ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി.25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യൻ പൗരന്മാരുമായാണ് വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ആകെ 709 ഇന്ത്യൻ പൗരന്മാരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 219 പേർ ശനിയാഴ്ച വൈകിട്ട് മുംബൈയിലും 250 പേർ ഞായറാഴ്ച അതിരാവിലെ ഡൽഹിയിലും വിമാനമിറങ്ങി. യുക്രെയ്‌നിലെ നിരവധി മേഖലകളിലായി ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവർ എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ യുക്രെയ്‌ന്റെ അതിർത്തികളിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്. മുൻകൂട്ടി അറിയിക്കാതെ ഇതിനോടകം നിരവധി വിദ്യാർത്ഥികളാണ് അതിർത്തിയിലെത്തിയത്. അതുകൊണ്ട് തന്നെ ഇവരെ പോളണ്ടിലേക്ക് എത്തിക്കാനുളള നീക്കങ്ങൾ അത്യധികം ശ്രമകരമായി തുടരുകയാണ്. യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടില്ലാത്ത യുക്രെയ്‌നിലെ പടിഞ്ഞാറൻ നഗരങ്ങൾ താരതമ്യേന സുരക്ഷിതമാണെന്നതിനാൽ അവിടെ താമസിക്കുന്ന ഇന്ത്യക്കാരോട് തൽകാലം തുടരണമെന്നാണ് നിർദേശം. വെള്ളം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം എന്നിവ ലഭ്യമല്ലാത്തവരെ ആദ്യം രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
യുദ്ധ ഭീതിയിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക്; യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി
മുംബൈ:യുക്രെയിനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയില്‍ എത്തി.219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനത്തിന് അകത്ത് എത്തിയാണ് അദ്ദേഹം ഇവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് വിരയുന്ന ചിരിയിൽ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടെ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക.ഇതില്‍ 17 മലയാളികളാണുള്ളത്. സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുക്രെയ്‌നില്‍ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്. അവസാന പൗരനെയും സുരക്ഷിതമായി ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. യുക്രെയിനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്.ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍; ആദ്യഘട്ടത്തില്‍ എത്തിക്കുക 1000 വിദ്യാര്‍ത്ഥികളെ; ചെലവ് കേന്ദ്രം വഹിക്കും
ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.16,000 ത്തോളം ആളുകളെ തിരികെ എത്തിക്കാനുള്ള പരിശ്രങ്ങളാണ് നടക്കുന്നത്. ഇവരുടെ യാത്രാചിലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ -വഹിക്കും. ആളുകളെ എത്തിക്കുന്നതിനായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൊമാനിയയില്‍ നിന്നും ഇന്ന് രാത്രി ഈ വിമാനങ്ങള്‍ പുറപ്പെടും. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് അതിര്‍ത്തിയിലൂടെയാകും ഒഴിപ്പിക്കുക. ആദ്യ വിമാനത്തില്‍ കയറാനുള്ളവര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമീപപ്രദേശത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയുമാകും ഒഴിപ്പിക്കുക. യുക്രെയ്ന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്. ന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. കീവിലുള്ള ഇന്ത്യന്‍ എംബസിയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചെത്താനുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം പകല്‍ 22 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 468 വിദ്യാര്‍ത്ഥികളും രാത്രി 20 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 318 വിദ്യാര്‍ത്ഥികളും നോര്‍ക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.സ്ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.മലയാളികള്‍ അടക്കമുള്ളവരെ പുറത്തെത്തിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ യുക്രൈനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ യുക്രെയ്‌നിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം. മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;7837 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർകോട് 48 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,980 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3415 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 119 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7837 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 978, കൊല്ലം 425, പത്തനംതിട്ട 413, ആലപ്പുഴ 503, കോട്ടയം 820, ഇടുക്കി 574, എറണാകുളം 1253, തൃശൂർ 672, പാലക്കാട് 325, മലപ്പുറം 415, കോഴിക്കോട് 721, വയനാട് 321, കണ്ണൂർ 282, കാസർകോട് 135 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 37,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കണ്ണൂരിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു
കല്യാശേരി:ദേശീയപാതയില്‍ ധര്‍മശാലയ്ക്കു സമീപം ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു.എസ്ബിഐ എരിപുരം ശാഖയിലെ ജീവനക്കാരി മാങ്ങാട്ടെ ആരംഭന്‍ സതി (55)യാണ് മരിച്ചത്. സതിയുടെ ബന്ധു കടബേരിയിലെ രാഘവൻ എന്നയാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ഒന്പതുമണിയോടെയാണ് അപകടം നടന്നത്. മാങ്ങാട്ടെ വീട്ടില്‍നിന്ന് ബന്ധുവിനൊപ്പം സ്കൂട്ടറില്‍ പഴയങ്ങാടിയിലേക്ക് പോകുമ്പോൾ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സതി മരിച്ചു. കൃഷ്ണന്റെയും ദേവിയുടെയും മകളാണ്. ഭര്‍ത്താവ്: ഇ സത്യന്‍ (റിട്ട. ജില്ലാ ബാങ്ക്). മക്കള്‍: അമല്‍, അതുല്‍ (വിദ്യാര്‍ഥി, കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ടുപറമ്പ്.
പയ്യന്നൂരിൽ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു; ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം
കണ്ണൂർ: പയ്യന്നൂരിൽ ബസ് ജീവനക്കാരും വിദ്യർത്ഥികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു.കണ്ണൂർ എടാട്ട് വെച്ചാണ് വിദ്യാർത്ഥികൾ ഡ്രൈവർ മിഥുനിനെ മർദിച്ചത്. വിദ്യാർഥികളെ ബസ്സിൽ കയറുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദ്ദനത്തിനു കാരണമായത്.സംഭവത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കി. അക്രമം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കാതെ പണിമുടക്ക് പിൻവലിക്കില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.
കീവിൽ റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നു;40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
കീവ്: റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നതായി റിപ്പോർട്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായിരുന്ന സൈനിക വിമാനമാണ് റഷ്യ തകർത്തതെന്നാണ് റിപ്പോർട്ട്. ആകെ 40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആകെ ഏഴ് റഷ്യൻ വിമാനങ്ങൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. ലുഹാൻസ് മേഖലയിലാണ് ഒടുവിൽ റഷ്യൻ വിമാനം തകർന്നത്.പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രെയ്‌നിലെ രണ്ട് ഗ്രാമങ്ങൾ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. അധിനിവേശത്തിന് മുന്നോടിയായി തന്നെ യുക്രെയ്ൻ പട്ടാളക്കാരോട് ആയുധം നിലത്തുവെക്കാനും വീട്ടിൽ പോയിരിക്കാനും വ്‌ളാഡിമർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നെതിരായ സൈനിക നടപടി അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നാണ് പുടിന്റെ നിലപാട്.
റഷ്യ-ഉക്രെയ്ൻ യുദ്ധം;രക്ഷാ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ;വ്യോമസേനയോട് തയ്യാറാവാന്‍ നിര്‍ദേശം; ഇന്ത്യന്‍ പൗരന്മാര്‍ പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങണം
ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ, വ്യോമസേനയ്‌ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യ.യുദ്ധമുഖത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചു.യുക്രെയ്ന്‍ സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി . ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സുമായും ജയശങ്കര്‍ സ്ഥിഗതികള്‍ വിലയിരുത്തി.അതെ സമയം ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും, പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങാനും യുക്രെയ്നിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദേശം നല്‍കി. ആക്രണമുന്നറിയിപ്പ് കേള്‍ക്കാവുന്ന സ്ഥലങ്ങളിലാണെങ്കില്‍ ഉടന്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.വ്യോമസേനയുടെ സഹായത്തോടു കൂടി രക്ഷാപ്രവര്‍ത്തനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ച് രാജ്യത്തേക്ക് മടക്കി കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. വ്യോമസേനയ്‌ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിനു ശേഷം ഉണ്ടാവും.
കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; കണ്ണൂര്‍ സ്വദേശിനി അറസ്റ്റില്‍
കോഴിക്കോട്: കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി അറസ്റ്റില്‍.ഇന്ന് രാവിലെയാണ് സംഭവം.ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമാണ് തട്ടിപ്പിന് ഇരയായത്. രണ്ട് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് തട്ടിയെടുത്തത്. ജോലിക്കായി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി തരാമെന്ന് പറഞ്ഞ് അമ്മയെയും മകനെയും കളക്ടറേറ്റില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്.എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം എ.ഡി.എമ്മിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് വന്നത്. നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.