ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും.വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം;ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല;61 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. പുതുതായി ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.അതേസമയം, രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം. ഇതോടെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച്:
ഇടുക്കി – 11
കോഴിക്കോട് – 04
കൊല്ലം – 09
കണ്ണൂര്‍ -19
കാസര്‍ഗോഡ് -02
കോട്ടയം -12
മലപ്പുറം – 02
തിരുവനന്തപുരം -02
ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കോവിഡ് രോഗികളില്ലാത്ത ജില്ലകളായി മാറി.ഇന്ന് 1249 കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. നിലവില്‍ 84 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും ഇതില്‍ പുതിയ കൂട്ടിചേര്‍ക്കലുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നത് ആശ്വാസകരമാണെങ്കിലും വിദേശത്ത് 80 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം രാജ്യത്തിനകത്തുള്ള 1,66263 മലയാളികള്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ 5470 പാസുകള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചവരെ 515 പേരാണ് വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തിയത്.
ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച് ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.ഗ്രീന്‍ സോണിലടക്കം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ പാര്‍ലറുകളും തുറക്കില്ല. തിയേറ്റര്‍, ബാര്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ക്ക് മാത്രമായി തുറക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.കണ്ണൂര്‍,കോട്ടയം ജില്ലകളില്‍ ഇളവുണ്ടാകില്ല. സംസ്ഥാനത്തെ 84 ഹോട്ട്സ്പോട്ടുകളിലും ഇളവുണ്ടാകില്ല. ഇളവുകള്‍ പ്രകാരം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയത്ത് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ രാത്രി സഞ്ചാരം ഒരു കാരണവശാലും അനുവദിക്കില്ല. നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരിക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം.വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും നിരീക്ഷണം നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
കേരളത്തില്‍ നിന്നും ഇന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി:കേരളത്തില്‍ നിന്നും ഇന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി.ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ബീഹാറിലേക്ക് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്.ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് യാത്ര റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരത്തോടുകൂടി പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.ഇതോടെ നാട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന അതിഥി തൊഴിലാളികള്‍ പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നും 1150 അതിഥി തൊഴിലാളികളെയും വഹിച്ച് പോയ ട്രെയിന്‍ കഴിഞ്ഞദിവസം ഭുവന്വേശ്വറിലെത്തിയിരുന്നു.ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം 26 പ്രത്യേകം ബസുകളിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലേക്ക് എത്തിക്കുകയും ചെയ്തു. അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ എത്തിയതിന് ശേഷം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
രാജ്യം ഇന്ന് മുതൽ മൂന്നാംഘട്ട ലോക്ക് ഡൗണിലേക്ക്
ന്യൂഡൽഹി:രാജ്യം ഇന്ന് മുതൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്.കൂടുതൽ ഇളവുകൾ നൽകി അടച്ചു പൂട്ടൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളും ഉയർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം പ്രതിദിനം 2000 ത്തിലധികം വർദ്ധിക്കുകയും മരണസംഖ്യ 70 ലധികം ഉയരുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി മൂന്നാംഘട്ടം തുടരുന്നത്.ഇതിന്‍റെ മറുവശം രോഗം മാറുന്നവരുടെ എണ്ണം 24 ശതമാനത്തിലധികം ആയി എന്നതാണ്. ഹോട്സ്പോട്ടുകളുടെ എണ്ണം കുറഞ്ഞു. ഏറെ ആശങ്കയുണ്ടായിരുന്ന സമൂഹ വ്യാപനം നടന്നില്ല.ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ കർശനമായ ലോക്ക്ഡൗണിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാൽ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിൻറെ ഭാവിയെത്തന്നെ നിർണയിക്കുന്നതാണ്.റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലായാണ് രാജ്യത്തെ വേർതിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ കൂടുതല്‍ ഉള്ള മേഖലകളിലേയ്ക്ക് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്നെത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും.
ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി
തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി.നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് തിരിച്ചെത്തുന്നത്. തിരിച്ചെത്തുന്നവര്‍ക്കായി ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും.നാട്ടിലേക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ പ്രവാസികളുടെ നീണ്ട നിരയാണുള്ളത്.മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ കാസര്‍കോട് സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു . വണ്ടിയില്‍ വരുന്നവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ക്രമീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ടീമിനെ മുഴുവവായി ഐസൊലേറ്റ് ചെയ്യും. സ്പെഷ്യല്‍ ആംബുലന്‍സില്‍ ഇവരെ നാട്ടിലേക്ക് അയക്കുമെന്നും കളക്ടര്‍ പറഞ്ഞു.വയനാട് മുത്തങ്ങ അതിര്‍ത്തിയിലൂടെ എത്തുന്നവരെ പരിശോധിക്കാന്‍ ബോര്‍ഡര്‍ സ്ക്രീനിങ് സെന്‍റര്‍ നിര്‍മാണം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് റവന്യു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്തു നടപടികള്‍ ഏകോപിപ്പിക്കുകയാണ് . മൈസൂരില്‍ പഠിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിക്കും.
മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറി; യുവ നടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പിൽ നിയന്ത്രണംവിട്ട കാര്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവനടന്‍ അടക്കം മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിധിന്‍ (35),അശ്വിന്‍ (29),യുവനടൻ ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനായി അഭിനയിച്ച നടനാണ് മരിച്ച ബേസില്‍ ജോര്‍ജ്.ഇന്നലെ രാത്രി ഒന്‍പതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേർക്കും വീടിന്‍റെ മുന്‍വശത്തെ മുറിയിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. കോലഞ്ചേരിയില്‍നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്‍റെ മുന്‍വശം തകര്‍ത്ത കാറും പൂര്‍ണ്ണമായും തകര്‍ന്നു. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗര്‍ (19), അതിഥി തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്‍റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും. ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഉത്തരവ് പ്രകാരം മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍.ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. വയനാട്ടില്‍ ഇന്നലെ പോസിറ്റീവ് കേസ് വന്നതിനാല്‍ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി.21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റി. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും.മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും.മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.
അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ):
1. പൊതുഗതാഗതം അനുവദിക്കില്ല.
2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
6. പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
7. മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
8. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാവുന്നതാണ്.
9. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല.
10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.
11. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. ( അടുത്ത ആഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കും) വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം.
12. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.
സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും
കൊച്ചി: സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ആദ്യവാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെ.ജി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുക. മെയ് രണ്ടാംവാരം മുതല്‍ അദ്ധ്യാപകര്‍ക്കായി പത്തുദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയനം ആരംഭിക്കുന്നത് വൈകുന്നത് കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍.കോവിഡ് ഭീതി മറികടക്കാനാവുമെങ്കില്‍ ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള എട്ടുമാസം പൊതു അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചും ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കിയും 190 പ്രവൃത്തിദിവസമാക്കി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനാണ് ആലോചന. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജയന്തി, സമാധിദിനങ്ങള്‍ പ്രവൃത്തിദിവസമാക്കും. ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിച്ചുരുക്കിയും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.എന്നാല്‍ ഇതിനെല്ലാം സര്‍ക്കാരുകളുടെ അനുമതി വേണം.നിലവിലെ സാഹചര്യത്തില്‍ ഈ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരും അധ്യയന വര്‍ഷം വൈകുമെന്ന് തിരിച്ചറിയുന്നുണ്ട്.അവരും ബദല്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്തു നിന്നും ഇന്ന് നാല് ട്രെയിനുകള്‍ കൂടി;പുറപ്പെടുന്നത് തൃശ്ശൂര്‍,കണ്ണൂര്‍,എറണാകുളം എന്നിവിടങ്ങളില്‍ നിന്നും
തിരുവനന്തപുരം:അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനത്തു നിന്നും നാല് ട്രെയിനുകൾ കൂടി പുറപ്പെടും.തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുക.എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക.ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കേരളത്തില്‍ നിന്ന് ഇതുവരെ 7,000ത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അഞ്ചു ട്രെയിനുകള്‍ അതിഥിതൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്.തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക.ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും.