മിനിമം ചാര്‍ജ് 20 രൂപയാക്കണം; സര്‍ക്കാറിന് മുന്നില്‍ നിബന്ധനകളുമായി ബസുടമകള്‍
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുൻപിൽ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.മോട്ടോര്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. കെഎസ്‌ആര്‍ടിസിക്ക് ഇപ്പോള്‍ സ്പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക് ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കോഴക്കേസ്;കെഎം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി
ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് പണം തിരിച്ച് നല്‍കാനും റെയില്‍വെ തീരുമാനിച്ചു.അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. കേരളത്തില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ച് നല്‍കി.അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരും. അല്ലാതെ ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല. സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്.അതേസമയം ശ്രമിക് ട്രെയിനില്‍ പോകാനെത്തിയവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നല്‍കും. ശ്രമിക് ട്രെയിനുകള്‍ക്ക് സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ സ്റ്റോപ്പ് ഉണ്ടാവൂ.
ആശുപത്രിയില്‍ പ്രവേശിച്ച് 40 ദിവസം പിന്നിട്ടു; കോവിഡ് ഭേദമാകാതെ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി
കണ്ണൂർ:കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ച് 40 ദിവസം കഴിഞ്ഞിട്ടും തുടര്‍ച്ചയായ പരിശോധനകളില്‍ രോഗം ഭേദമാവാത്തതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി െഎ.സി.യുവില്‍ തുടരുകയാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ 82 കാരൻ.ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള ഇദ്ദേഹം ഓക്സിജൻ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിനാണ് ഇദ്ദേഹത്തെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്.മാര്‍ച്ച് 15ന് വിദേശത്ത് നിന്നെത്തിയ മകളില്‍നിന്നും പേരക്കുട്ടികളില്‍നിന്നുമാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു.ഈ കുടുംബത്തിലെ 10 പേര്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഒൻപത് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എടുക്കുന്ന സാമ്പിളുകൾ പരിശോധനയില്‍ നെഗറ്റിവായാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ച് ഇത്രയധികം ദിവസം ഒരാള്‍ ചികിത്സയില്‍ തുടരുന്നത് ആദ്യമാണ്. ജില്ലയിലെ ഭൂരിഭാഗം രോഗികളും 15 ദിവസത്തിനകം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത നാലാഴ്ചയോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്.
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കൊവിഡ്;അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്
വാളയാർ:വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.എം.പിമാരായ രമ്യഹരിദാസ്, വി.കെ. ശ്രീകണ്ഠന്‍, ടി.എന്‍. പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പിൽ,അനില്‍ അക്കര എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.അന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തിവരികയായിരുന്നു ഇയാൾ.കോൺഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ ചെയര്‍മാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്തീന്‍ പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്തീനോടൊപ്പം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വഭാവികമായും തങ്ങള്‍ക്കുള്ള നിയമം അവര്‍ക്കും ബാധകമല്ലേയെന്നും അനില്‍ അക്കര ചോദിച്ചു.
മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
വയനാട്:മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.വയനാട് ജില്ലാ പോലീസ് മേധാവിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്.പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.കൊവിഡ് മുക്തമായിരുന്ന വയനാട്ടിൽ കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം.ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ്:കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു.പയ്യന്നൂര്‍ കവ്വായി സ്വദേശിയും കുവൈത്ത് കെ.എം.സി.സി. അംഗവും സജീവ പ്രവര്‍ത്തകനുമായ അബ്ദുള്‍ ഗഫൂര്‍ അക്കാലത്ത് (32) ആണ് മരിച്ചത്.ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കൊറോണ വൈറസ് ബാധിച്ച് 4 ദിവസമായി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.പിതാവ് :എം. അബ്ദുറഹീം , മാതാവ് : ഫാത്തിമ.എ ,ഭാര്യ: ഉമ്മു ഐമന്‍ ടി.പി,മക്കള്‍: ഹാനി , ഗഫൂര്‍.ടി.പി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മയ്യത്ത് കുവൈത്തില്‍ തന്നെ ഖബറടക്കും. അതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.ഇന്നലെ വൈകുന്നേരം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ സാഹിബുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സുഹൃത്തായ നിഷാന്‍ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം;വർദ്ധിക്കുക പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം.മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങും.