News Desk

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

keralanews vigilance filed f i r against k m shaji

: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് എഫ്.ഐ.ആര്‍.സര്‍ക്കാര്‍ അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ്.പി പി.സി സജീവനാണ് മേല്‍നോട്ടച്ചുമതല.അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. എം.എല്‍.എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഉപാദ്ധ്യക്ഷന്‍ നൗഷാദ് പൂതപ്പാറയാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം

keralanews acid attack against lady in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം മംഗലപുരത്ത്  യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ യുവതിക്ക് 29 ശതമാനത്തോളം പൊള്ളലേറ്റു.പ്രതി കൊയ്തൂര്‍ക്കോണം സ്വദേശി വിനീഷിനെ പൊലീസ് പിടികൂടി.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ ശുചീകരണ തൊഴിലാളിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ വിനീഷ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊളളലേറ്റു.യുവതിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് 29 ശതമാനത്തോളം പൊളളലേറ്റതായി പോലീസ് പറയുന്നു.നേരത്തെ ഉണ്ടായ ഒരു പ്രണയബന്ധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്; മലപ്പുറത്തെ 85 കാരന്റെ മരണം കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യവകുപ്പ്

keralanews third test result is negative the death of 85year old in malappuram not due to covid

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തില്‍ നടത്തിയ അവസാന കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മൂന്ന് പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു, ഇദ്ദേഹത്തിന് നിരവധി രോഗങ്ങളുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കാരം നടത്തേണ്ട കാര്യമില്ലെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സംസ്കാരം നടത്താന്‍ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ഇന്ന് രാവിലെയാണ് മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി മരിച്ചത്.ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിക്കുന്നത്.ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ് മരിച്ച വീരാന്‍കുട്ടി. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.രാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

പാലത്തായി പീഡന കേസ്;പെണ്‍കുട്ടി പീഡിപ്പിക്കപെട്ട ദിവസങ്ങളില്‍ ഭര്‍ത്താവ് സ്‌കൂളില്‍ പോയിട്ടില്ല;ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡിജിപിക്ക് പരാതി നൽകി

keralanews palathayi rape case the wife accused filed a complaint to dgp seeking removal of mystery in the case

കണ്ണൂർ:പാനൂർ പാലത്തായിയിൽ സ്കൂൾ ശുചിമുറിയിൽ വെച്ച് നാലാംക്ലാസ്സ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി പ്രതിയായ അധ്യാപകന്റെ ഭാര്യ രംഗത്ത്.കേസിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കേസിനു പിന്നില്‍ വലിയ ഗൂഢാലോചന ആണ് നടന്നതെന്നും പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.കേസില്‍ കഴിഞ്ഞ ദിവസമാണ് അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജന്‍ അറസ്റ്റില്‍ ആയത്.കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ദിവസങ്ങളില്‍ ഭര്‍ത്താവ് സ്കൂളില്‍ പോയിട്ടില്ല. മൊബൈല്‍ ഫോണിന്‍റെ ലോകേഷന്‍ അടക്കം പരിശോധിച്ചാല്‍ അത് വ്യക്തം ആകും. മാത്രമല്ല ക്ലാസ്സ് മുറിയില്‍ നിന്നും രണ്ടര മീറ്റര്‍ അകലെയുള്ള ശുചിമുറിയില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചു എന്നത് ബാലിശമായ ആരോപണം ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യം പുറത്തു വരികയുള്ളൂ എന്നും പരാതിയില്‍ പറയുന്നു.മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കണം. നിഷ്പക്ഷമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും, നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം തേടണമെന്നും ജീജ പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച്‌ വാര്‍ത്ത ചെയ്യുന്നത് ഈ കേസിനെ അട്ടിമറിക്കാനാണെന്നും, പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ തനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

keralanews kovid 19 confirmed 20 navy personnel in mumbai

മുംബൈ:മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ ഐ.എന്‍.എസ് ആംഗറെയിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെ നേവൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാവികസേനയിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട്‌ ചെയ്യുന്നത്.ഇവർക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഏപ്രില്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച ഒരു നാവികനില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ആര്‍മിയിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് ഫലം നെഗറ്റീവ് ആയ മലപ്പുറം കീഴാറ്റൂർ സ്വദേശി മരിച്ചു

keralanews man whose covid result negative died in malappuram keezhattoor

മലപ്പുറം:കോവിഡ് ഫലം നെഗറ്റീവ് ആയ മലപ്പുറം കീഴാറ്റൂർ സ്വദേശി മരിച്ചു.കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ്‌ മരിച്ചത്‌. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്.അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

കോഴ ആരോപണം;കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി

keralanews govt gives nod for vigilance probe against k m shaji

തിരുവനന്തപുരം:അഴീക്കോട് എം എല്‍ എ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കി സര്‍ക്കാര്‍.കണ്ണൂർ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി. കണ്ണൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതി നല്‍കിയത്.2017 ല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച്‌ കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസെടുത്തതെന്നത് ശ്രദ്ധേയമാണ്. ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്‌കൂളിന് അനുമതി ലഭിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്‌മെന്റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറായിരുന്നു. കെഎം ഷാജി ഇടപെട്ട് പണം കൊടുത്തില്ല. പിന്നീട് സ്‌കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്‌മെന്റ് 25 ലക്ഷം കെഎം ഷാജിക്ക് നല്‍കിയെന്നാണ് പരാതി. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച്‌ സര്‍ക്കാര്‍

keralanews government formed special committee to organize exams

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് മൂലം അവതാളത്തിലായ സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. അധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കുന്നതിനാണ് സമിതി.ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍ ആണ് സമിതി അധ്യക്ഷന്‍.നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച്‌ സമിതി ഒരാഴ്ചക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സിലര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുചേ‍ര്‍ത്തിരുന്നു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ രൂപീകരണം. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.മാര്‍ച്ച്‌ 31നകം ബിരുദ പരീക്ഷയും ഏപ്രില്‍ 30 നകം പരീക്ഷാഫലവും മെയ് 31 നകം ബിരുദാനന്തര പരീക്ഷയും എന്നീ ക്രമത്തിലാണ് സര്‍വകലാശാല പരീക്ഷാ കലണ്ടര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്താനാകില്ല. നിലവിലെ സാഹചര്യത്തെ നേരിടാനുള്ള മാ‍ര്‍ഗങ്ങള്‍ തേടുകയാണ് സമിതിയുടെ ലക്ഷ്യം.കോവിഡും ലോക്ക് ഡൌണും പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിട്ടുണ്ട്. ഡിഗ്രി ക്ലാസുകളിലെ പരീക്ഷകള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പരീക്ഷകള്‍ വൈകുന്നതിനൊപ്പം മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും വൈകിയതോടെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ മെയ് പകുതിയോടെ പരീക്ഷ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കഴിയില്ല. ജൂലൈയില്‍ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം.പരീക്ഷാ നടത്തിപ്പ് ക്രമീകരണത്തിനൊപ്പം ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ കൈക്കോള്ളേണ്ട നടപടികള്‍ സംബന്ധിച്ചും പഠനം നടത്തണം.

സാലറി ചലഞ്ചിൽ അനിശ്ചിതത്വം; അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യമില്ല:തോമസ് ഐസക്

keralanews uncertainty in the salary challenge not imposed said thomas isac

തിരുവനന്തപുരം:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ അനിശ്ചിതത്വം.എല്ലാ ജീവനക്കാരും സന്നദ്ധത അറിയിച്ചാലേ ഉത്തരവ് ഇറക്കൂവെന്നാണ് ധനവകുപ്പ് പറയുന്നത്. സാലറി ചലഞ്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും ഡി.എ കുടിശ്ശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതും ധനവകുപ്പ് പരിഗണിക്കുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ വിയോജിപ്പാണ് സാലറി ചലഞ്ചില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന സൂചനയുണ്ട്.സാലറി ചലഞ്ച് സ്വമേധയാ നല്ല മനസ്സുള്ള ആളുകള്‍ നല്‍കുന്നതാണ്. അങ്ങനെയൊരു മനസ്സ് ഒരു വിഭാഗത്തിനില്ല എന്ന നിലപാട് സ്വീകരിക്കുകയും ഒരു വിഭാഗം മാത്രം എല്ലായ്‌പ്പോഴും ശമ്പളം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് പകരം സംവിധാനങ്ങളെ കുറിച്ച്‌ ആലോചിക്കുകയാണ്. സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടിയ ക്ഷാമബത്ത മരവിപ്പിച്ചു; പ്രത്യേക അലവന്‍സുകളും നല്‍കില്ല

keralanews economic crisis increased dearness allowance to central govt employees frozen no special allowances provided

ന്യൂഡൽഹി:കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടന്‍ നല്‍കില്ല.ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ശതമാനമായി കൂട്ടാന്‍ മാര്‍ച്ച്‌ 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കേണ്ട സാഹചര്യത്തില്‍ ഈ തീരുമാനം തല്‍ക്കാലം മരവിപ്പിക്കും.ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു.ഇപ്പോള്‍ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവന്‍സുകളില്‍ മാറ്റമില്ല. എന്നാല്‍ സ്ഥിര അലവന്‍സിന് പുറമെയുള്ള പ്രത്യേക അലവന്‍സുകളും കുറച്ചുകാലത്തേക്ക് നല്‍കില്ല. ഇക്കാര്യം അറിയിച്ച്‌ കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. മന്ത്രാലയങ്ങള്‍ വാര്‍ഷിക ബജറ്റില്‍ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രില്‍, മെയ്, ജൂണ് മാസങ്ങളില്‍ ചിലവാക്കാന്‍ പാടുള്ളു.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഒരു പദ്ധതിക്കും മുൻകൂറായി തുക നല്‍കരുത്. 20 കോടി രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിലും കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധനമന്ത്രാലയത്തിന്റെ കത്ത്.