായ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിൽ രാവിലെ 11.40 നാണ് അദ്ദേഹം അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ ട്രംപി നോടപ്പം ഇന്ത്യാ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്.പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രോട്ടോക്കോള്‍ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്. ട്രംപിനെ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹത്തോടൊപ്പം അഹമ്മദാബാദില്‍ മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. ശേഷം ഇരുവരും ചേര്‍ന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനായി പുറപ്പെടും.ട്രംപ് എത്തിയതോടെ’നമസ്തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവന്‍ മോദിയുടെയും ട്രംപിന്റെയും ഫ്ലക്സുകളാണ്. 12.30 ന് മോട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും.രാത്രിയോടെ ഡല്‍ഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്‌ഘട്ട് സന്ദർശിക്കും.പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും.11.30 ഓടെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീര്‍ വിഷയങ്ങള്‍ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചര്‍ച്ചചെയ്യും. തുടര്‍ന്ന് സംയുക്തവാര്‍ത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളില്‍ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ട്രംപ് സ്വീകരിക്കുന്ന ഇന്ത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയും, ഏകാധിപത്യ നടപടികള്‍ക്കെതിരെയുമാണ് പ്രതിഷേധം.
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ചൂട് കൂടും;ജാഗ്രതാ നിർദേശം
കോഴിക്കോട്:സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിലുണ്ട്. ചൂട് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും കോട്ടയത്ത് 5 തവണയും രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി.
ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്;അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
കണ്ണൂർ:തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വലിയന്നൂര്‍ സ്വദേശിയായ ഇയാളോട് കഴിഞ്ഞദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും ഇയാള്‍ എത്തിയില്ല. സ്ഥലത്ത് ഇല്ല എന്നാണ് ഇയാള്‍ നല്‍കിയ മറുപടി. ഇന്ന് യുവാവിനോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡില്‍ വെച്ച് ഒരു നാട്ടുകാരന്‍ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരന്‍ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, താന്‍ മദ്യപിച്ചിട്ടുള്ളതിനാല്‍ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ അയാള്‍ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്‍ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെകിട്ടാറാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.കേസിലെ പ്രധാന പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ.എസ് , അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാകും.പ്രതികളോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിക്കുകയായിരുന്നു.കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി.മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിനുള്ള കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍,തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാനേജ്മെന്റിന്റെ അനാസ്ഥ;കൊച്ചിയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍
കൊച്ചി:മാനേജ്മെന്റിന്റെ അനാസ്ഥമൂലം പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിൽ.തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ സ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.സ്കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ തന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു. അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‍കൂളില്‍ എല്‍കെജി മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്‌ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ വര്‍ഷങ്ങളില്‍ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പരീക്ഷ എഴുതാന്‍ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ത്രിശങ്കുവിലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരം അറിയിക്കുന്നത്. നിലവില്‍ ഒന്‍പതാം ക്ലാസും പത്താം ക്ലാസും വിദ്യാര്‍ഥികള്‍ പഠിച്ചതിന് തെളിവുകളില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.അതേസമയം സംഭവുമായി ബന്ധപ്പെട്ട് സ്‍കൂള്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. സിബിഎസ്‌ഇ അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ ഡല്‍ഹിയാണ്. മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മാനേജ്മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സെനഗലിൽ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ചു
ന്യൂഡൽഹി:പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.സെനഗലിൽ നിന്നും ആദ്യം ഡൽഹിയിലെത്തിച്ച രവി പൂജാരിയെ ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം ഇയാൾ ഒളിവിലായിരുന്നു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. രണ്ടുവര്‍ഷം മുൻപ് വരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്.കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ നിയമനം നൽകിയ സംഭവത്തിൽ വിവാദം തുടരുന്നു;ശുപാര്‍ശ കത്ത് നല്‍കിയ നേതാവിനെ പുറത്താക്കി
കണ്ണൂർ:ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ നിയമനം നൽകിയ സംഭവത്തിൽ വിവാദം തുടരുന്നു. മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ തില്ലങ്കേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ സഹോദരിക്കാണ് കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതിയംഗവുമായ മമ്പറം ദിവാകരന്‍ ചെയര്‍മാനായ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ജോലി നല്‍കിയത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ശുപാര്‍ശ കത്തോടെയാണ് യുവതി ജോലി തേടി കോണ്‍ഗ്രസ് നേതാവിനെ സമീപിച്ചത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ജോലി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് യുവതി ജോലി രാജി വച്ചെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.ജോലി നല്‍കിയതിനെ കുറിച്ചും ശിപാര്‍ശ കത്ത് നല്‍കിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.ശുഹൈബിന്‍റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നല്‍കിയ സംഭവം ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ സ്ഥാപനത്തില്‍ ജോലി കൊടുത്ത സംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു.ജോലിക്കുള്ള ശിപാര്‍ശയ്ക്കുള്ള കത്ത് നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെയും നടപടിയെടുക്കണം.പാര്‍ട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.
ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു;ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ:ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂര്‍മല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.കൃഷി നശിപ്പിക്കുന്ന പന്നികളെയും, കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആൾട്ടോ കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍.നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ അന്വേഷണത്തിനായി പ്രതിയേയും ഉണ്ടകളും ഇവകടത്താനുപയോഗിച്ച കാറും ഇരിട്ടി പൊലീസിന് കൈമാറി.നേരത്തെ കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്.