തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം;36 പേര്‍ ഇന്ന് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 36 പേര്‍ ഇന്ന് രോഗമുക്തരായി. ഇതില്‍ 28 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 179 ആയി. ഇനി ചികിത്സയിലുള്ളത് 194 പേരാണ്.കാസര്‍കോട് 28 പേരുടെയും കണ്ണൂരില്‍ 2 പേരുടെയും മലപ്പുറത്ത് 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ദുബായിയില്‍ കോവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു
അബുദാബി: ദുബായില്‍ കോവിഡ് ബാധിച്ച മലയാളി മരിച്ചു. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ സാഗറാണ് മരിച്ചത്.ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 41 വയസ്സുള്ള പ്രദീപ് സ്വകാര്യആശുപത്രിയില്‍ ആണ് ചികിത്സ തേടിയത്.ശ്വാസം മുട്ടല്‍, പനി തുടങ്ങിയ അസുഖത്തെ തുടര്‍ന്നാണ് ഇയാളെ ദുബായിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.ഗള്‍ഫില്‍ മാത്രം അഞ്ച് മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കാരിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ കൂട്ടമായി താമസിക്കുന്ന ലേബര്‍ ക്യാംപുകളിലാണ് വൈറസ് ബാധ കുടുതല്‍ സ്ഥിരീകരിച്ചത്.
കേരളത്തിന് വീണ്ടും ആശ്വാസം;കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി
കാസര്‍ഗോഡ് :കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുന്നത്. നിലവില്‍ 105 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണവും കാസര്‍ഗോഡ് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിൾ ശേഖരണം ആരംഭിച്ചു. ഇന്നലെ മാത്രം 200 പേരുടെ സാമ്പിൾ ആണ് ശേഖരിച്ചത്.കൂടാതെ സമൂഹ സര്‍വേയും ആരോഗ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോ വീടുകള്‍ തോറും ചെന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.
രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി;ചികിത്സയിലിരുന്ന അവസാന ആളും വീട്ടിലേക്ക് മടങ്ങി
ഇടുക്കി:സംസ്ഥാനത്ത് രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ലയായി ഇടുക്കി.ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്.എന്നാൽ വരുംദിവസങ്ങളിലും ഇപ്പോഴുള്ള ജാഗ്രതയും നിയന്തണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി. കോട്ടയമാണ് ആദ്യം രോഗമുക്തി നേടിയ ജില്ല. കോവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മൂന്നാറില്‍ പൂര്‍ണ നിരോധനം തുടരുകയാണ്.
ലോക്ക് ഡൌൺ നീട്ടൽ;കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും.വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫെറൻസ് വഴി ചർച്ച നടത്തിയിരുന്നു.കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും.മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.അതേസമയം ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നിരിക്കെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികള്‍ സ്വീകരിക്കുക.കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.ഒറ്റയടിക്ക് വിലക്ക് പിന്‍വലിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴും കാസര്‍ഗോട്ട് രണ്ടും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 123,490 പേര്‍ നിരീക്ഷണത്തിലുണ്ട്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേര്‍ ഇന്ന് രോഗ മുക്തി നേടി.ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തി. യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് മോദി യോഗത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് റിപ്പോർട്ട്;ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമായതായി റിപ്പോർട്ട്.ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ തീരുമാനമെടുത്തു. ഇന്ന് രാജ്യം മറ്റുവികസിത രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ് രാജ്യം സുരക്ഷിതമായ സ്ഥാനത്ത് നില്‍ക്കാന്‍ സഹായകമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകും. ഈ നിലപാടിനെ ലോക്ക് ഡൌൺ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാകും പ്രഖ്യാപനം.നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലേക്കേ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപികരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒഡീഷയും പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചു
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിച്ചു
കണ്ണൂര്‍: കൊവിഡ് 19 ചികില്‍സാ രംഗത്ത് കേരളത്തിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാവുകയും പിന്നീട് നെഗറ്റീവാണെന്നു കണ്ടെത്തുകയും ചെയ്ത യുവതി കൊവിഡ് വാര്‍ഡില്‍ പ്രസവിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കാസര്‍കോഡ് സ്വദേശിനി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതി പ്രസവിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്കു 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയത്. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവര്‍ രാവിലെ 11ഓടെ തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയും പ്രത്യേകം സജ്ജീകരിച്ച ഓപറേഷന്‍ തിയറ്ററിലെത്തി. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപും പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയും അറിയിച്ചു.രാജ്യത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് ചികില്‍സയില്‍ കഴിയവെ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു. അന്നും ആണ്‍കുഞ്ഞാണ് പിറന്നത്.
റിലയൻസ് പവർപ്ലാന്റിന്റെ ആഷ് ഡാം പൊട്ടി;രണ്ട് പേര്‍ മരിച്ചു, ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വീടുകളും ഒഴുകിപ്പോയി
ഭോപ്പാല്‍: റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിച്ചു.നിരവധിപേരെ കാണാതായി.വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്.മധ്യപ്രദേശിലെ സിംഗ്റോളിയിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന് 680 കിലോമീറ്റർ അകലെയുള്ള സിംഗ്‌റോളിയിലെ പ്ലാന്റിനെപ്പറ്റി പരാതി നിലനിൽക്കെയാണ് ദുരന്തം. റിസർവോയറിൽ നിന്നുള്ള വെള്ളം ചേർന്ന് ശക്തമായി പുറത്തേക്കൊഴുകിയ കൽക്കരിയുടെ ചാരത്തിൽ അമ്മയും മകനുമടക്കം ആറുപേർ ഒലിച്ചുപോയി. ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാർഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുൻപ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. റിലയൻസ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്‌റോളി ജില്ലാ കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു.