കറാച്ചി:കറാച്ചിയിൽ ട്രെയിൻ ബസ്സിലിടിച്ച് 18 മരണം നിരവധിപേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്.സിന്ദ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കുര്‍ ഡെപ്യുട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീല്‍ കൂട്ടിച്ചേര്‍ത്തു. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
തൃശ്ശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ വലപ്പാടില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു.സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്.സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും.ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്.നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം.സൈക്കിളില്‍ ഇടിച്ച ശേഷമാണ് ലോറി ബൈക്കില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു
കൊച്ചി:കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.പനി മൂലമാണ് മലേഷ്യയില്‍നിന്ന് എത്തിയ ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍;ഗതാഗത മേഖലയിലെ ചരിത്രപരമായ മാറ്റമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
കൊച്ചി: എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍എന്‍ജി ബസുകളിലൂടെ സാധിക്കും. വര്‍ഷങ്ങളായി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയിലൂടെയാണ്. ഇതിലൂടെ അപകടകരമായി മലിനീകരണം ഉണ്ടാകുന്നുവെന്നത് ജനങ്ങള്‍ അംഗീകരിച്ച് തുടങ്ങി. ഇതിനെതിരെ സിഎന്‍ജി, എല്‍എന്‍ജി എന്നിവ ജനകീയമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ത്തന്നെ ഇ-ഓട്ടോ പോലുള്ള ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വാങ്ങുമ്പോൾ ഉടമസ്ഥര്‍ക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ഗതാഗത സൗകര്യത്തിനായാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ഇപ്പോള്‍ രണ്ട് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. 450 ലിറ്റര്‍ ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് ബസിലുള്ളത്. ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 900 കിലോ മീറ്റര്‍ ബസിന് ഓടാന്‍ കഴിയും. നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയാണ് ബസ്സില്‍ ഇന്ധനം നിറയ്ക്കാന്‍ എടുക്കുന്ന സമയം. വളരെ സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഇന്ധനമാണ് എല്‍എന്‍ജിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കോട്ടയത്ത് കിണറിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു
കോട്ടയം:കോട്ടയത്ത് കിണറിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. കിണറിന്റെ റിംഗ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.കിണര്‍ ഇടിഞ്ഞ് ജോയും സാജുവും മണ്ണിനടിയില്‍പെടുകയായിരുന്നു. നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മുങ്ങിമരണം തന്നെയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ദ്ധർ വാക്കാല്‍ പോലീസിന് കൈമാറി.കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ.വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.തിരച്ചിലിനൊടുവിൽ രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ ചാലാട് ഭാര്യയെ തീകൊളുത്തികൊന്ന കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ
കണ്ണൂർ: ഭാര്യയെ തീകൊളുത്തികൊന്ന കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ.ചാലാട് സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ഭാര്യ രാഖിയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.ചാലാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് സന്ദീപ് തന്നെ മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് രാഖി മൊഴിയില്‍ വ്യക്തമാക്കിയത്. ചാലയിലെ ബിന്ദു-രാജീവന്‍ ദമ്പതികളുടെ മകളാണ് മരിച്ച രാഖി. മൂന്നാഴ്ച മുൻപാണ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഖി മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടില്‍ വച്ച് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.
അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ സമയം ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഭര്‍ത്താവ് സന്ദീപ് ഒളിവിലായിരുന്നു.സംഭവം നടന്നതിനു ശേഷം ആശുപത്രിയില്‍ എത്തിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയില്‍ പറഞ്ഞിരുന്നു. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭര്‍ത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയില്‍ ഉണ്ട്.എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മരണമൊഴി നല്‍കുന്നതിന് തയ്യാറായത്. ഒരു നഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പന്തീരാങ്കാവ് യുഎപിഎ കേസ്;താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി
കൊച്ചി:പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി.കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് താഹ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തു.കഴിഞ്ഞ നവംബര്‍ 2നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.താഹയോടൊപ്പം കസ്റ്റഡിയിലായ അലന്‍ ഷുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.അതേസമയം ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അലന്‍ ഷുഹൈബിനെ അടുത്തയിടെ കണ്ണൂര്‍ സര്‍വലകലാശാല അനുവദിച്ചിരുന്നു.കനത്ത സുരക്ഷയോടെയാണ് അലനെ പരീക്ഷയെഴുതാന്‍ പൊലിസ് കൊണ്ടുവന്നത്.
ദേവനന്ദയുടെ മരണം;ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്;മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കൊല്ലം:ഏഴുകോണിൽ നിന്നും നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്.ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.അതുകൊണ്ടുതന്നെ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.കുട്ടിയെ കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിന് സമീപത്തുള്ള ആറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്.ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയ .അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ് കുമാർ-ധന്യ ദമ്പതികളുടെ മകളാണ് 7 വയസ്സുകാരി ദേവനന്ദ.കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
കണ്ണൂരിൽ പട്ടാപകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം;ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസുകാരി
കണ്ണൂർ:കഴിഞ്ഞ ദിവസം പട്ടാപകല്‍ നഗരമധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസ്സുകാരി.ക്വട്ടേഷന്‍ വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തുകയും സംഘത്തെ വളഞ്ഞതോടെ കാറില്‍ നിന്നു രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു.കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.22കാരിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പണം വാങ്ങാന്‍ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നല്‍കിയത്. എന്നാല്‍ 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷന്‍ സംഘം പട്ടാപകല്‍ നഗരമധ്യത്തില്‍ ആക്രമണത്തിന് ഇറങ്ങിയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പൊലീസിന്റെ തീരുമാനം. അതേസമയം കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയ്യാറാകാത്തതിനാല്‍ യുവതിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസിനു പ്രായോഗിക തടസ്സമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.