കണ്ണൂർ:കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ.ജിandല്ലയിൽ ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങൾ കണ്ടയ്നമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെ കലക്റ്റർ ഉത്തരവിറക്കി.ഇക്കാര്യം ഉന്നയിച്ച് കലക്റ്റർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് .എസ്പി കണ്ടയ്‌മെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കലക്റ്റർ ആരാഞ്ഞു. ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും ബ്ലോക്ക് ചെയ്ത റോഡുകൾ അടിയന്തിരമായി തുറക്കാനും കലക്റ്റർ ആവശ്യപ്പെട്ടു.കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ വഴിതിരിച്ച് വിടേണ്ടിവന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കലക്റ്റർ ചൂണ്ടിക്കാട്ടി.ജില്ലയിലെ യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണു എസ്പി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കലക്റ്റർ ചോദിച്ചു. കോവിഡ് സംബന്ധമായ യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തതെന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കളക്ടർ കത്തിലൂടെ നൽകി.ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും മറ്റും വലിയ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കലക്റ്റർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.ബുധനാഴ്ച വൈകിട്ടോടെ ബ്ലോക്ക് ചെയ്ത മുഴുവൻ റോഡുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കലക്റ്റർ ആവശ്യപ്പെട്ടു.
വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും.ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കോവിഡ് പിടിമുറുക്കുകയും വാര്‍ഡ് വിഭജന നടപടികള്‍ അവതാളത്തിലാവുകയും ചെയ്തത്.വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ് ഓര്‍ഡിനന്‍സ് മുഖേന മാറ്റം വരുത്തിയത്. 2015 ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനായി കൊണ്ടു വന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ മുതല്‍ പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിര്‍ബന്ധം;ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.അതേസമയം വയനാട്ടില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചിരിക്കുന്നത്.പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്‌ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
അര്‍ഹരായവര്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹരായ കുടുബങ്ങള്‍ക്ക് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ കൊവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കണം. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാ നടപടികള്‍ക്കു വിധേയരാകുമെന്ന സത്യവാങ്‌മൂലവും അപേക്ഷകനില്‍നിന്നു വാങ്ങണമെന്ന് ഉത്തരവിലുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും.നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ , തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് ആദ്യ മുൻഗണന.
കോവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ 73 മരണം;രോഗബാധിതരുടെ എണ്ണം 31,300 ലേറെ
ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ആയിരം കടന്നു.മരിച്ചവരുടെ എണ്ണം 1007 ആയി. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഒരു ദിവസം മരണസംഖ്യ 70 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. മാർച്ച് 23ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28 നും ഏപ്രിൽ 28നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തർപ്രദേശിൽ 41ഉം തമിഴ്‍നാട്ടിൽ 26ഉം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം 500നു മുകളിൽ ആളുകൾക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം കടന്നു. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. റെഡ് സോണുകള്‍ പൂര്‍ണമായും അടച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഓരോ ദിവസവും പുതിയ കേസുകള്‍ ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷം കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദുബായില്‍ നിന്നെത്തി നാല്‍പത് ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കണ്ണൂരില്‍ സമ്പർക്കത്തിലൂടെയാണ് ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരുന്ന ഇയാള്‍ക്ക് വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുകയാണ്.രോഗം തീവ്രമായ ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.റെഡ് സോണായ കോട്ടയം ജില്ലയില്‍ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോണ്‍ മേഖലയായതിനാല്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ ഇവിടെ കൂട്ടം കൂടുന്നതുള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം;പകരം ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.പകരം സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതുവഴി ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാനാണ് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനം.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സാലറി കട്ടിനാണ് തീരുമാനിച്ചിരുന്നത്.മന്ത്രിസഭ അന്തിമതീരുമാനമെടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സാലറി കട്ടിന് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.മാര്‍ച്ച് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശിയായ 21 കാരനും മാര്‍ച്ച് 21ന് ഐഎക്‌സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 66 ആയി.ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ലോക്ക് ഡൌൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നതിന് നിർദ്ദേശിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് എംഎസ്എംഇകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ സർക്കുലർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.എന്നിരുന്നാലും, നയപരമായ തീരുമാനം രേഖപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്‌എ) സുപ്രീംകോടതി നിർദേശം നൽകി. കൂടാതെ, കിഴിവുകളില്ലാതെ മുഴുവൻ വേതനവും നൽകാൻ സ്വകാര്യ സംരംഭങ്ങൾക്ക് നിർദേശം നൽകിയ മാർച്ച് 29 ലെ ഉത്തരവ് എന്തുകൊണ്ട് നിർത്തരുത് എന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന് നോട്ടീസ് നൽകുകയും രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു.ലോക്ക് ഡൌൺ കാലാവധിക്കുള്ള മുഴുവൻ ശമ്പളവും നൽകുന്നത് തുടരാൻ എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും നിർദ്ദേശം നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മാർച്ച് 29 ലെ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവൻ ശമ്പളവും നൽകാനുള്ള നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു.41 എംഎസ്‌എംഇകളടങ്ങുന്ന ലുധിയാന ആസ്ഥാനമായുള്ള ഹാൻഡ് ടൂൾ നിർമ്മാതാക്കളുടെ അസോസിയേഷൻ തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ശ്രദ്ധയും ആലോചനയും ഇല്ലാതെ ഇത്തരം ഉത്തരവുകൾ സർക്കാർ പാസാക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തി. അത്തരം പേയ്‌മെന്റുകൾ നടത്തുന്നത് പലതും യൂണിറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.അതോടൊപ്പം സ്ഥിരമായ തൊഴിലില്ലായ്മയ്ക്ക് കാരണമാവുകയും അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.സമ്പൂർണ്ണ ശമ്പളം നൽകുന്നതിനുള്ള അത്തരമൊരു ഉത്തരവ് വ്യക്തമായും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവും സുസ്ഥിരവുമല്ല. മാത്രമല്ല ലോക്ക് ഡൌൺ സമയത്ത് സ്വകാര്യ തൊഴിലുടമകളെ അവരുടെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം, കാരണം കരാർ ഏകപക്ഷീയമായി നടപ്പാക്കാൻ അനുവാദമില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ഉറപ്പുനൽകുന്ന ഏതെങ്കിലും തൊഴിൽ, വ്യാപാരം, ബിസിനസ്സ് എന്നിവ നടത്താനുള്ള സ്വകാര്യ കമ്പനികളുടെ അവകാശത്തെ ആഭ്യന്തരമാത്രാലയത്തിന്റെ ഈ ഉത്തരവ് ലംഘിച്ചതായും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ വ്യക്തമാക്കി. നിയമത്തിലെ 2005 ലെ വ്യവസ്ഥകൾ പ്രകാരം വേതനം നേരിട്ട് നൽകാനുള്ള അധികാരം കേന്ദ്രത്തിന് ഇല്ലെന്നും എംഎസ്എംഇകൾ വാദിച്ചു.ലാഭം, നഷ്ടം, കടം, വിറ്റുവരവ് എന്നിവ കണക്കിലെടുക്കാതെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നത് യുക്തിരഹിതമാണ്,മാത്രമല്ല നിയമപരമായ പിന്തുണയില്ലാതെ എംഎച്ച്‌എയുടെ ഈ നിർദേശം നികുതിയോട് സാമ്യമുള്ളതാണ്.“തൊഴിലാളികൾക്കായി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, പകരം മുഴുവൻ വേതനം നൽകുന്നതിന് തൊഴിലുടമകൾക്ക് ബാധ്യത വരുത്തുന്നു,” ഒരു തൊഴിലുടമയ്ക്കും ജീവനക്കാരനും പരസ്പര ഉടമ്പടിയുണ്ട്.അതനുസരിച്ച് ശമ്പളം ആവശ്യപ്പെടാനുള്ള ഒരു ജീവനക്കാരന്റെ അവകാശം താൻ ചെയ്ത ജോലിക്ക് അനുസരിച്ചാണ്.കൂടാതെ, ഒരു ജോലിയും ചെയ്തില്ലെങ്കിൽ പണം നൽകാതിരിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും ഹരജിയിൽ പറയുന്നു.