കണ്ണൂര്‍:പേരാവൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു.പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാനാ(5)ണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം.വൈകുന്നേരം സഹോദരന്‍ സല്‍മാനൊപ്പം സ്കൂള്‍ ബസില്‍ വീടിന് സമീപത്തെ സ്റ്റോപ്പില്‍ വന്നിറങ്ങിയതായിരുന്നു റഫാന്‍.തുടര്‍ന്ന് എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥി ബസിന്‍റെ പിന്‍ഭാഗത്തെ ടയറിനടിയില്‍ പെട്ടുപോവുകയായിരുന്നു.സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു
കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ മാവോവാദി പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടത്. സി.പി.ഐ (എം.എല്‍) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങള്‍ ചെറുക്കുക, സി.എ.എ വിരുദ്ധ സമരങ്ങളിലെ എസ്.ഡി.പി.ഐ, പി.എഫ്.ഐ കാപട്യം തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്ററുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹി കലാപം;മരണം 17 ആയി;പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക്
ന്യൂഡല്‍ഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസും അറിയിച്ചു. ജഫ്രാബാദ്, കര്‍വാള്‍ നഗര്‍,ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡൽഹി കലാപം;മരണം ഏഴായി;പത്തിലധികം പേര്‍ക്ക് വെടിയേറ്റ് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ഏഴായി.തിങ്കളാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് രാവിലെ മരിച്ചത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് വ്യാപക ആക്രമണം അരങ്ങേറിയത്.ഇവിടെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. പത്തിലധികം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പോലീസുകാരും 56 ഓളം പ്രക്ഷോഭകരും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഭിഭാഷകനായ മെഹ്മൂദ് പ്രാച. അക്രമ സംഭവങ്ങളില്‍ കോടതി ഇടപെടണമെന്ന് മെഹ്മൂദ് പ്രാച ആവശ്യപ്പെട്ടു.ഈ ഹര്‍ജി ഷഹീന്‍ബാഗ് ഹര്‍ജിക്കൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകനാണ് മെഹ്മൂദ് പ്രാച.
കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 2600 ആയി
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 2600 ആയി.508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈന യില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 കവിഞ്ഞു.കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്. ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്. കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്.ഇതിനിടയില്‍ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന്‍ ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂരിൽ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 7.05 ഓടെയാണ് എടക്കാടിനും തലശേരിക്കും ഇടയില്‍ വിള്ളല്‍ കണ്ടെത്തിയത്.ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി, പരശുറാം എന്നീ ട്രെയിനുകൾ കണ്ണൂരില്‍ പിടിച്ചിട്ടു. തുടര്‍ന്ന് രാവിലെ 7.50ഓടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
ബ്രൂവറികളും പബ്ബുകളുമില്ല;ഡ്രൈ ഡേ ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും.തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ വേണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങള്‍.കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു.എന്നാല്‍ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്.മാത്രമല്ല പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽ നിന്നടക്കം സർക്കാരിനു നിരവധി നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഗുണനിലവാരമില്ല;സ്കൂളുകളില്‍ ഇന്ന് നല്‍കാനിരുന്ന വിരഗുളിക വിതരണം നിര്‍ത്തിവെച്ചു
മലപ്പുറം: ദേശീയ വിരവിമുക്ത ദിനാചരണത്തിെന്‍റ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലേക്കും അംഗന്‍വാടികളിലേക്കും വിതരണം ചെയ്ത ഗുളിക ഗുണനിലവാരമില്ലാത്തിനാല്‍ അവസാനനിമിഷം പിന്‍വലിച്ചു.19 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിരശല്യം ഇല്ലാതാക്കാനായി ആരോഗ്യവകുപ്പ് നല്‍കിയ ഗുളികകളുടെ വിതരണമാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ തിങ്കളാഴ്ച ഉത്തരവിറക്കിയത്.ചൊവ്വാഴ്ചയാണ് ഗുളിക നല്‍കാന്‍ നിശ്ചയിച്ചിരുന്നത്.ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ഗുളികകള്‍ തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. ഏതെങ്കിലും അംഗന്‍വാടികളോ സ്കൂളുകളോ കുട്ടികള്‍ക്കിത് നല്‍കിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. മലപ്പുറം ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരിലൊരാള്‍ ഗുളികയിലെ നിറവ്യത്യാസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് ഗുണനിലവാരമില്ലാത്ത ഗുളികകളാണ് വിതരണത്തിനെത്തിയതെന്ന് വ്യക്തമായത്.കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷെന്‍റ ഡി.കെ 0062 ബാച്ചുകളിലെ 400 എം.ജിയുടെ ആല്‍ബെന്‍ഡസോള്‍ ഗുളികകളാണ് തിരിച്ചെടുത്തത്. ഇതേ ഗുളികയുടെ 0058 മുതല്‍ 0063വരെയുള്ള ബാച്ചുകളും വിദ്യാലയങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഗുളിക വിതരണം ചെയ്തിരിക്കുന്നത്. ഫാര്‍മസിസ്റ്റുകള്‍വഴി മാത്രം വിതരണം ചെയ്യാവുന്ന വിഭാഗത്തില്‍പെട്ട മരുന്നാണിത്. ഇതുസംബന്ധിച്ച സംശയം ജീവനക്കാരുടെ സംഘടനകളിലൊന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് മറുപടി നല്‍കാതെ ഗുളികവിതരണവുമായി അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു.
ഡല്‍ഹിയില്‍ സംഘർഷാവസ്ഥ തുടരുന്നു; പൊലീസുകാരനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു;പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവും തമ്മിൽ വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് കൊല്ലപ്പെട്ടത്.കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിഎഎ പ്രതിഷേധക്കാരെ നേരിടാനായി സിഎഎ അനുകൂലികള്‍ കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു.പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി സഫ മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഡൽഹിയിൽ സംഘർഷം തുടരുന്നു;അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ
ന്യൂഡൽഹി:ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചുചേർത്തു.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എകെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത് ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും സംഘര്‍ഷത്തിനിടെ മരിച്ചിരുന്നു.അതേസമയം ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇവിടെ വിജയിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു.നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘര്‍ഷത്തെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം ഹൈദരാബാദില്‍ ആരോപിച്ചു.