ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.വിദേശത്തുനിന്നും രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും മാര്‍ച്ച് 22 മുതല്‍ 29 വരെ റദ്ദാക്കി.യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.അതോടൊപ്പം രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പുതിയ നിര്‍ദേശം.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 826 ഓളം സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
കണ്ണൂരിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചു; അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍
കണ്ണൂർ:പാനൂരിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ പാലത്തായി യുപി സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജ (പപ്പന്‍–- 45) നെതിരെ പോക്സോ നിയമപ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തു.ഇയാള്‍ ഒളിവിലാണ്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളുടെ പരാതിയിലാണ് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാനൂര്‍ സിഐ ടി പി ശ്രീജിത്ത് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പാനൂര്‍ പൊലീസും വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരി 15ന് സ്കൂളില്‍വച്ചാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.പിന്നീട് മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴിയുണ്ട്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. വിദ്യാര്‍ഥിനി സ്കൂളില്‍ പോകാന്‍ മടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്.കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ആന്തരികമായി പരിക്കുപറ്റിയെന്ന് കണ്ടെത്തി. മട്ടന്നൂര്‍ മജിസ്ട്രേട്ട് വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്തു.പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉടന്‍ അറസ്റ്റുചെയ്യുമെന്നും സിഐ ടിപി ശ്രീജിത്ത് പറഞ്ഞു. അധ്യാപകനെ സസ്പെന്‍ഡു ചെയ്തതതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു
കൊറോണ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസം സാവകാശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ബില്ലുകള്‍ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. പിഴ കൂടാതെ അടക്കുന്നതിനാണ് 30 ദിവസത്തെ സാവകാശം അനുവദിച്ചത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഗണിച്ചാണ് തീരുമാനം.ഇന്ന് മുതല്‍ ഈ ആനുകൂല്യം നിലവില്‍ വരും. എം.എം മണി അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ബഹു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന് എല്ലാവര്‍ക്കും ഒരു മാസത്തെ കാലാവധി നല്‍കാന്‍ തീരുമാനിച്ചു. ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ല.
കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി
കൊച്ചി:കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി.എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്.കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നൽകിതുടങ്ങിയത്.രോഗിയുടെ അനുമതിയോടെയാണിത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. രോഗിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് രോഗവിമുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെന്‍റ സത്യപ്രതിജ്ഞ. ഗൊഗോയി സത്യപ്രതിജ്ഞക്കായി എത്തുമ്പോൾ “ഇതു നാണക്കേടെന്ന്” കോണ്‍ഗ്രസിെന്‍റ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.നാല് മാസം മുൻപാണ് സുപ്രീംകോടതിയില്‍ നിന്ന് ഗൊഗോയി വിരമിച്ചത്.ബാബറി മസ്ജിദ് ഉള്‍പ്പടെയുള്ള കേസുകളില്‍ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിെന്‍റ വിരമിക്കല്‍. ഇതിന് പിന്നാലെ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നിര്‍ദേശിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി.അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു. ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കുകയുണ്ടായി.
ഇറ്റലിയിൽ കൊറോണ താണ്ഡവം തുടരുന്നു;ബുധനാഴ്ച മാത്രം മരണപ്പെട്ടത് 475 പേർ
മിലാൻ: ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊറോണ താണ്ഡവം തുടരുന്നു.475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും.ഇറ്റലിയില്‍ വൈറസ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത് 2978 പേരാണ്.ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇറ്റലി മരണനിരക്കിൽ ചൈനയെ പിന്നിലാക്കി.ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചതും ഇറ്റലിയെയാണ്.80,894 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച ചൈനയിൽ 3237 ആളുകൾ മരിച്ചു.എന്നാൽ ഇതിന്റെ പകുതി പോലും ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നിരിക്കെയാണ് ഇറ്റലിയിൽ മരണസംഘ്യ 3000 കടക്കാനൊരുങ്ങുന്നത്. ഇറാനില്‍ 147 പേരും സ്‌പെയിനില്‍ 105 പേരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.35713 പേർക്ക് രോഗബാധ സ്ഥിതീകരിച്ചതായാണ് ഒടുവിൽ ഇറ്റലിയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ.2257 പേരാണ് സർക്കാർ കണക്കുപ്രകാരം കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ഫെബ്രുവരി 17 വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.എന്നാൽ ഒരുമാസത്തിനുള്ളിൽ ഇത് 35000 ലേക്ക് കുതിക്കുകയായിരുന്നു. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.
അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി അമേരിക്ക സൈനികരെ ഇറക്കിയിരിക്കുകയാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ അൻപതുലക്ഷം മാസ്‌ക്കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സമ്പർക്ക വിലക്ക് കര്‍ശനമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരും മരിക്കുമെന്നാണ് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്ത്യയില്‍ ഇതുവരെ 137 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19;രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി
ന്യൂഡൽഹി:ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ സന്ദര്‍ശിച്ചെത്തിയ 23 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.17 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോവിഡ് 19; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം.അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഏകദേശം ആയിരത്തിലേറെ യാത്രക്കാർ ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒൻപതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്.ഇവരെ പ്രത്യേക ബസുകളില്‍ വിമാനത്താവളത്തില്‍ നിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് മുഖേന കെ എസ് ആര്‍ ടി സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്. 50 ബസുകള്‍ ഒരുമിച്ച് വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ചാ പരമ്പര;ഏഴുകടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ചാ പരമ്പര.ഏഴുകടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ ആശുപത്രി റോഡിലെ പ്ലാസ സിറ്റിസെന്ററിനു പിറകുവശത്തെ പപ്പാസ് കോംപ്ലക്‌സിലെ മൂന്നു കടകളില്‍ നടന്ന കവര്‍ച്ചയിലടക്കം നാലു പേരെയാണ് ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.സിറ്റി സെന്ററിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മാനന്തവാടി കോറോം സ്വദേശി ഫൈസല്‍ (40), കൗമാരക്കാരനായ ഒരാളുമാണ് അറസ്റ്റിലായത്. കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ ഫ്രഷ് കൂള്‍ പാര്‍ലറിലെ ജോലിക്കാരിയായ ചാലാട് സ്വദേശിനി ടി. ഷീനയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിന് ചപ്പാരപ്പടവിലെ ചൊക്കാനാകത്ത് മുഹമ്മദ് (56), ഏഴോം സ്വദേശി എം. മുഹമ്മദ് കുഞ്ഞി (68) എന്നിവരും അറസ്റ്റിലായി. കൂടാതെ ഞായറാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മോഷണ ശ്രമത്തിനിടെ വര്‍ക്കല സ്വദേശി മുരുക (35) നും പൊലീസ് പിടിയിലായി. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മുരുകന്‍ അയിരൂര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചയ്ക്കിടെ വീട്ടുടമയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് വര്‍ക്കല സ്വദേശി മുരുകന്‍. കഴിഞ്ഞമാസം സബ് രജിസ്ട്രാര്‍ റോഡിലെ ഒട്ടേറെ കടകളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ വയനാട് ഇരുളം സ്വദേശി വിശ്വരാജ് എന്ന വിശ്വം (39) മിനെയും കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.സിറ്റി സെന്ററിനു പിറകുവശത്തെ കോംപ്ലക്‌സിലെ ഗള്‍ഫ് ബീജി ‘കോം ടി മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, ഡിവോയ് ബ്യൂട്ടി പാര്‍ലര്‍, ബാഗ് ആന്‍ഡ് ഷൂ, ആരാധന ജൂവലറിയുടെ ഓഫീസ് എന്നിവിടങ്ങളിലാണു ഒടുവില്‍ കവര്‍ച്ച നടന്നത്.
കോവിഡ് 19;അവധിയിലുള്ള ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ്-19 അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശുപത്രികളില്‍ താല്‍ക്കാലികമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി വ്യക്തമായ കാരണങ്ങളില്ലാതെ അവധിയില്‍ പോയിട്ടുള്ളവര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി അറിയിച്ചു.കൂടാതെ സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.കേരളം ഒന്നടങ്കം കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.