ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ നിരയിലേക്ക് അടുത്ത ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയി എന്നിവരെ ഭരണപക്ഷ എം പി മാര്‍ പിടിച്ച് തള്ളി.രമ്യ ഹരിദാസ് എം പിയെ ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.ബി.ജെ.പി എംപിയായ ജസ്‌കൗര്‍ മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്‌പീക്കർക്ക് പരാതി നൽകി. നാടകീയ സംഭവങ്ങളാണ് ലോക്സഭയിലുണ്ടായത്. ബിജെപി-കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയുണ്ടായി. ഇരു വിഭാഗവും സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.
നിര്‍ഭയ കേസ്; പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:നിര്‍ഭയ കേസിൽ പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ പവന്‍ ഗുപ്തയ്ക്ക് ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. മറ്റു മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയും കോടതിയെ സമീപിച്ചിരുന്നു.ഇതും തള്ളി. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. പവന്‍ ഗുപ്ത തിങ്കളാഴ്ച ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കല്‍ ഇനിയും നീളുമെന്നാണ് സൂചന.2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വെച്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനുശേഷം ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡെല്‍ഹിയിലും തുടര്‍ന്ന് സിംഗപ്പൂരിലും ചികിത്സതേടി.സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കേസില്‍ ആറു പേരാണ് പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് ജയിലില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.
തോക്കുകളും വെടിയുണ്ടകളും കാണാതായത് പരിശോധിക്കും;സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാന പൊലിസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സി.എ.ജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.സിഎജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു.അതേസമയം, ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ട്. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. സി.എ.ജി റിപ്പോര്‍ട്ടില്‍ അടിസ്ഥാനമില്ല. സി.എ.ജി റിപ്പോര്‍ട്ട് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെ. സി.എ.ജി റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ തിരകള്‍ കാണാതായി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് തിരകള്‍ കാണാതായിട്ടുണ്ടെന്നും ഇത് മൂടിവെക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണ്. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണ്. ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കമല്ലെന്നും മുഖ്യമന്ത്രി.
സംസ്ഥാന സർക്കാർ രേഖകൾ കൈമാറുന്നില്ല;പെരിയ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയെന്ന് സിബിഐ
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്നും സിബിഐ വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.അതേസമയം, കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം സമരം നടത്തിയിരുന്നു .സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊറോണ വൈറസ്: മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു
റോം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‌നാട്ടില്‍നിന്നും 20 പേര്‍ കര്‍ണാടകത്തില്‍നിന്നും 25 പേര്‍ തെലങ്കാനയില്‍നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും രാജസ്ഥാന്‍, ഡെറാഡൂണ്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്ന് ഒരോ ആള്‍ വീതവുമാണുള്ളത്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.സർവകലാശാലയിലെ സ്റ്റാഫുകളിലെ 15 പേര്‍ കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്.മേഖലയില്‍ 17 മരണം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ഒരു വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.നഗരത്തിലെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.അതേസമയം യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ലോകത്തിലുട നീളം 87,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ,സ്‌കോട്ട്‌ലന്‍ഡിലും, ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്‌ളീനർ വെന്തുമരിച്ചു
തൊടുപുഴ: കുമളിയില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ വെന്തു മരിച്ചു.ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു രാജൻ.ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന്‍ ബസിനുള്ളില്‍ ഉള്ളകാര്യം ഇവർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അപ്പോഴാണ് രാജന്‍ ബസിനുള്ളില ഉണ്ടായിരുന്ന വിവരം അറിഞ്ഞത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കുമളി – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊണ്ടോടി എന്ന ബസാണ് കത്തിനശിച്ചത്.രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുന്നു.
ദേവനന്ദയുടെ മരണം;പ്രത്യേകസംഘം അന്വേഷണം തുടരും
കൊല്ലം:കൊല്ലം പള്ളിമൺ ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെയെത്തി എന്നതാണ് അന്വേഷിക്കുക.വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുന്നത്.മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്.ഇതെല്ലാം പരിഗണിച്ചാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്നാൽ ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിലെ ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പോലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്.ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദ ബുധനാഴ്ച അമ്മൂമ്മയ്‌ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തിൽ പോയിരുന്നു. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പാലത്തില്‍ നിന്നും വഴുതി ആറ്റില്‍ വീണതാകാമെന്നാണ് വിലയിരുത്തല്‍.എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. വനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനം;ഉഷ്‌ണതരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ ഗവേഷകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകര്‍. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലക്കാട്, പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത.വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്.2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്നത്തിനുള്ള ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
മില്‍മ പാല്‍ പ്രതിസന്ധി;തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം ചേരും
തിരുവനന്തപുരം:സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി മറികടക്കാനായി മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളത്തില്‍ പാല്‍ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവില്‍ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതിനുപുറമെ രണ്ട് ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി.പ്രതിസന്ധി ഘട്ടത്തിലും കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകര്‍ഷകര്‍ പാല്‍ വിപണനം നടത്തിയിരുന്നത്.എന്നാല്‍ ഇനി ഇത്തരത്തില്‍ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ലിറ്ററിന് ആറ് രൂപവരെയെങ്കിലും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പക്ഷെ വില കൂട്ടണമെന്ന കാര്യത്തില്‍ മില്‍മ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.
കോടതിയില്‍ ഹാജരായില്ല;നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.എറണാകുളത്തെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഈ സമന്‍സ് കൈപ്പറ്റുകയൊ അവധിക്കുള്ള അപേക്ഷ നല്‍കുകയോ ചെയ്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിലവില്‍ ലഭിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ട് അത്ര വലിയ ഗൗരവമുള്ള കാര്യമല്ല. സ്റ്റേഷന്‍ ജാമ്യം ജാമ്യം നേടാവുന്ന വാറന്റാണ് കുഞ്ചാക്കോ ബോബന് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം നടന്നു വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി വളരെ നിര്‍ണായകമാണ്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു.എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.മാത്രമല്ല നിരവധി സ്റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്നത്.