News Desk

കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി;21പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

keralanews corona the first group of malayalees trapped in italy reached kochi and 21 shifted to isolation ward

തിരുവനന്തപുരം:കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യ കൊച്ചിയിലെത്തി.റോമില്‍ കുടുങ്ങിയ 21 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.ദുബായ് വഴിയായിരുന്നു യാത്ര.ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ച ശേഷം കൊറോണ പോസിറ്റീവ് അല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് കൂട്ടിയത്. എന്നാല്‍ നിരീക്ഷണത്തിനായി ഇവരെ ആലുവ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തെങ്കിലും, കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിച്ചില്ല. സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു വിമാനകമ്പനികൾക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഇറ്റലിയില്‍ ഇത്തരത്തിലൊരു സാക്ഷ്യപത്രം നല്‍കിയിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഇറ്റലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയിലേക്ക് പ്രത്യേക വിമാനം അയയ്‌ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണം തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

keralanews forensic report says the death of devananda is natural drowning death

കൊല്ലം:കൊല്ലം ഇളവൂരിലെ എട്ട് വയസുകാരി ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ട്.കുട്ടി അബദ്ധത്തിൽ ആറ്റിൽ വീണതാണെന്നാണ് നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.ദേവനന്ദ കാല്‍വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചാലുണ്ടാവുന്ന സ്വാഭാവികത മാത്രമാണ് ശരീരത്തിലുള്ളത് എന്ന കാരണമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല.കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെയും കണ്ടെത്തല്‍. എന്നാല്‍ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും, മാതാപിതാക്കളും ബന്ധുക്കളും ഉറപ്പിച്ച്‌ പറഞ്ഞിരുന്നു. ഇതോടെ വിപുലമായ അന്വേഷണമാണ് നടത്തിയത്.

കണ്ണൂരിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചയാൾ സഞ്ചരിച്ച റൂട്ട് മാപ് പുറത്തുവിട്ടു

keralanews route map of corona virus patient in kannur released

കണ്ണൂർ:കണ്ണൂരിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചയാൾ സഞ്ചരിച്ച റൂട്ട് മാപ് പുറത്തുവിട്ടു.അഞ്ചിടങ്ങളിലാണ് ഇയാള്‍ സഞ്ചരിച്ചത്. മാര്‍ച്ച്‌ അഞ്ചാം തീയതി രാത്രി 9.30 ഓടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഇയാൾ 9.30 മുതല്‍ 11 മണിവരെ വിമാനത്താവളത്തില്‍ തന്നെ ചെലവഴിക്കുകയും പതിനൊന്ന് മണിക്ക് വിമാനത്താവളത്തില്‍ നിന്ന് കുടുംബത്തോടൊപ്പം ടാക്‌സിയില്‍ കയറി പോവുകയും ചെയ്തു.12 ഓടെ രാമനാട്ടുകരയിലെ ഹോട്ടല്‍ മലബാര്‍ പ്ലാസയില്‍ കയറി ഭക്ഷണം കഴിച്ചു.അതിനു ശേഷം നേരെ വീട്ടിലേയ്ക്ക് പോയി.പുലര്‍ച്ചെ നാല് മണിയോടെ കണ്ണൂരുള്ള വീട്ടിലെത്തി. ഏഴാം തീയതി ഉച്ചയ്ക്ക് 2.30ഓടെ കണ്ണൂര്‍ മാത്തില്‍ എന്ന സ്ഥലത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയില്‍ ഇയാള്‍ എത്തി. രണ്ടര മുതല്‍ 2.40 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്നാണ് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുന്നത്. തുടര്‍ന്ന് അവിടെ അഡ്മിറ്റായി. ഏഴാം തീയതി മുതല്‍ പത്താം തീയതി വരെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.പത്താം തീയതി വൈകിട്ടോടെ വീട്ടിലേക്ക് മാറ്റി. തുടര്‍ന്നുള്ള രണ്ട് ദിവസം വീട്ടില്‍ കഴിഞ്ഞു. അതിനുശേഷം ഇദ്ദേഹം എവിടെയും പോയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

റൂട്ട് മാപ് ചുവടെ:

* മാര്‍ച്ച്‌ അഞ്ചിന് സ്പൈസ് ജെറ്റിന്റെ SG 54 വിമാനത്തില്‍ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട്  വിമാനത്താവളത്തില്‍ എത്തി.രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.

* 11.00 pm മുതല്‍ 11.15 pm വരെ ടാക്സി കാറില്‍ സഞ്ചരിച്ചു.

* 11.15 pm മുതല്‍ 11.45 pm വരെ ഹോട്ടല്‍ മലബാര്‍ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)

* 11.45pm – 4.00 am ടാക്സിയില്‍ പെരിങ്ങോത്തെ വീട്ടിലേക്ക്

* മാര്‍ച്ച്‌ ആറിന് രാവിലെ നാലിന് വീട്ടില്‍

* മാര്‍ച്ച്‌ ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്ടറുടെ വീട്ടില്‍

* ഉച്ച 3.30 മുതല്‍ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍

* 3.35 മുതല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാർഡിൽ

* മാര്‍ച്ച്‌ എട്ട്, ഒൻപത്, പത്ത് തീയതികളിൽ ഐസാലേഷന്‍ വാര്‍ഡില്‍

* 10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി.അന്ന് വൈകീട്ട് അഞ്ചുമണിമുതല്‍ മാര്‍ച്ച്‌ 12 രാത്രി ഒൻപതു മണി വരെ വീട്ടില്‍ ഐസൊലേഷനില്‍.

* മാര്‍ച്ച്‌ 12ന് രാത്രി 10 മണി മുതല്‍ വീണ്ടും പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാര്‍ഡില്‍.

 

ജനത്തിന് ഇരുട്ടടി;പെട്രോള്‍,​ഡീസല്‍ എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി

keralanews petrol and diesel excise duty hiked by rs3 per liter

ന്യൂഡല്‍ഹി:കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍.  പെട്രോളിന്റെയും ഡീസിലിന്റെയും എക്‌സൈസ് തീരുവ കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. റോഡ് നികുതി ഒരു രൂപ കൂട്ടിയതോടെ ഒൻപതിൽ നിന്ന് പത്തു രൂപയായി. അഡീഷനല്‍ എക്സൈസ് തീരുവ പെട്രോളിന് എട്ടില്‍ നിന്ന് പത്ത് രൂപയായും, ഡീസലിന് രണ്ടില്‍ നിന്ന് നാലു രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതോടെ ലിറ്ററിന് മൂന്നു രൂപ വീതം നികുതി കൂടി.ഇന്നലെ അര്‍ദ്ധരാത്രിയോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഇടിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിയതോടെ രാജ്യത്ത് ഇന്ധനവില കുറയാനുള്ള സാദ്ധ്യത ഇല്ലാതായി.

കോവിഡ് 19;ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

keralanews covid 19 kannur native lady returned from italy admitted to isolation ward

കണ്ണൂർ: ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച്‌ നാലിന് ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ കഴിയുകയായിരുന്നു.ഇന്നലെ വൈകുന്നേരം കടുത്ത പനിയും തുമ്മലും അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുയായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാത്രി തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇവരുടെ സ്രവങ്ങളും രക്തവും ഇന്ന് രാവിലെ തന്നെ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് പനിയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയ് പറഞ്ഞു. അതേസമയം മെഡിക്കല്‍ കോളജിലെ 803 ആം വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് ഇന്നലെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. കടുത്ത നിയന്ത്രണങ്ങളോടെ രണ്ടാഴ്ച്ചക്കാലമെങ്കിലും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചായിരിക്കും ഇവരെ വിട്ടയക്കുക.

കോവിഡ് 19;പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന എ​ട്ടുപേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

keralanews covid 19 the test result of eight under observation in pathanamthitta were negative

പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധ സംശയിച്ച്‌ പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനാ ഫലം അറിഞ്ഞത്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പുറത്തുവന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്.12 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും.ഇനി 80 പേരുടെ ഫലങ്ങള്‍ കൂടിയാണ് പുറത്തുവരാനുള്ളത്.ആദ്യഘട്ടത്തിലെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതോടെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാനാണ്‌ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.എന്നാല്‍ കൊറോണ ഇല്ലെന്ന് രണ്ടാമത് ഒരിക്കല്‍ കൂടി സ്രവ പരിശോധന നടത്തി സ്ഥിരീകരിച്ചാല്‍ മാത്രമേ പൂര്‍ണമായും ആശങ്കകള്‍ ഇല്ലാതാവുമെന്ന് കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

കണ്ണൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം ദുബായിയിലെ ഫ്‌ളാറ്റിലുണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിച്ചു; ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

keralanews seven person who were living in dubai flat with man confirmed corona virus in kannur brought to home and isolated in kannur govt hospital

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് (കൊവിഡ് 19) ബാധ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം ദുബായിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ഏഴുപേരെ നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നേരത്തേ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് ഇടപഴകിയ പതിനഞ്ച് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. നിലവില്‍ മുപ്പത് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 200 പേരാണ് വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരത്ത് രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 5468 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം;കുല്‍ദീപ് സെന്‍ഗറിനും 7 പ്രതികള്‍ക്കും 10 വര്‍ഷം തടവ്

keralanews murder of the father of unnao girl 10years imprisonment for kuldeep sengar

ന്യൂഡല്‍ഹി:ഉന്നാവ് പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്.സെന്‍ഗറിന്റെ സഹോദരന്‍ അടക്കം 7 പ്രതികള്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.കേസില്‍ പ്രതികളായ 2 പോലീസുകാര്‍ക്കും കോടതി തടവ് വിധിച്ചു. ദില്ലി തീസ് ഹസാരി കോടതി ജഡ്ജ് ധര്‍മേഷ് ശര്‍മ്മയാണ് ശിക്ഷ വിധിച്ചത്പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സെന്‍ഗറിന് കഴിഞ്ഞ ഡിസംബറില്‍ മരണം വരെ തടവ് വിധിച്ചിരുന്നു.2018 ഏപ്രില്‍ ഒൻപതിനാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിതാവിന്‍റെ മരണത്തില്‍ സെന്‍ഗാറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പൊലീസ് അറസ്റ്റിന് മുൻപ് പെൺകുട്ടിയുടെ പിതാവിനെ സെന്‍ഗാറും അനുയായികളും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന്, സെന്‍ഗര്‍, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഇതുല്‍, ഭദൗരിയ, എസ്‌എ കാംട പ്രസാദ്, കോണ്‍സ്റ്റബിള്‍ അമീര്‍ ഖാര്‍ തുടങ്ങിയവ 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലും കുല്‍ദീപ് സെന്‍ഗര്‍ ശിക്ഷ അനുഭവിക്കുകയാണ്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച കേസിലും സെന്‍ഗര്‍ പ്രതിയാണ്.

കൊ​റോ​ണ രോഗികളെ ശു​ശ്രൂ​ഷിച്ച നഴ്‌സുമാരെ വാടകവീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി

keralanews complaint that nurses who treat corona patients expelled from rental home

കോട്ടയം:കൊറോണ രോഗികളെ ശുശ്രൂഷിച്ച നഴ്‌സുമാരെ വാടകവീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി.വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള കസ്തൂര്‍ബ ജംഗ്ഷനിലുള്ള വാടകവീട്ടില്‍ നിന്നുമാണ് നഴ്സുമാരെ ഇറക്കിവിട്ടത്. മൂന്ന് പുരുഷ നഴ്സുമാര്‍ ഒരുമിച്ചായിരുന്നു ഇവിടെ താമസം.രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായി നഴ്സുമാര്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നഴ്സുമാര്‍ക്ക് പേ വാര്‍ഡിനു മുകളിലത്തെ നില താമസ സൗകര്യത്തിനായി ഒരുക്കി നല്കിയിട്ടുണ്ട്. വാടക വീട്ടില്‍ നിന്നും നഴ്സുമാരെ ഇറക്കിവിട്ട സംഭവം സര്‍ക്കാരിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

keralanews the test result of 10 out of 33 suspected of covid 19 in pathanamthitta is negative

പത്തനംതിട്ട:പത്തനംതിട്ട ജില്ലയിൽ നിന്നും ആശ്വാസ വാർത്ത.ജില്ലയിൽ  കൊവിഡ് 19 ബാധ സംശയിച്ച് ഐസൊലേഷൻ വാർഡിൽ കഴിയുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു.നിലവില്‍ രോഗലക്ഷണങ്ങളോടെ പുതുതായി ആറു പേരെക്കൂടി പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.