:കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ.സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് നിരസിക്കൽ ആണ്.ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.
ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ നഗരസഭാ അംഗവും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി.മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്സോണിലായ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേരുകയാണ്.
കോട്ടയവും ഇടുക്കിയും ഗ്രീന്‍സോണില്‍ നിന്നും റെഡ്‌സോണിലേക്ക് മാറി;അതീവ ജാഗ്രത
തിരുവനന്തപുരം:കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ നിന്നും റെഡ് സോണിലേക്ക് മാറ്റി.കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോട്ടയം ജില്ലയിൽ 3 ദിവസം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,യാത്ര തുടങ്ങിയവ പൂർണമായി നിയന്ത്രിക്കും. ഹോട്സ്പോട്ടുകളിൽ ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തി.എറണാകുളം– കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്ത് നിന്നും എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.അതിർത്തികളിൽ ശക്തമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. വാഹനങ്ങൾ തടയാൻ ബാരിക്കേഡും നിരത്തി.കോട്ടയത്ത് മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ മുട്ടമ്പലം സ്വദേശി, കുഴിമറ്റം സ്വദേശി വീട്ടമ്മ, മണർകാട് സ്വദേശി ലോറി ഡ്രൈവർ, ചങ്ങനാശേരിയിലുള്ള തമിഴ്നാട് സ്വദേശി, മേലുകാവുമറ്റം സ്വദേശി ബാങ്ക് ഉദ്യോഗസ്ഥ,വടവാതൂർ സ്വദേശി ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം.ആരോഗ്യ പ്രവർത്തകനും ചുമട്ടു തൊഴിലാളിക്കും മാർക്കറ്റിൽ നേരത്തേ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.തമിഴ്നാട് സ്വദേശി തൂത്തുക്കുടിയിൽ പോയിരുന്നു.ബാങ്ക് ഉദ്യോഗസ്ഥ സേലത്തു നിന്നു മടങ്ങിയതാണ്. അതേ സമയം നേരത്തെ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കൾ, ഭാര്യാ സഹോദരൻ, 3 ചുമട്ടു തൊഴിലാളികൾ എന്നിവർക്കു രോഗ ബാധയില്ല.മണര്‍കാട് സ്വദേശി കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.ഇടുക്കിയിൽ തൊടുപുഴ തെക്കുംഭാഗത്ത് യുഎസിൽ നിന്നു മാർച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11 ന് വന്ന ദേവികുളം സ്വദേശി(38),ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെൺകുട്ടി (14),മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി;24 മണിക്കൂറിനിടെ 60 മരണം
ന്യൂഡൽഹി:രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി.24 മണിക്കൂറിനിടെ 60 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്.1,543 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു.6,869 പേര്‍ രാജ്യത്ത് കൊവിഡ് രോഗമുക്തരായി. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8,590 ആയി ഉയര്‍ന്നു. 369 പേര്‍ മരിച്ചു. ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി.രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.യോഗത്തില്‍ സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൌൺ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒൻപത് മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
കോവിഡ് 19;കണ്ണൂർ ജില്ലയിൽ ഇന്നലെ പോസിറ്റീവ് കേസുകളില്ല;ഒരാൾ കൂടി രോഗമുക്തനായി
കണ്ണൂർ:ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.ആകെയുള്ള 112 കൊറോണ ബാധിതരിൽ ഒരാൾകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 24 കാരനാണ് ആശുപത്രി വിട്ടത്.ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി.54 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.നിലവിൽ 55 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 21 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 6 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 32 പേർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും 2606 പേർ വീടുകളിലുമായി മൊത്തം 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.ഇതുവരെ 2851 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2571 എന്നതിന്റെ ഫലം ലഭ്യമായി.മാത്രമല്ല സമൂഹവ്യാപന സാധ്യത അറിയുന്നതിനുള്ള രണ്ടാംഘട്ട പരിശോധനയും തുടരുകയാണ്.വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളിൽ പെട്ടവരെയാണ് രണ്ടാംഘട്ടത്തിൽ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കര്‍ണാടകയില്‍ നിന്ന് കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെ മലയാളികള്‍ പിടിയില്‍
കണ്ണൂർ:കര്‍ണാടകയില്‍ കൃഷിപ്പണിക്ക് പോയി തിരികെ കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് എത്തിയ നാല് മലയാളികളെ കര്‍ണാടക ഫോറസ്റ്റ് സംഘം പിടികൂടി. പേരാവൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍, അനീഷ്, സനില്‍, കാക്കയങ്ങാട് സ്വദേശി പ്രഭാകരന്‍ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.ഇവരെ വീരാജ്‌പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ണാടക അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ക്വാറന്‍റൈന്‍ ചെയ്തത്. കര്‍ണാടകത്തില്‍ നിന്നും ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി വനത്തിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന കർശനമാക്കിയത്. കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ അറബിത്തട്ട് മേഖലയില്‍ നിന്നുമാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.കഴിഞ്ഞ ദിവസങ്ങളില്‍ കാലാങ്കി, തൊട്ടില്‍പ്പാലം, കച്ചേരിക്കടവ്, ആറളം മേഖലകളിലേക്ക് കര്‍ണാടക വനത്തിലൂടെ എത്തിയ നാല്‍പ്പതോളം മലയാളികളെ കേരളാ പോലീസും ആരോഗ്യ വകുപ്പും പിടികൂടിയിരുന്നു.ഇവർ നിലവിൽ ഇരിട്ടി, കണ്ണൂര്‍ മേഖലകളില്‍ കോറന്റെയിന്‍ സെന്‍ററുകളിലാണുള്ളത്. ഇത്തരത്തില്‍ വരുന്നവര്‍ക്കെതിരെ കേരളാ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെ ആളുകളുടെ വരവ് കുറഞ്ഞിരുന്നു.
ഇടുക്കിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കോവിഡ്;അതീവ ജാഗ്രത
ഇടുക്കി:ഇന്നലെ പുതുതായി ആറ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട ആറ് പേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടി.ഏലപ്പാറയിൽ മൂന്നു ദിവസം മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ട മകനെയും അമ്മയെയും ചികിൽസിച്ചതിനെ തുടർന്നാണ് ഡോക്ടർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. ഏപ്രിൽ 15ന് ശേഷം ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചു തുടങ്ങി.ഏലപ്പാറയിൽ ശനിയാഴ്ച ഡോക്ടർ പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്തവരുടെയും പേര് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ അച്ഛനും ഏഴ് വയസുള്ള മകൾക്കുമാണ് വണ്ടിപ്പെരിയാറിൽ രോഗം സ്ഥിരീകരിച്ചത്. വണ്ടൻമേട്ടിൽ മലപ്പുറത്തു നിന്ന് എത്തിയ 24കാരനും ഇരട്ടയാറിൽ ജർമനിയിൽ നിന്ന് വന്ന വിദ്യാർത്ഥിക്കുമാണ് കോവിഡ് ബാധിച്ചത്. രണ്ട് പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവരാണ്. ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ള 10 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഏലപ്പാറ, വണ്ടൻമേട്, ഇരട്ടയാർ, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ മെയ് 3 വരെ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോവിഡ് 19;പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി;പിണറായി വിജയൻ പങ്കെടുക്കുന്നില്ല
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി.ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്‍റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്.ലോക്ക്ഡൌണ്‍ പിന്‍വലിച്ചാലും ചില മേഖലകളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം അറിയിച്ചു. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.