ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിനോട് ജനങ്ങൾ പൂർണ്ണമായും സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒൻപത് ദിവസം പിന്നിട്ടു.ജനങ്ങൾ ഇതിനോട് നന്നായാണ് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിത്. ഇത് രാജ്യത്തിന്റെ സാമൂഹികശക്തി പ്രകടമാക്കുന്നു.പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. രാഷ്ട്രത്തോട് നടത്തിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.കോവിഡിനെതിരായ പോരാട്ടത്തിലും ലോക്ക്ഡൗണിലും ആരും ഒറ്റയ്ക്കല്ല. ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് 9 മിനുട്ട് ജനങ്ങള്‍ വെളിച്ചം അണച്ച് വീടിനുള്ളില്‍ ഇരിക്കണം. കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ഇതിനായി വെളിച്ചം അണച്ച് മൊബൈല്‍, ടോര്‍ച്ച്,മെഴുകുതിരി തുടങ്ങിയവ തെളിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു.അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നടപടകള്‍ അവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്,എട്ടുപേർക്ക്.ഇടുക്കി-5, കൊല്ലം- 2, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്.രോഗബാധിതരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 7 പേര്‍ വിദേശികളാണ്. 28 പേര്‍ രോഗമുക്തരായി.1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച 8,456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മിൽമ മലബാർ യൂണിറ്റ് നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കും
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് പിന്‍വാങ്ങിയതോടെയാണ് നിലവിലെ നിയന്ത്രണം ഒഴിവാക്കാന്‍ മില്‍മ തീരുമാനിച്ചത്.കേരള മുഖ്യമന്ത്രിയും കേരള വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉള്‍പ്പെടെയുള്ള ആളുകള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറുമായി സംസാരിച്ചതിന്റെ ഭാഗമായി ഈ റോഡുള്ള പാല്‍ സംഭരണ കേന്ദ്രവും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഡിണ്ടിഗല്‍ പ്ലാന്റുകളും പാല്‍ എടുത്ത് പാല്‍പ്പൊടിയാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മല്‍ബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ എം വിജയകുമാര്‍ അറിയിച്ചു.ഇതേ തുടര്‍ന്നാണ് മില്‍മ മുഴുവന്‍ പാലും സംഭരിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മില്‍മയുടെ മലബാര്‍ യൂണിറ്റാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മില്‍മ എത്തിയത്.മില്‍മയുടെ മലബാര്‍ യൂണിറ്റില്‍ നിന്ന് ആറരലക്ഷം പാലാണ് ഒരു ദിവസം സംഭരിക്കുന്നത്.
കൊവിഡ് സഹായധനം;വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ 500 രൂപ നിക്ഷേപിക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സഹായധനം വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ നിക്ഷേപിക്കും.500 രൂപവീതമാണ് നിക്ഷേപിക്കുക. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണ് ധനസഹായം നല്‍കുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക.അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.നാലോ അഞ്ചോ ആണെങ്കില്‍ ഏപ്രില്‍ 7നും ആറോ ഏഴോ ആണെങ്കില്‍ ഏപ്രില്‍ 8നും എട്ടോ ഒൻപതോ ആണെങ്കില്‍ ഏപ്രില്‍ 9നും പണമെടുക്കാം.പണം പിന്‍വലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്. റൂപെ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം;സംസ്ഥാനത്ത് ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.”എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി” മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവര്‍ക്കാണ് ആദ്യപരിഗണന. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്.സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.ഇപ്പോള്‍ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാര്‍ത്ത സാലറി ചലഞ്ച് നിര്‍ബന്ധമാക്കുമെന്നാണ്.കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രസില്‍ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി.
മാര്‍ച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി:മദ്യാസക്തിയുള്ളവർക്ക് ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.ടി.എന്‍.പ്രതാപന്‍ എംപി നല്‍കിയ ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ ധാര്‍മികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാർക്ക് കുറിപ്പടി കൊടുക്കാൻ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കോവിഡ് 19;തിരുവനന്തപുരം പോത്തൻകോട് സമൂഹവ്യാപനമില്ല;അധികനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി
തിരുവനന്തപുരം:കൊറോണ രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധികനിയന്ത്രണങ്ങൾക്ക് ഇളവ് നൽകി.പ്രദേശത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത്.പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൽ അസീസ് കൊറോണ ബാധിച്ച് മരിച്ചതിനെ തുടർന്ന് പോത്തൻകോട് പഞ്ചായത്തിലും മൂന്നുമീറ്റർ ചുറ്റളവിലും ജില്ലാകളക്റ്റർ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.ഈ പ്രദേശത്തെ ആളുകൾ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി കലക്റ്റർ പുതിയ ഉത്തരവിറക്കി.
മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിക്കുന്ന നടപടി ബിവറേജസ് നിർത്തിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം ഉടന്‍ വീട്ടിലെത്തില്ല. ബിവറേജസിന്‍റെ ഈ തീരുമാനം പിന്‍വലിച്ചു.ഇന്ന് രാവിലെ ബിവറേജസ് എംഡി ഇതുസംബന്ധിച്ച നിര്‍ദേശം ബിവറേജസ് മാനേജര്‍മാര്‍ക്ക് കൈമാറി.സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടി പ്രകാരം അപേക്ഷ സമര്‍പ്പിച്ച അഞ്ച് പേര്‍ക്കാണ് ഇന്ന് മദ്യം നല്‍കാന്‍ ബെവ്കോ തീരുമാനിച്ചത്.എന്നാല്‍ മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടത്തിനും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കും എതിരാണെന്ന് ബിവ്റേജസ് എംഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.ഇതേതുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.എക്സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. നേരത്തെ ഇന്നു മുതല്‍ മദ്യം നൂറു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.കേന്ദ്രസർക്കാരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രെട്ടറി സംസ്ഥാന ചീഫ് സെക്രെട്ടറിക്ക് കത്ത് നൽകിയിരുന്നു.
കോവിഡ് 19;നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍
മലപ്പുറം:കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍.
മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡെല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അതേസമയം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 8000ത്തോളം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വലിയ തോതില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ യാത്രക്കാരെ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചു.
കണ്ണൂരിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ആയി
കണ്ണൂർ:ഇന്നലെ പുതുതായി രണ്ടുപേർക്ക് കൂടി രോഗം സ്ഥിതീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ആയി.ദുബായില്‍ നിന്നെത്തിയ എടയന്നൂര്‍, എരിപുരം സ്വദേശികൾക്കാണ് ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചത്.എടയന്നൂര്‍ സ്വദേശിയായ അമ്പതുകാരനും എരിപുരം സ്വദേശിയായ മുപ്പത്തിയാറുകാരനും മാര്‍ച്ച് 21ന് ദുബായില്‍ നിന്നാണ് നാട്ടിലെത്തിയത്. എടയന്നൂര്‍ സ്വദേശി ബെംഗളുരു വഴിയും എരിപുരം സ്വദേശി നെടുമ്പോശേരി വഴിയുമാണ് എത്തിയത്.രോഗം സ്ഥിരീകരിച്ച 49 പേരിൽ പെരിങ്ങോം, നാറാത്ത്, മരക്കാര്‍കണ്ടി സ്വദേശികളായ മൂന്ന് പേര്‍ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കി 46 പേരില്‍ രണ്ട് പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോടും ബാക്കിയുളളവര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.10,880 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 10782 പേര്‍ വീടുകളിലും ബാക്കിയുളളവര്‍ ആശുപത്രികളിലുമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള ആര്‍ക്കും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ല. ഇനി 52 പരിശോധനാഫലങ്ങള്‍ കൂടിയാണ് ലഭിക്കാനുളളത്.