കൊച്ചി:വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വഭേതഗതി നിയമത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി.ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു.വടക്ക് കിഴക്കൻ ഡൽഹിയിലെ ക്രമസമാധാന നില സാധാരണ നിലയിൽ ആയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അക്രമം തുടരുകയാണ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റ ഖജൂരി ഖാസിലെ വീടിന്റെ ടെറസ്സിൽ കല്ലുകളും പെട്രോൾ ബോംബുകളും സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്നതിനെ തുടർന്ന് വീട് സീൽ ചെയ്തു.ഇന്റെലിജെൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ താഹിർ ഹുസൈന് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. അതേസമയം കലാപം തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്റെ വീടിന്റെ നിയന്ത്രണം പൊലീസിന്റെ പക്കലായിരുന്നെന്ന് താഹിര്‍ ഹുസൈന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാർത്ഥനകൾ വിഫലം;കൊല്ലത്തുനിന്നും കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:നെടുമണ്‍കാവ് ഇളവൂരില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.വീടിനു നൂറുമീറ്റർ അകലെയുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു.ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്നലെ രാവിലെ 9.30നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.
അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.ദേവനന്ദടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.ചെറിയ ദൂരമാണെങ്കില്‍ പോലും ദേവനന്ദ തനിച്ച് അവിടേക്ക് പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്.പുറത്തിറങ്ങി കളിക്കുകയോ തനിച്ച് ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇനി അന്വേഷണത്തില്‍ കണ്ടെത്താനിരിക്കുന്നതേയുള്ളു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നും മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയില്‍ ഇന്നലെയും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി
കൊല്ലം:കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. എഴുകോണ്‍ ടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ മകള്‍ ദേവനന്ദ(പൊന്നു)യെ ആണ് കാണാതായത്. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ആണ് കുട്ടി ഇന്ന് സ്കൂളില്‍ നിന്ന് അവധിയെടുത്തത്. രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്.ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പള്ളിക്കലാറില്‍ അഗ്നിശമനസേന തിരച്ചില്‍ നടത്തുകയാണ്. അതിനിടെ, കുട്ടിയെ കിട്ടിയെന്ന വ്യാജ പ്രചാരണവും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായി.എന്നാൽ അധികൃതര്‍ ഇത് നിഷേധിച്ചു.
തയ്യിലിലെ ഒന്നര വയസുകാരന്റെ കൊലപാതകം;ശരണ്യയുടെ കാമുകൻ നിധിൻ അറസ്റ്റിൽ
കണ്ണൂർ:തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ കാമുകൻ നിഥിനെയും പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. അച്ഛനായ പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ശരണ്യയ്ക്ക് എതിരാവുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ശരണ്യ കുറ്റം സമ്മതിച്ചത്. അതേസമയം, കൊലപാതകത്തില്‍ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. ഇയാളെ പോലീസ് ഒന്നിലേറെ തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും വാട്സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യ പൊലീസിന് നൽകിയ മൊഴി.കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ നിതിന്‍ വീട്ടിലെത്തിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ സമ്മതിച്ചതായാണ് വിവരം. ഇത് കൂടാതെ നിതിന്‍ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ ശരണ്യയെ കൊണ്ട് തന്നെ പണയം വയ്പ്പിച്ചുവെന്നും ആ പണവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്.കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്ക് നടത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ശരണ്യയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ നിതിന്റെ പങ്ക്കൂടി പുറത്തുവന്നത്.
കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ:കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് ആദ്യ അപകടം നടന്നത്.പാടത്ത് പുല്ലരിയാന്‍ പോയ കുഞ്ഞ (65), ദേവി (65) എന്നിവരാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി മരിച്ചത്.കണ്ണൂരില്‍ അറ്റകൂറ്റപ്പണിക്കിടെ കെഎസ്‌ഇബി ജീവനക്കാരനായ തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന്‍ ആണ് മരിച്ചത്.
നടിയെ ആക്രമിച്ച കേസ്;മൊഴി നല്കാൻ മഞ്ജു വാര്യർ കോടതിയിലെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുൻപ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്.അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി.കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് ആദ്യമായി പരസ്യമായി പറഞ്ഞതും മഞ്ജു വാര്യരാണ്.പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാല്‍ കേസിൽ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒൻപതേമുക്കാലോടെ തന്നെ മഞ്ജു വാര്യർ കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച. മഞ്ജു മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന.അതേസമയം സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും.ഇരുവരും കോടതിയിൽ ഹാജരായിട്ടുണ്ട്.മഞ്ജു വാര്യര്‍ വരുന്നതിനാല്‍ ദിലീപ് അവധി അപേക്ഷ നല്‍കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കാനായിരുന്നു ദിലീപിന്റെ തീരുമാനം.നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച് നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും.കേസുമായി ബന്ധപ്പെട്ട് താരങ്ങളില്‍ പലരും നേരത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് മുരളീധറിനെ സ്ഥലം മാറ്റി
ന്യൂഡൽഹി:ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം.പഞ്ചാബ് ഹരിയാന കോടതിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്‍റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ ഇന്ന് രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹർഷ് മന്ദറാണ് നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹരജി നൽകിയിരുന്നത്. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.അതേസമയം ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ഥലം മാറ്റത്തിന് വിധേയനാകാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍മിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്.ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ലജ്ജാകരമെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി ജുഡീഷ്യറിയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ട്വീറ്റ് ചെയ്തു.
ഡൽഹി കലാപം;മരണം 28 ആയി;വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തിലും കലാപത്തിലും മരിച്ചവരുടെ എണ്ണം 28 ആയി. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അക്രമത്തില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായി. 18 കേസുകള്‍ എടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അരുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റി. ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.’ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.അതേസമയം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവം;എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
തിരുവനന്തപുരം:എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അധികം വൈകാതെ എസ്‌ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.എസ്‌എപി ക്യാമ്പിൽ നിന്നും 12,000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്. വെടിയുണ്ടകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍- മൂന്നിലെ എസ്‌ഐയാണ്.തിരകള്‍ കാണാതായ കേസില്‍ കണക്കെടുപ്പ് ഉണ്ടായപ്പോള്‍ 350 വ്യാജ കേയ്സുകള്‍ ഉണ്ടാക്കി കണക്കെടുപ്പില്‍ ഹാജരാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്. രണ്ട് മണിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്. ഈ സാഹചര്യത്തില്‍ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.
ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ;കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചതായി റിപ്പോര്‍ട്ട്
ജിദ്ദ:കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു.ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം.ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഉംറക്കായി ഇഹ്‌റാം കെട്ടിയവരടക്കമുള്ളവര്‍ക്കാണ് തിരിച്ചുമടങ്ങേണ്ടി വന്നത്. മക്കയിലും മദീനയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ ആളുകള്‍ പ്രവേശിക്കരുതെന്നാണ് വിലക്ക്. മുന്‍ കരുതലിന്റെ ഭാഗമായാണിതെന്നും സഊദി വൃത്തങ്ങള്‍ അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.പുതിയ കൊറോണ വൈറസ് സംഭവവികാസങ്ങള്‍ സഊദി ആരോഗ്യ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരുകയാണ്. വൈറസ് പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നടപടിയുടെ ഭാഗമായിട്ടാണ് തീരുമാനം. അതിനിടെ ആശങ്ക വേണ്ടതില്ലെന്നും സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതല്‍ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.നിലവില്‍ സൗദി അറേബ്യയും ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം തടയാനായി ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.