ന്യൂഡൽഹി:കോവിഡ് 19 രോഗം പടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് നിർദേശം നൽകി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.യുഎഇ, ഖത്തര്‍,ഒമാന്‍,കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.താജ്മഹല്‍ ഇന്ന് മുതല്‍ അടച്ചിടും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദേശമുണ്ട്.യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും.നാല് പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 114 ആയി.
വിമാനത്താവളത്തില്‍ വിലക്ക് ലംഘിച്ച് റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നല്‍കിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ;രജിത് കുമാർ ഒളിവിലെന്നും റിപ്പോർട്ട്
കൊച്ചി:കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നല്‍കിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ.സംഭവത്തിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ഗ്‌ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് വിമാനത്താവളത്തിൽ ആരാധകർ നൽകിയ സ്വീകരണമാണ് കേസിനാധാരം. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ് കളക്ടര്‍ എസ്. സുഹാസിന്‍റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെ സ്വീകരിക്കാനായി 100 ലേറെ വരുന്ന ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.വിമാന താവളത്തിൽ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി.അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാർഥികൾ മറ്റ് കുട്ടികളെ വിളിച്ചു.ഒൻപത് മണിയോടെ ഇവർ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലിസുകാർ വിവരമറിയുന്നത്. പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു.ആലുവയിൽ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്.കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ തുടരുകയാണ്. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്
ന്യൂഡൽഹി:മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്.ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.സാമൂഹിക പ്രവര്‍ത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിക്കും.രാജ്യത്തിന്റെ 46 ആമത് ചീഫ് ജസ്റ്റിസായിരുന്നു അസം സ്വദേശിയായ ഗൊഗോയി. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യയിലെ നിര്‍ണായകമായ കേസുകളില്‍ വിധിപ്രസ്ഥാവം നടത്തിയത് രഞ്ഞന്‍ ഗോഗോയിയായിരുന്നു. അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളുടെ നേതൃത്വം ഗോഗോയിക്കായിരുന്നു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതും ഗോഗോയിക്ക് നേരെയായിരുന്നു. 2019 നവംബര്‍ 17നാണ് ഗോഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ചത്.
കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം;ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്:തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് കൊല്ലപ്പെട്ടത്.ലീഗ് ഓഫീസിനുള്ളില്‍ വച്ച് കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകന്‍ തന്നെയായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കൊല്ലപ്പെട്ട അന്‍സാറും അഹമ്മദും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിച്ചിരുന്നു. തൊട്ടില്‍പ്പാലം ഓഫീസില്‍ വച്ച് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍;രജിത് കുമാര്‍ ഒളിവില്‍
കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ സിയാലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സിയാല്‍ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്, കേസിലെ ഒന്നാം പ്രതി രജിത്കുമാര്‍ ഒളിവിലാണെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഖം ദൃശ്യമാകുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തെരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് 2 റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്തായ ഇയാള്‍ക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോഴായിരുന്നു ഫാന്‍സ് അസോസിയേഷന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 24 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി.അതേസമയം, സംസ്ഥാനത്ത് 12,470 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.2297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.സര്‍വകക്ഷി യോഗതീരുമാനങ്ങളെ കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെകുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും എല്ലാവരും ഒരുമിച്ച് സഹകരിക്കുന്ന സമീപനമാണ് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ;ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അൻപതിലധികം ആളുകൾ ഒത്തുകൂടുന്നതിന് വിലക്ക്
ന്യൂഡൽഹി:കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ.വിവാഹ ചടങ്ങുകള്‍ ഒഴികെ 50 ആളുകളിലധികം ഒത്തുചേരുന്ന ചടങ്ങുകള്‍ പാടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പൊതുചടങ്ങുകളില്‍ നിന്നും ആളുകള്‍ കഴിവതും ഒഴിവാകണം. ശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ജിമ്മുകള്‍, നൈറ്റ് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.ഷഹീന്‍ബാഗ് സമരത്തിനും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നാണ് കേജരിവാള്‍ അറിയിച്ചത്.50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മത, സാംസ്കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജനങ്ങള്‍ക്ക് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനായി പണം കൊടുത്ത് താമസിക്കാന്‍ തരത്തില്‍ മൂന്നു ഹോട്ടലുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കോറോണയെന്ന് സംശയം;ഡോക്ട്ടറെയും ഭാര്യയെയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടു;റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍
തൃശൂർ:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്ടറെയും ഭാര്യയെയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.ഡോക്റ്ററേയും ഭാര്യയെയും പൂട്ടിയിട്ടവർ ഫ്ലാറ്റിന്റെ ഡോറിൽ കോറോണയെന്ന ബോർഡ് വെയ്ക്കുകയും ചെയ്തു.ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം.ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് ഈസ്റ്റ് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഡോക്ടര്‍ക്കോ ഭാര്യയ്ക്കോ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരം.
സൗദിയില്‍ ജോലി ചെയ്യുന്ന ഡോക്ട്ടറും ഭാര്യയും കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കി. ഇക്കാര്യം റെസിഡന്റസ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ അസോസിയേഷന്‍കാര്‍ തടയുകയായിരുന്നു. തുടര്‍ന്നു വാക്കുതര്‍ക്കമായി. ഇതിനിടെ അയല്‍ക്കാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാിവില്ലെന്ന് അറിയിച്ചു. ഫ്ലാറ്റിനുള്ളിൽ കടന്ന ഇവര്‍ സഹായിയെ വിളിച്ച് രണ്ടാഴ്ച കഴിയുന്നതിനു വേണ്ട സാധനങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.അയാള്‍ സാധനങ്ങള്‍ മുറിക്കു പുറത്തുകൊണ്ടുവച്ചു മടങ്ങി.ഇത് എടുക്കാനായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തുനിന്നു പൂട്ടിയതായി മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊറോണ വൈറസ്;സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.ഒരു മാസത്തെ സാവകാശമാണ് നല്‍കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതിലാണ് കുറവുണ്ടായിരിക്കുന്നത്.ഇത് സ്വകാര്യ ബസുകളെയും കെഎസ്‌ആര്‍ടിസിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.കെഎസ്ആർടിസിയുടെ വരുമാനത്തിൽ പ്രതിദിനം ഒന്നര കോടിയോളം രൂപയുടെ കുറവ് ഉണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ്;ഭക്ഷണം ലഭിക്കാതെ വിദേശസഞ്ചാരികൾ;തുണയായി പോലീസ്
കണ്ണൂര്‍:കൊറോണ വൈറസ് ഭീതിയെ തുടർന്ന് വിദേശികള്‍ക്കു ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി.ഫ്രാന്‍സില്‍ നിന്നെത്തിയ സലീനയും ഇറ്റലിയില്‍ നിന്നെത്തിയ മൗറയുമാണു പയ്യന്നൂരില്‍ പട്ടിണിമൂലം വലഞ്ഞത്.ഇവരില്‍ ഒരാള്‍ ജനുവരി 23-നും രണ്ടാമത്തെയാള്‍ മാര്‍ച്ച് മൂന്നിനുമാണ് ഇന്ത്യയിലെത്തിയത്. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്ത് 11-ന് കണ്ണൂരില്‍ എത്തിയ ഇവര്‍ക്കു ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂരില്‍ തീവണ്ടിയിറങ്ങിയ ഇവരെ കയറ്റാൻ സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും വിസമ്മതിച്ചു.ഇതേത്തുടര്‍ന്നു കാല്‍നടയായി നഗരത്തിലെത്തിയ ഇവര്‍ക്കു ഭക്ഷണവും താമസ സൗകര്യങ്ങളും നല്‍കാനും ആരും തയാറായില്ല. ഇവര്‍ പയ്യന്നൂരിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.ആദ്യം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂന്നു ദിവസമായി തങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇവര്‍ ഡ്യൂട്ടി ഡോക്ടറോടു പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസും ആശുപത്രിയധികൃതരും ചേര്‍ന്ന് ഇവര്‍ക്കു പഴ വര്‍ഗങ്ങളും മറ്റും വാങ്ങി നല്‍കി.പിന്നീടാണ് ഇവരെ തലശേരി ആശുപത്രിയിലേക്കു മാറ്റിയത്.ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.