News Desk

കോവിഡ് 19;കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

keralanews covid19 center released new guidelines

ന്യൂഡൽഹി:കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധന നെഗറ്റീവ് ആയാൽ രോഗികളെ ഡിസ്ചാർജ് ചെയ്യാം എന്ന മുൻ നിർദേശത്തിനു പകരമുള്ള മാർഗനിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ ഡിസ്ചാര്‍ഡ് ചെയ്യാം.എന്നാല്‍ തുടര്‍ന്നുള്ള ഏഴു ദിവസം ഹോം ക്വാറന്‍റൈനില്‍ തുടരണം. രോഗതീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്നുദിവസത്തിനുള്ളില്‍ മാറുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന്‍റെ മുകളിൽ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. ഇവരും ഏഴുദിവസം ഹോം ക്വാറന്‍റൈനിയിലായിരിക്കണം.രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാർജ് പല മാനദണ്ഡങ്ങൾ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവരുത്. ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം വന്നാൽ മാത്രം ഡിസ്ചാർജ് അനുവദിക്കാം.

രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇന്നും നാളെയും കൊച്ചിയില്‍ എത്തുക ആയിരത്തിലധികം പ്രവാസികള്‍

keralanews more than 1000 expatriates arriving at kochi today and tomorrow on two planes and one ship

കൊച്ചി:രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇന്നും നാളെയും കൊച്ചിയില്‍ എത്തുക ആയിരത്തിലധികം പ്രവാസികള്‍.ഇവരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം വിപുലമായ തയ്യാറെടുപ്പാണ് സ്വീകരിച്ചിരിക്കുന്നത്.പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്നു ഇന്ന് രണ്ട് എയര്‍ഇന്ത്യ വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറക്കുന്നത്.കുവൈറ്റിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടും.ഈ വിമാനം രാത്രി 9.15ന് കൊച്ചിയില്‍ മടങ്ങിയെത്തും.മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും.അതേസമയം റദ്ദാക്കിയ ദോഹ കൊച്ചി വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വന്നിട്ടില്ല.

മാലിദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ നാളെ രാവിലെ 10.30ഓടെ കൊച്ചി തുറമുഖത്ത് എത്തിച്ചേരും.ഇന്നലെ രാത്രിയാണ് കപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. 18 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്.വ്യാഴാഴ്ചയാണ് കപ്പല്‍ മാലി തുറമുഖത്തെത്തിയത്. മാലി എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തില്‍ ഒരു ദിവസം നീണ്ടു നിന്ന നടപടികള്‍ക്ക് ശേഷമാണ് യാതക്കാരെ ബസില്‍ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐ.എന്‍.എസ് മഗര്‍ എന്ന കപ്പല്‍ കൂടി മാലിദ്വീപില്‍ എത്തുന്നുണ്ട്.വിശദപരിശോധനയ്ക്ക് ശേഷം ഇവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറൈന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും.

പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും

keralanews first flight with expatriates to kannur airport will arrive on tuesday

കണ്ണൂർ:പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും.ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ എയര്‍ പോര്‍ട്ടില്‍ പൂര്‍ത്തിയായതായി വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള 170 ലേറെ പ്രവാസികളുമായി വിമാനം എത്തുക.സാമൂഹിക അലകം പാലിച്ച്‌ 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക.ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ള പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍ വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും.വിമാനത്താവളത്തില്‍ വച്ച്‌ വിശദമായ സ്‌ക്രീനിംഗിനു വിധേയരാക്കും. ക്വാറന്റീനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച്‌ ബോധവത്ക്കരണവും നല്‍കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തില്‍ ഒരുക്കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലേക്ക് പോകേണ്ടവരെയും അയല്‍ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കുക.ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്‌ആര്‍ടിസി ബസുകളുമുണ്ടാവും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യണം.ഇതിനായി പെയ്ഡ് ടാക്‌സി സൗകര്യം ലഭിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തില്‍ ചേര്‍ന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

കൊവിഡ് 19; രാജ്യത്ത് മരണസംഖ്യ 1981 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3320 പേര്‍ക്ക്

keralanews covid19 death toll in india rises to 1981 and disease confirmed in 3320 persons within 24 hours

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി.വൈറസ് ബാധിതരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1981 ആയി ഉയര്‍ന്നു. ഇതുവരെ 17847 പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 11967 ആയി. ധാരാവിയില്‍ മാത്രം 808 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26 പേരാണ് വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചത്.അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു;കണ്ണൂരിൽ 10 പേർക്ക് രോഗമുക്തി

keralanews one covid case confirmed in kerala today and 10 cured in kannur

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ചെന്നെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.10 പേർ രോഗമുക്തരായി.കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവിൽ സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂർ പയ്യന്നൂരിലെ കോക്കനട്ട് ഓയില്‍ കമ്പനിയിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

keralanews fire broke out in an oil company in kannur payyannur

കണ്ണൂര്‍: കോക്കനട്ട് ഓയില്‍ കമ്പനിയിൽ വൻ  തീപിടിത്തം. പയ്യന്നൂര്‍ എടാട്ട് പ്രവര്‍ത്തിക്കുന്ന മല്ലര്‍ കോക്കനട്ട് ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കൊപ്ര കരിയുന്ന മണവും പുകയും ശ്രദ്ധയില്‍പെട്ട ഉടമസ്ഥന്റെ മകളാണ് വിവരം പിതാവിനെ അറിയിച്ചത്. തീ പടരുന്നത് കണ്ട് ഓടുന്നതിനിടെ ഉടമസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും കൊപ്രയ്ക്ക് തീപിടിച്ചതിനാല്‍ തീയണയ്ക്കുന്നത് ദുഷ്‌കരമായി.പിന്നാലെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് കൂടി സ്ഥലത്തെത്തി.ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകള്‍ എട്ടു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടായതായി ഉടമ പറഞ്ഞു.ഡ്രയര്‍ യൂണിറ്റിലെ മെഷീനുകളും അഞ്ച് മുറികളിലായി സൂക്ഷിച്ചിരുന്ന കൊപ്രശേഖരവും കെട്ടിടവും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പയ്യന്നൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം;14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

keralanews protest of migrant workers in payyannur case registered against 14 persons
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.കരാറുകാരനടക്കം തമിഴ്നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍മേലാണ് നടപടി.കഴിഞ്ഞ ദിവസമാണ് രാമന്തളിയിലെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലുണ്ടായ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.മുപ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതായതോടെ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു എന്നാണ് കരാറുകാരന്റെ വിശദീകരണം.പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ നാട്ടിലേക്ക് മടങ്ങായ പോകണമെന്ന് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.എന്നാല്‍ പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകൾ പൊലീസിന്റെ കൈവശം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ സോഷ്യല്‍ മീഡിയയിലുടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

റേഷന്‍ വിഹിതം മേയ് 20ന് മുൻപ് കൈപ്പറ്റണം; നീല കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഇന്നു മുതല്‍

keralanews ration share must be received before may 20 free food kit distribution for blue card holders starts today

തിരുവനന്തപുരം: മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുൻപ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ,വൈ) പദ്ധതി പ്രകാരമുള്ള ചെറുപയര്‍ വിതരണം, പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പി.എം.ജി.കെ.എ.വൈ അരി, ചെറുപയര്‍ എന്നിവയും പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യേണ്ടതുണ്ട്. ഇവ സ്‌റ്റോക്ക് ചെയ്യാന്‍ റേഷന്‍ കടകളില്‍ സ്ഥലപരിമിതി ഉണ്ടാവുന്നതിനാലാണ് 20ന് മുൻപായി റേഷന്‍ വാങ്ങാന്‍ നിര്‍ദേശം.മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ മെയ് എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം.മേയ് 15 മുതല്‍ മുന്‍ഗണന ഇതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.

കണ്ണൂരിന് ആശ്വാസം;നാല് പേര്‍ കൂടി രോഗമുക്തി നേടി

keralanews relief for kannur four covid patients cured

കണ്ണൂര്‍: കണ്ണൂരില്‍ ആശങ്ക അകലുന്നു.ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി.അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് വ്യാഴാഴ്ച ആശുപത്രി വിട്ടത്.ജില്ലയിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി.ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും കുറവുകള്‍ വന്നിട്ടുണ്ട്. കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയത് . ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി.15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നിലവില്‍ 96 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 53 പേര്‍ ആശുപത്രികളിലും 43 പേര്‍ വീടുകളിലുമാണുള്ളത്. 120 സാംപിളുകളുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയിലെ പതിമൂന്ന് തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി.നിലവില്‍ ജില്ലയില്‍ പത്ത് ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. കുത്തുപറമ്പ്,പാനൂര്‍ മുനിസിപ്പാലിറ്റികളും കതിരൂര്‍, കോട്ടയം മലബാര്‍, പാട്യം, മൊകേരി, കുന്നോത്ത്പറമ്പ്, പെരളശ്ശേരി, ഏഴോം, പാപ്പിനിശ്ശേരി പഞ്ചായത്തുകളുമാണ് നിലവില്‍ ഹോട്ട് സ്പോട്ടുകള്‍.

ഇന്നലെ വിമാനമിറങ്ങിയ പ്രവാസികളിൽ എട്ടുപേർക്ക് രോഗലക്ഷണങ്ങൾ;കൊച്ചിയിൽ അഞ്ചുപേരെയും കരിപ്പൂരിൽ മൂന്നുപേരെയും ഐസൊലേഷനിലാക്കി

keralanews eight of the passengers who landed yesterday have covid symptoms and five in cochin and three in karipur were isolated

കൊച്ചി:ഇന്നലെ കേരളത്തിൽ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘത്തിലെ എട്ട് പേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്തോടെ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കും കോഴിക്കോടെത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്.തെര്‍മല്‍ സ്കാനിങ്ങും ആരോഗ്യ ഡെസ്കിലെ പരിശോധനയുമുള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചത്. പരിശോധനയില്‍ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെയാണ് പുറത്തിറക്കിയത്. വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോകുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു.ഗള്‍ഫില്‍ നിന്നും പ്രവാസി മലയാളികളുമായി ഇന്നലെ രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. ആദ്യമെത്തിയത് അബുദാബിയില്‍ നിന്നും യാത്ര തിരിച്ച സംഘമാണ്. 10. 07ഓടെയാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ദുബായില്‍ നിന്നുള്ള വിമാനം 10.32ന് കരിപ്പൂരില്‍ ലാന്റ് ചെയ്തു. 181യാത്രക്കാരാണ് കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ ഉണ്ടായത്. 182 യാത്രക്കാര്‍ കരിപ്പൂരിലും വിമാനമിറങ്ങി.വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും.എന്നാൽ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.