News Desk

ദുബൈയില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങിയ രണ്ടു പ്രവാസികളെ കൊവിഡ് കെയര്‍ ഹോമിലേക്ക് മാറ്റി

keralanews two expatriate reached kannur airport from dubai shifted to covid care home

കണ്ണൂർ:വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രവാസികളില്‍ രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ കോവിഡ് കെയർ ഹോമിലേക്ക് മാറ്റി.അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് കെയര്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ആശുപത്രിയിലേക്ക് വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് ഇവരെ കൊണ്ടുപോയത്. ഇവരില്‍ ഒരാള്‍ വടകര സ്വദേശിയും മറ്റൊരാള്‍ കണ്ണൂര്‍ കടമ്പൂർ സ്വദേശിയുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബൈയിലെ പ്രവാസികളുമായി ചൊവ്വാഴ്ച രാത്രി 7.20 മണിക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരിലെത്തിയത്. കുട്ടികളും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.കാസര്‍കോട്- 48, കോഴിക്കോട്- 12, മലപ്പുറം – 8, തൃശൂര്‍ – 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍.മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 78 പേരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് ക്വാറന്റൈനില്‍ വിട്ടു.ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.സാമൂഹിക അകലം പാലിച്ച്‌ 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വെച്ച്‌  നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിച്ചത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

keralanews Postponed sslc plus two exams will start from may 26th

തിരുവനന്തപുരം:കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും.പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിനാണ് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കിയിരിക്കുന്നത്.പ്ലസ്ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്.എസ്‌എസ്‌എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്‌എസ്‌സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മേയ് 26 മുതല്‍ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി പരീക്ഷകള്‍ നടക്കും.സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം.പരീക്ഷാകേന്ദ്രത്തില്‍ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും എഴുതാന്‍ അവസരമൊരുക്കും.എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്‍റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.എസ്.എസ്‍.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കോവിഡ് രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകളും ഈ മാസം 26 മുതല്‍ തുടങ്ങും. സപ്ലിമെന്‍ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം.മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ ഹോം വാല്യുവേഷൻ രീതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

keralanews decision to increase bus charge in the state (3)

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം സാമൂഹ്യ അകലം പാലിച്ച്‌ സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം.ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ലോക് ഡൗണില്‍ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടന്‍ ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച്‌ ഉത്തരവിറക്കും.കര്‍ശന നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കണം ബസ് സര്‍വീസ്.യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുകയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിനായി കണ്ണൂരില്‍ വാഹന സര്‍വീസ് തുടങ്ങി

keralanews vehicle service started in kannur to bring government employees to office

കണ്ണൂർ:സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിനായി കണ്ണൂരില്‍ വാഹന സര്‍വീസ് തുടങ്ങി.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫിസുകളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്കാണ് വാഹനസർവീസ്.വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തിയത്.ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിക്ക് എത്തിച്ചേരാനാകാതിരുന്ന നിരവധി പേര്‍ക്ക് ഇത് ആശ്വാസമായി.ആദ്യദിവസം 106 പേരാണ് ബസ് സൗകര്യം പ്രയോജനപ്പെടുത്തിയത്. പയ്യന്നൂര്‍- 31, കരിവെള്ളൂര്‍- 32, ഇരിട്ടി- 9, പാനൂര്‍- 8, ശ്രീകണ്ഠപുരം- 13, കൂത്തുപറമ്ബ്- 13 എന്നിങ്ങനെയാണ് ആദ്യദിനം ബസുകളില്‍ യാത്രചെയ്തവരുടെ എണ്ണം.രാവിലെ 8.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട ബസ് വൈകുന്നേരം അഞ്ചിന് ജീവനക്കാരുമായി തിരികെ യാത്രതിരിച്ചു. കൂടിയ ചാര്‍ജായി 50 രൂപയും കുറഞ്ഞത് 25 രൂപയുമാണ് ഈടാക്കിയത്. ഒരേസമയം ബസില്‍ 30 പേര്‍ക്കു മാത്രമാണ് യാത്രചെയ്യാന്‍ അനുമതി.ബന്ധപ്പെട്ട വകുപ്പുകളുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള സര്‍ക്കാര്‍ ജീവനക്കാരെ മാത്രമാണ് വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു ജീവനക്കാരെത്തിയത്. ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു.

രാജ്യത്ത് ലോക്ക് ഡൌൺ തുടരും;20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

keralanews lockdown will continue in the country prime minister-announces financial package of rs 20 lakh crore

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടില്‍വ്യവസായം, ചെറുകിടം–- ഇടത്തരം സംരംഭങ്ങള്‍, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പാക്കേജാണ്‌ പ്രഖ്യാപിക്കുക. സ്വയംപര്യാപ്ത ഇന്ത്യക്ക് ഊര്‍ജമേകും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നൽ നൽകുക.രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ധീരമായ പരിഷ്കാരം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭാവിയില്‍ കോവിഡിന് സമാനമായ പ്രതിസന്ധികളെ മറികടക്കാനാകൂ. കാര്‍ഷികമേഖലയ്ക്കായി വിതരണശൃംഖലാ പരിഷ്കാരം, നികുതി സംവിധാനം, ലളിതവും വ്യക്തവുമായ നിയമങ്ങള്‍, ശേഷിയുള്ള മനുഷ്യവിഭവം, ശക്തമായ ധനസംവിധാനം എന്നിവയ്ക്കായി പരിഷ്കാരങ്ങൾ ഉണ്ടാകും. ഇത് ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വയംപര്യാപ്തത ആഗോളവിതരണ ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ഈ മത്സരത്തില്‍ ജയിക്കേണ്ടതുണ്ട്. ഇത് മനസ്സില്‍ കണ്ടാണ് പാക്കേജ് ഒരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്ന് സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടിയുടെയും പാക്കേജ് ഉള്‍പ്പെടെയാണ് പുതിയ പ്രഖ്യാപനം.

സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews five covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.അതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേർ, നിസാമുദ്ദീനില്‍ നിന്നും വന്ന രണ്ട് പേര്‍, വിദേശത്ത് നിന്ന് വന്ന 11 പേര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം മൂലമാണ്. ഇതില്‍ ആറ് പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ലോറി ഡ്രൈവറുമായും സഹ ഡ്രൈവറുമായും സമ്പർക്കമുള്ളവരാണിവര്‍.ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ബന്ധുക്കളാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കുമാണ് രോഗം പടര്‍ന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

keralanews prime minister will address the country tonight at 8 p m

ന്യൂഡൽഹി:നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.മുന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.കൂടാതെ ലോക നഴ്‌സസ് ദിനം കൂടിയായ ഇന്ന് കൊറോണ മഹാമാരിക്കെതിരെ മുന്നിരയിൽ നിന്നും പോരാടുന്ന ഭൂമിയിലെ മാലാഖമാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂര്‍ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോണ്‍ഫറന്‍സിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രാ പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് തീരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളില്‍ മെയ് 17ന് ശേഷം ഇളവുകള്‍ വരുത്തുമെന്നാണ് സൂചന.യോഗത്തില്‍ ലോക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ പോലും ഹോട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ലോക്ഡൗണ്‍ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.മെയ് 15ന് മുന്‍പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

വിദേശത്തുനിന്ന് ഇന്നലെയെത്തിയ ആറ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി

keralanews six expatriates returning home from abroad have covid symptoms and taken to the hospital

കോഴിക്കോട്: വിദേശത്ത് നിന്ന് ഇന്നലെ സംസ്ഥാനത്തെത്തിയ ആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്‌റിനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.ബഹ്‌റിനില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.തുടർന്ന് നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേര്‍ക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ബഹ്‌റിനില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 12.40 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ എക്‌സ് – 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.എട്ട് പേരെയാണ് ആകെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ലക്ഷണമുള്ള നാല് പേരെയും ഇവര്‍ക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു; പ്രതിഷേധവുമായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍

keralanews forced to take leave without salary nurses in koyili hospital in protest

കണ്ണൂർ: ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിൽ. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിനിറങ്ങിയിരിക്കുന്നത്.പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി ഇവർ പറയുന്നു.കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു.കോറോണ കാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പിപിറ്റി കിറ്റോ ഒന്നും നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‍മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‍മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൌണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൌകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.

വന്ദേ ഭാരത് മിഷന്‍;പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും

keralanews vande bharath mission first flight with exptariates reach kannur today

കണ്ണൂർ:വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും.രാത്രി 7.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയില്‍ നിന്നും കണ്ണൂരിലെത്തുക.180 പേരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുളളത്.ആകെ യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോഡ് 47, കോഴിക്കോട് 12, മലപ്പുറം 7, മാഹി 3, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റ് യാത്രക്കാരുടെ എണ്ണം.20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തും.എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.വിമാനത്താവളത്തിന് പുറത്ത് ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരുക്കിയിട്ടുണ്ടാകും. ഒരു ബസില്‍ 20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കണ്ണൂര്‍ ജില്ലക്കാരെ വിവിധ ക്വാറന്‍റെന്‍ കേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലക്കാരെ അതാത് ജില്ലാ അതിര്‍ത്തി വരെയുമാണ് ബസില്‍ എത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്‍റെന്‍ ചെയ്യുന്നതിനായി കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ 500ഓളം ഹോട്ടല്‍ മുറികളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നതിനുളള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം രാവിലെ 10.30ഓടെ കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് തിരിക്കും.