കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി മെഹറൂഫിന് രോഗം ബാധിച്ചത് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് സൂചന. എഴുപത്തൊന്നുകാരനായ മഹറൂഫ് കഴിഞ്ഞിരുന്ന ഐസിയു മുറിയില്‍ നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐസിയുവിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്. സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റൂഫും ഐസിയുവില്‍ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി വക്താവ് അറിയിച്ചു.എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.നാല് ദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് ഇന്ന് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു മരണം.
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയവേ മരിച്ചയാള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരണം
പത്തനംതിട്ട: തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച ആള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. നെടുമ്പ്രം സ്വദേശിയായ വിജയകുമാര്‍ വ്യാഴാഴ്ചയാണ് മരിച്ചത്. മാർച്ച് 23ന് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കുഴഞ്ഞുവീണ വിജയകുമാറിനെ ബന്ധുക്കള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചരയോടെമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണ പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ആറരയോടെമൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കോവിഡില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഹൃദയാഘാതമാണ് മരണ കാരണം. 62 വയസ്സായിരുന്നു.വിജയകുമാറിന് പ്രാഥമിക ചികിത്സ നല്‍കിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയില്‍ എത്തിച്ച നാല് ബന്ധുക്കളെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ. 28 രാജ്യങ്ങളിലേക്കാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി തുടങ്ങിയത്. അയല്‍ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമായാണ് നല്‍കുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, മ്യാന്‍മര്‍, സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമാണ്.അതേസമയം പണം ഈടാക്കിയാണ് അമേരിയ്ക്കയിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അയച്ചത്. ശ്രീലങ്കയിലേക്ക് 10 ടണ്‍ മരുന്നുകളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി അയച്ചത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പുവച്ച എല്ലാ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും മരുന്ന് കയറ്റുമതിക്ക് വാണിജ്യമന്ത്രാലയം അനുമതിയ നല്‍കി. ഇന്ത്യയില്‍ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാനും കമ്പനികൾക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഇന്ത്യയില്‍ സ്ഥിതി ഗുരുതരമായാല്‍ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണമെന്ന വ്യവസ്ഥയിലാണിത്.ലോകത്തേറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരസിറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നതില്‍,ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമുള്ളു. ബാക്കിയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടിയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.
ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു, രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്
ന്യൂഡൽഹി:ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനടുത്തെത്തി.ആഗോള മഹാമാരിയായി മാറിയ കോവിഡ് അമേരിക്ക, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുകയാണ്. ലോകത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ 49,830 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 3.76 ലക്ഷം പേര്‍ രോഗവിമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.അമേരിക്കയില്‍ മാത്രം 18,000ലധികം ആളുകള്‍ മരിച്ചു.ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്.രോഗബാധിതരുടെ എണ്ണം 5 ലക്ഷമായി ഉയര്‍ന്നു. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 150000 കവിഞ്ഞു.16000 പേര്‍ മരണത്തിന് കീഴടങ്ങി.55,668 പേര്‍ക്ക് സ്‌പെയിനില്‍ രോഗം ഭേദഗമായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല, 147000ത്തില്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 18,000മായി ഉയർന്നു.ഫ്രാന്‍സിലും ജര്‍മനിയിലും മരണസംഖ്യ ഉയരുകയാണ്.ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കും ജര്‍മനിയില്‍ 1,22,171 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ മരണ സംഖ്യയില്‍ കുറവുണ്ടെങ്കിലും രാജ്യം കനത്ത ജാഗ്രതയിലാണ്. കോവിഡ് ബാധിച്ചവരില്‍ നിന്നെടുത്ത ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ 100% വിജയമാണെന്ന് ചൈനയില്‍ നിന്നുള്ള പഠനഫലം വ്യക്തമാക്കുന്നു.
കേരളത്തിൽ വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു
കണ്ണൂർ:കേരളത്തിൽ വീണ്ടും കോവിഡ് മരണം.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി മെഹ്റൂഫ് (71) ആണ് മരിച്ചത്.ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.മാര്‍ച്ച് 23നാണ് ഇയാള്‍ക്ക് പനി വന്നത്. തലശ്ശേരിയിലെ ടെലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം മാറാതിരുന്നതിനെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയിലെത്തി. അന്നും മരുന്ന് കൊടുത്ത് മടക്കിഅയക്കുകയാണ് ചെയ്തത്. 30ന് വീണ്ടും ആശുപത്രിയിലെത്തി. 31ന് വീണ്ടും ആരോഗ്യം മോശമായതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ ഘട്ടത്തിലൊന്നും കോവിഡ് പരിശോധന ആശുപത്രി ആധികൃതര്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.ഏപ്രില്‍ ആറിനാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനക്ക് അയച്ചത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.
കൊവിഡ് ബാധിച്ച മഹറൂഫ് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ചെറുകല്ലായിയിലാണു സ്വദേശമെങ്കിലും സമ്പർക്കം നടത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പർക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ന്യൂമാഹി എം.എം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേര്‍ക്കൊപ്പം ടെംപോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണു വിവരം.അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;27 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലകളിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്നു പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും(8 പേര്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവർ), കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്.ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്.ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ഇന്ത്യയിൽ സമൂഹവ്യാപനമില്ല;റിപ്പോര്‍ട്ടില്‍ പിശകുണ്ടായെന്നും ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന.സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎം ആര്‍ നിഗമനം ശരിയല്ല. ഐസി എംആര്‍ ചൂണ്ടിക്കാട്ടുന്ന കണക്ക് സാമുഹിക വ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് തെളിവാകുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്
വെളിപ്പെടുത്തിയിരുന്നു.ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്.ഇന്ത്യയില്‍ കേസുകള്‍ വര്‍ധിച്ചപ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നു.പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്.എന്നാല്‍ നിലവില്‍ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്ബര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.6412 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പടെ രാജ്യത്ത് ആകെ 199 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ തീരുമാനം.എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും.ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ലോക്ഡൗണ്‍ തീര്‍ന്നതിന് ശേഷം മാത്രമേ വിട്ടുനല്‍കുമെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇനിമുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.സംസ്ഥാനത്ത് ഓരോ ജില്ലകളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിനുള്ള പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ വാഹനങ്ങളുടെ പിഴ തീരുമാനിക്കണം. ഇതുമായി ബദ്ധപ്പെട്ട വിജ്ഞാപനം വൈകാതെ പുറത്തിറങ്ങുമെന്നാണ് നിഗമനം.പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഈ വാഹനം വീണ്ടും പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.
കാസര്‍കോടിന് ആശ്വാസം;കൊവിഡ് രോഗം ഭേദമായ 15 പേര്‍ ഇന്ന് ആശുപത്രി വിട്ടു
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം.കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 15 കാസർകോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്.ഇയാളിൽ നിന്ന് സമ്പർക്കത്തിലൂടെ പടർന്ന രണ്ട് വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയടക്കം ഏഴുപേർക്ക് നേരത്തെ ഭേദമായിരുന്നു.ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേതമായത്.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രതീക്ഷ നൽകുന്നു.
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രസർക്കാർ;നിർദേശം തള്ളി കണ്ണൻ ഗോപിനാഥൻ
കൊച്ചി: സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രംഗത്ത്.കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ താന്‍ തയാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.കൊറോണക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. എന്നാല്‍ അതൊരു സാധാരണ പൗരനെന്ന നിലയില്‍ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ചയാളാണ് കണ്ണന്‍ ഗോപിനാഥന്‍.കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്.സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജി.2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്ര- നഗര്‍ ഹവേലി കലക്ടര്‍ എന്ന ചുമതലയ്ക്കപ്പുറം നഗരവികസനം. വൈദ്യുതി, കൃഷി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവച്ചത്. എന്നാല്‍, കണ്ണന്‍ ഗോപിനാഥന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കണ്ണന്‍ ഗോപിനാഥന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.